October 12, 2009

ജീന്‍സിട്ട സുന്ദരി

"പണ്ട്‌ സ്കൂളില്‍ പഠിച്ചപ്പോള്‍ പോയതാ,ഇടമലയാറിന്‌,കൊച്ചെറുപ്പത്തില്‌,ഒക്കെ മറന്നു.പോകാം?"ചങ്ങാതി പറഞ്ഞു.ആളാണെങ്കില്‍ പുതുതായി വാങ്ങിയ ബൈക്ക്‌ ഓടിച്ച്‌ ചാലായി വരുന്നതേയുള്ളു.കാടാകുമ്പോള്‍ ട്രാഫിക്കിന്റെ പ്രശ്നമില്ലല്ലോഅവന്‌ ഓര്‍മയേയില്ലെങ്കില്‍ എനിക്കാണെങ്കില്‍ ഓര്‍മകളുടെ മലവെള്ളമാണ്‌.വിക്റ്റര്‍ലീനസിന്‌ ലീനയെന്നപോലെ എനിക്കുണ്ടായിരുന്നവളോടൊത്ത്‌ എത്രയോ വട്ടം വന്നു പോയിരിക്കുന്നു!!!വാടകയ്ക്കെടുത്ത കാമിനിമാരുമായി എത്രയോ ലീലാകരന്മാരെ കാടുകയറ്റിയിരിക്കുന്നു ഞാനെന്ന സാരഥി(അതൊരു ഗംഭീരന്‍ ഓട്ടോക്കാലം!)യാത്രയുടെ ആദ്യസ്വീകരണ സ്ഥലം ഭൂതത്താന്‍ കെട്ട്‌ തന്നെയായിരുന്നു-TS No:47ശ്രദ്ധാലുക്കളായ പരിചാരകര്‍ പാലക്കാടിന്റെ കാറ്റേല്‍ക്കാത്ത നല്ലിളം കള്ളും ഉപദംശങ്ങളും പകര്‍ന്നു,കുക്കുടവും വരാഹവും.വണ്ടി ചെറു ഗീയറുകളില്‍ മുന്നോട്ട്‌തുണ്ടം റേഞ്ച്‌ ആപ്പീസിന്റെ മുന്‍പിലെത്തിയപ്പോല്‍ ഇടത്‌വശത്തെ മൈതാനം ചൂണ്ടി പ്രവാസിയായിരുന്ന സുഹൃത്തിനോട്‌ പറഞ്ഞു,ഇവിടാണ്‌ കഴിഞ്ഞ വര്‍ഷം തടിയട്ടിയ്ക്ക്‌ നമ്പറിടാന്‍ വന്നവന്‍ കടുവയെ കണ്ട്‌ തൂറിയത്‌നടുക്കം വണ്ടിയുടെ ജോയിന്റടിപ്പിച്ചു!!പിന്നീട്‌ ഓരോ വളവും വളരെ പതുക്കെയാണ്‌ കടന്നത്‌.എത്തിനോക്കുന്നുമുണ്ടായിരുന്നു,വളവിന്നപ്പുറത്തെ റോഡിലേയ്ക്ക്‌"ഏയ്‌,മഴക്കാലത്ത്‌ ഇവറ്റകളൊന്നും പുറത്തേയ്ക്ക്‌ വരില്ല,കാടിന്നകത്ത്‌ തന്നെ വെള്ളവും ഭക്ഷണവും കിട്ടുമല്ലോ"ഞാന്‍ കാടിന്റെ ഉള്ളറിഞ്ഞ ജ്ഞാനിയായിതണുപ്പ്‌കാടിന്റെ മണം ആവോളം വലിച്ചുകയറ്റി യാത്ര തുടര്‍ന്നുവഴിയില്‍ കണ്ട ആനപ്പിണ്ടത്തിനൊക്കെ നല്ല പഴക്കംവേനല്‍ക്കാലത്താണെങ്കില്‍ ഇങ്ങിനെയല്ല,പാത്രത്തില്‍ പുട്ട്‌ ഊര്‍ത്തിയിട്ടപോലെ ആവിപൊങ്ങുംവഴിയില്‍ അവിടവിടെ കുഞ്ഞു പ്രാണികള്‍ പരക്കും(പൃക്ക എന്ന്‌ നാട്ടുഭാഷ)ആനച്ചൂര്‌ മൂക്കില്‍ വന്നലയ്ക്കും.ഈറ്റകള്‍ ഒടിയുന്ന, ചെവിപ്പാള തല്ലുന്ന ശബ്ദങ്ങള്‍ കേള്‍ക്കുംഇത്‌ സുരക്ഷിതകാലംഭയാശങ്കകളില്ലാതെ സഞ്ചരിയ്ക്കാം.ആകെ പേടിയ്ക്കേണ്ടത്‌ അട്ടയെ മാത്രംഅതിനാണെങ്കില്‍ കാട്ടിനകത്തേയ്ക്ക്‌ കയറുന്നുമില്ലല്ലോബൈക്കില്‍ ഡാം വരെ പോകുന്നു,തിരിച്ചു വരുന്നു അത്രയല്ലേയുള്ളൂചെക്ക്‌ പോസ്റ്റില്‍ നമ്പറും പേരും രേഖപ്പെടുത്തി.കുറച്ചിട കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്‌'എണ്ണക്കല്ല്' എന്ന, ഡാം സ്ഥിതിചെയ്യുന്ന സ്ഥലം വരെ.മലയണ്ണാന്‍,കാട്ടുകോഴി എന്നീ നിരുപദ്രവ ജീവികള്‍ ഇഷ്ടം പോലെ..ഉടുമ്പുകളും.ഡാമിനടുത്തെത്തി.കാട്ടിലൂടെ മറുകരയെത്തിയാല്‍ പിന്നീടൊരു ആറ്‌ മണിക്കൂര്‍ നടന്നാലെത്താവുന്ന തേരക്കുടി എന്ന ആദിവാസി ഊരിനെപ്പറ്റി സംസാരിച്ചു.ഡാമില്‍നിന്ന് power house-ലേയ്ക്ക്‌ വെള്ളം കടന്നുപോകുന്ന കൂറ്റന്‍ കുഴലുകള്‍ കാണിച്ചു.കഴിഞ്ഞ വര്‍ഷം ഇവിടം കാണാന്‍ കൂടെവന്ന കാതറീന്‍ ആറ്റ്‌വുഡ്‌ എന്ന മദാമ്മക്കുട്ടിയേയും അവളെ ആര്‍ത്തിയോടെ കണ്ട നാട്ടുകാരേപ്പറ്റിയും പറഞ്ഞു.വിദേശികളെ നോക്കി വിഴുങ്ങുന്ന നമ്മുടെ സാമൂഹ്യ അപചയത്തേപ്പറ്റി പ്രമേയം പാസ്സാക്കി.ഇവ്വിധം രണ്ട്‌ മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്റെ നാവ്‌ പൊറാഞ്ഞതു കൊണ്ടാവാം അവന്‍ പറഞ്ഞു"മടങ്ങാം?ഇയാള്‍ ഓടിയ്ക്‌.ഇറക്കമൊക്കെ off ചെയ്തു പോണേല്‍ ഇയാളാണെങ്കിലേ പറ്റൂ ഇന്ധു ലാഭിയ്ക്കാലോ"കുതിച്ചിറങ്ങുകയാണ്‌ പാഷന്‍നോക്കൂ അമ്പത്‌ കിലോമീറ്റര്‍ വേഗതയില്‍ അഞ്ച്‌പൈസ മുടക്കില്ല്ലാതെരണ്ട്‌ കൊടും വളവുകള്‍ പിന്നിട്ടു. കുറച്ച്‌ brake ഒക്കെ പിടിയ്ക്കാതിരുന്നില്ല.ഇനീപ്പോ എന്തേലും വന്ന് വട്ടം ചാടിയാലോ?മൂന്നാമത്തെ വളവ്‌ കഴിഞ്ഞ്‌ ഇടത്തേയ്ക്ക്‌ തിരിയുകയാണ്‌.പെട്ടെന്ന്,വണ്ടി എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങിരക്തം തണുത്തുറഞ്ഞുപോയികേവലം ഒരു പത്തുമീറ്ററപ്പുറത്ത്‌,റോഡിന്റെ മുക്കാല്‍ ഭാഗത്തോളം cover ചെയ്യുന്ന ഒരു body lengthക്രൂരത തെല്ലുമില്ലാതെ,ശാന്തയാ(നാ)യി ഒന്നു നോക്കി റോഡ്‌ കടക്കാന്‍ ഒരുങ്ങുകയാണ്‌ഒരു പുള്ളിപ്പുലി!!!ചങ്ങാതി എന്റെ പുറത്ത്‌ കവിളമര്‍ത്തി മുറുകെപിടിച്ചിരിയ്ക്കുന്നുഎനിക്ക്‌ ശ്വാസം മുട്ടിയില്ല,അതെപ്പോഴോ നിലച്ചുപോയിരുന്നല്ലോ!കൈകള്‍ റോഡിന്നപ്പുറത്തെ തിട്ടിന്മേല്‍ കുത്തി ഒന്നു തിരിഞ്ഞുനോക്കി.പിന്നെ കണ്ണുകള്‍ മുറുക്കെയടച്ച്‌ നാവ്‌ നീട്ടി വായുവിനെ ഒരു നുള്ള്‌ നക്കിത്തിന്നു.പതിയെ ഉയര്‍ന്ന് തിട്ടിന്മേല്‍ക്കയറി ചരിഞ്ഞുകിടന്ന ഒരു മരത്തിലൂടെ അപ്പുറത്തേയ്ക്ക്‌,അതിലൂടെ അതിനപ്പുറത്തേയ്ക്ക്‌ അങ്ങനെ കടന്ന്‌മറഞ്ഞു.തൊണ്ടയടഞ്ഞു പോയിരുന്നുമരണഭീതി ഒരുവന്റെ സര്‍വ്വ വിസര്‍ജ്യങ്ങളേയും പുറംതള്ളുമെന്നാണ്‌,എല്ലാമുണ്ടായില്ല, പ്രവഹിച്ച രണ്ടോ മൂന്നോ തുള്ളികളെ അടിവസ്ത്രം ഒപ്പിയെടുത്തു.വണ്ടി സ്റ്റാര്‍ട്ടാക്കാനേ പറ്റുന്നില്ല.കാലൊക്കെ മരവിച്ചുപോയിരുന്നു.അവിടെ നില്‍ക്കാനും കഴിയുന്നില്ല,പോകാനും.അരമണിക്കൂറോളം വെറുതെ നില്‍ക്കേണ്ടി വന്നു,മര്യാദയ്ക്ക്‌ ഒന്നു ശ്വാസം വിടാന്‍.പിന്നീടേ യാത്ര തുടര്‍ന്നുള്ളൂമടങ്ങിയപ്പോഴും,രാത്രി കിടന്നപ്പോഴും ദാ,ഇപ്പോഴും,ആ നടത്ത ഉള്ളില്‍ കുളിരാകുന്നു-കാമുകനോട്‌ പിണങ്ങി,തലവെട്ടിച്ച്‌,ജീന്‍സിട്ട ഒരു സുന്ദരി പിന്തിരിഞ്ഞു നടന്നപോലെഅതേ താളം ചന്തംകുറുമ്പ്‌!!

September 26, 2009

ദ്വന്ദ്വയുദ്ധം

duel ദ്വന്ദ്വയുദ്ധമാകുമ്പോള്‍,അവസാനത്തെ ലെറ്ററില്‍ ഒരു കുഞ്ഞ്‌ തോണ്ടുകൊടുത്ത്‌ അതിനെ യുഗ്മഗാന-duet-മാക്കുന്ന ഭാഷയുടെ വരമ്പിനേക്കുറിച്ച്‌ ചങ്ങാതിയും യജമാനനുമായവന്‍ പറഞ്ഞിട്ട്‌ വര്‍ഷം നാലായി.ഇതാ ഇന്നലെ രാത്രിയില്‍ ബോബി ജോസ്‌ കട്ടിക്കാടന്റെ പുസ്തകത്തില്‍ നിന്നുമൊരു വാഗ്ചാതുര്യം കൂടി കണ്ടെടുക്കപ്പെട്ടു-രണ്ട്‌ പദങ്ങളുണ്ട്‌,ഒന്ന് പേഴ്സോണ രണ്ട്‌ പേഴ്സണാലിറ്റി.ആദ്യത്തേത്‌ ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത പൊതുവായ ചില സ്വഭാവരീതികള്‍.ഉദാഹരണത്തിന്‌ ബസില്‍ ടിക്കറ്റ്‌ കൊടുക്കുന്ന കണ്ടക്റ്റര്‍ .ഒരു സീറ്റില്‍ എന്തോ പൊതിയിരിക്കുന്നത്‌ കണ്ട്‌ "എന്താണിത്‌? ആരുടേതാണീ പൊതിക്കെട്ട്‌?"അടുത്തിരിക്കുന്ന ആള്‍ ശാന്തമായ്‌ പറഞ്ഞു"എന്റേതാണ്‌.....ബോംബാണ്‌"പൊട്ടിത്തെറിച്ചത്‌ കണ്ടക്റ്ററായിരുന്നു-"ഇതൊക്കെ സീറ്റിന്റെ മുകളിലാണോ കൊണ്ടുവയ്ക്കുന്നത്‌? എടുത്ത്‌ അടിയിലെങ്ങാനും വയ്യ്‌"!!!!!!!!!!ഇത്‌ തന്നെയാണ്‌ ആദ്യത്തേവന്‍.പേഴ്സണാലിറ്റിയാകട്ടെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും നിങ്ങളുടെ ഹൃദയസാനിധ്യമുണ്ടാവുകയെന്നതാണ്‌

September 18, 2009

പാത്തു

രണ്ടു നിരകൾ പുരുഷകേസരികൾക്കും ഏറ്റവും അറ്റത്തുള്ള നിര

അംഗനമണികൾക്കും.അങ്ങനെയായിരുന്നു,പൊലീസ്‌ സ്റ്റേഷനു

സമിപമുണ്ടായിരുന്ന പഴയ പാരലൽ കോളേജിന്റെ ഒന്നാം വ

ർഷപ്രീഡിഗ്രിഫോർത്ത്‌ ഗ്രൂപ്പിന്റെ ഭുമിശാസ്ത്രം.ഇംഗ്ലീഷ്‌ ച്ചിട്ടപ്പടി

വഴങ്ങാത്ത തോട്ടിതന്നെ.പക്ഷെ MA collegeൽ രണ്ടു വർഷം

കഴിച്ചുകൂട്ടിയവൻ ആയതുകൊണ്ടെനിക്കതത്ര

മുട്ടായിരുന്നില്ല.അത്യാവശ്യം സാമാന്യവെവരം ഉള്ളതിനാൽ

പ്രിയംകരനായ student ആയിരുന്നു താനും.ഇതിനോക്കെയിടയിലാണ്‌

മെലിഞ്ഞ ഉണ്ടക്കണ്ണുള്ള ഫാത്തിമയിൽ ഞാൻ ഉടക്കിപ്പോയത്‌.ഞാൻ

വലത്തേക്ക്‌ ചെരിഞ്ഞ്‌ അവളെ നോക്കും,കുറേ നേരമാകുമ്പോൾ അവൾ

ഇങ്ങോട്ട്‌ നോക്കും അപ്പോൾ ഞാൻ തിരിയും.മാസങ്ങളോളം ഈ

പരിപാടി തുടർന്നപ്പോൾ ക്ലാസ്സ്‌ ഒന്നടങ്കം പറഞ്ഞുതുടങ്ങി,they are in

love എന്ന്.അങ്ങനെ ഞങ്ങളൂം അറിഞ്ഞു ഈ വിവരം. ഉച്ച കഴിഞ്ഞ്‌

ഒരു അവർ കഴിയുമ്പോൾ ഷിബിയുമൊത്തൊരു മുങ്ങലുണ്ട്‌.ഒരു സിഗരറ്റ്‌

പിന്നെ ഒരു കാപ്പി.ഈ പുകയെടുക്കലിനെ പാത്തു ചോദ്യം

ചെയ്തു.ഇനി വലിയ്ക്കില്ല എന്നു ആ മൂക്കിനിരുവശങ്ങളിലെ

നീലത്തടാകങ്ങൾക്കു മുൻപിൽ ഞാൻ സത്യം ചെയ്തു.പിന്നെ

രഹസ്യമായി വലിച്ചു.you know CA is equillant to IAS എന്ന്

ഇടയ്ക്കിടെ എന്നെ പ്രചോദിപ്പിക്കാറുള്ള്ല പ്രിൻസിപ്പളിന്റെ

ചെവിയിലും എത്തി ഉച്ചയ്യ്‌ അവൾ എനിക്ക്‌ ഉരുള ഉരുട്ടി തരുന്ന

കാര്യം.പക്ഷെ അദ്ധേഹം പ്രതികരിച്ചതേയില്ല,എന്നിലുള്ള

വിശ്വാസമാകാം.അവളുടെ പിതാവ്‌ ഒരു മുസ്ലിം

പുരോഹിതനായിരുന്നു.അതുകൊണ്ടുതന്നെ നമ്മുടെ വിവാഹം

നടക്കില്ലെന്നവൾ പറഞ്ഞു.അങ്ങിനെയൊക്കെ മൽസരിച്ച്‌

പ്രണയിക്കുന്നതിനിടയിലാണ്‌ എനിയ്ക്ക്‌ കളമശ്ശേരി I.T.I ൽ നിന്നും

അഡ്മിഷൻ കാർഡ്‌ വരുന്നത്‌.ഒറ്റപ്പോക്കായിരുന്നു.കൂടുതൽ

യാത്രാമൊഴികൾ എനിക്കെന്നും വേദനയാണല്ലോ. എന്നെത്തന്നെ

നോവിച്ചുകൊണ്ടുള്ള ഒരു തരം ഹിംസയായിരുന്നു ആ

exile.ഞാനവളേപ്പറ്റി വേപഥുപൂണ്ടു . വർക്ക്ഷോപ്പുകളിൽ കയറാതെ

അലഞ്ഞു,മഴമരച്ചോട്ടിൽ ആകാശം നോക്കി മലർന്നു.അപ്പോൾ

ഹിറ്റായിരുന്ന കാതൽ റോജാവേ മൂളിക്കരഞ്ഞു . അന്നെനിയ്ക്ക്‌ തീ

ർച്ചയായും വേണു നാഗവള്ളിയുടെ മുഖമായിരുന്നു
വർഷങ്ങൾ പലത്ത്‌ കഴിഞ്ഞു
ഒരിക്കൽ അമ്മയുടെ തറവാട്ടിൽ നിന്നും കോതമംഗലത്തേയ്ക്ക്‌ വരും

വഴി ഇടയിലേതോ സ്റ്റോപ്പിൽനിന്നും അവൾ-എനിയ്ക്കാ കണ്ണുകൾ

മറക്കാൻ കഴിയില്ലല്ലോ.
രണ്ടോ മൂന്നോ വയസ്സ്‌ തോന്നിക്കുന്ന ഒരുമിടുക്കൻ വിരൽത്തുമ്പി

ൽ.ഞാനിരിക്കുന്ന സീറ്റിൽ ഒരാൾക്ക്‌ കൂടി ഇരിയ്ക്കാം.അവൾ കുട്ടിയെ

നടുവിലിരുത്തി ഒരു വശത്തേയ്ക്കൊതുങ്ങിയിരുന്നു.ഞാൻ ആ

മുഖത്തേയ്ക്കുറ്റുനോക്കി.അവിടെ വിടരുന്ന ഭാവമാറ്റങ്ങൽ കണ്ടു

രസിച്ചു.ഒടുവിൽ"അള്ളാ പ്രവീണോ ? (ഞാനപ്പോൾ മാമുക്കൊയ

പറഞ്ഞ "മാണ്ടാ" ഓർത്തു ).ചോദ്യത്തൊടൊപ്പം അവൾ കുട്ടിയെ

എടുത്തുമാറ്റി.പണ്ട്‌,എന്റെ നോട്ടത്തെ ഇടയ്ക്കിടെ തെറ്റിക്കാറുള്ള ആ

തുടകൾ എന്റെ കാലിലുരുമ്മി.എനിക്കൊന്നും

തോന്നിയില്ല.ഞാനൊരുപാടിഷ്ടപ്പെട്ട്‌പോയിരുന്നു.വഴി തീരും വരെ

നിർത്താതെ സംശാരിച്ചു..നഗരത്തിൽ ഇറങ്ങി.ഞാൻ ഒരു കപ്പ്‌ കാപ്പി

കുടിയ്ക്കാൻ ക്ഷണിച്ചു. ഇല്ല.ഇനി കാണുമ്പോളാകാം അവൾ പറഞ്ഞു

.പുറം തിരിഞ്ഞു നടക്കവേ തിരിഞ്ഞു

നോക്കാതിരിക്കാനായില്ല.കരുത്തിയപോലെ അവൾ എന്നാൽ

നോക്കിയതേയില്ല

August 27, 2009

എന്റെ വടക്കന്‍ സൗഹൃദങ്ങള്‍ക്ക്‌ ഖേദപൂര്‍വം

പൂരപ്രേമികളായ എന്റെ സുഹൃത്തുക്കളേ
അല്‍ത്തൂസറെ വായിച്ചിട്ടുള്ളവരെ
കെട്ടാനൊരുങ്ങല്ലേ
മൂപ്പര്‌ പറഞ്ഞുപോലും
ലൈംഗികത കുറഞ്ഞ സമൂഹമേ
ആഘോഷങ്ങളില്‍ അഭിരമിക്കുകയത്രേ

August 21, 2009

എന്നിലേ കന്യകാത്വത്തെ........

ഈ ഉസ്സെയിന്‍ ബോള്‍ട്ട്‌ നൂറ്‌ മിറ്റര്‍ ഓടുന്നതിനിടയില്‍ വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ?
അന്ന് ആ ആമ എത്ര കാഴ്ചകള്‍ കണ്ടിട്ടുണ്ടാകും?
ഈ കാഴ്ചകളല്ല ആ finishing point ലാണ്‌ കാര്യം.അങ്ങനെതന്നെയാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌.
അധ്യാപകന്‍ പറയുകയാണ്‌,ഇതാ ഇവിടം മുതല്‍ നിങ്ങള്‍ ഒരു മത്സര ഓട്ടം തുടങ്ങുകയാണ്‌.ആദ്യം മുന്നിലെത്താന്‍ ആര്‍ജ്ജിക്കേണ്ട വേഗതയെക്കുറിച്ച്‌മാത്രം ഓര്‍ത്താല്‍ മതി,കൂടെയുള്ളവരെല്ലാം എതിരാളികള്‍ തന്നെ.( പില്‍ക്കാലത്ത്‌ ചോരയില്‍ ആല്‍ക്കഹോള്‍ നിറഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ ഹോസ്റ്റലിന്റെ അടഞ്ഞ മുറിയില്‍ ബോധം നഷ്ടപ്പെട്ട്‌ കിടന്നപ്പോള്‍ തൂക്കിയെടുത്ത്‌ കൊണ്ടുപോയ ചങ്ങാതിമാരാണ്‌ എതിരാളികള്‍!!!!)ചുറ്റും നോക്കുമ്പോള്‍ വെടിയൊച്ചകേള്‍ക്കാന്‍ നില്‍ക്കുന്ന അത്‌ലറ്റുകളുടെ ഉദ്വേഗം എല്ലാവരിലും.ചുരമാന്തിനില്‍ക്കുന്ന കാളക്കുട്ടന്മാര്‍.
നീണ്ട താടിയുഴിഞ്ഞ്‌ ഒന്നാം നമ്പര്‍ മുറിപങ്കിട്ടവന്‍ മാത്രം നിസ്സംഗനായി....
ചോദ്യമുയര്‍ന്നു " എന്താണ്‌ മിസ്റ്റര്‍ താങ്കള്‍ മാത്രം..?""സര്‍,ഒരു മത്സര ഓട്ടത്തിനെനിക്ക്‌ താല്‍പര്യമില്ല.എനിക്കു പതുക്കെ പോകണം.ചുറ്റുപാടുകള്‍ കണ്ട്‌,മണ്ണിന്റെ മണമറിഞ്ഞ്‌ ചെടിത്തലപ്പ്പുകള്‍ നുള്ളിയങ്ങനെ.........
തലമുറകള്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന,ഈച്ചരവാര്യരേപ്പോലെ നരച്ച പുരികങ്ങള്‍ തെല്ലൊന്നു കുറുകി(പിന്നീട്‌ ഉരുണ്ടാണോ എന്നറിയില്ല ആ ആമ ഒരുപാട്‌ മുയലുകളെ പിന്നിലാക്കിയെന്നത്‌ ചരിത്രം ഒരു വിഡ്ഢിച്ചിരി ചിരിച്ചു എന്ന് കരുതിയാല്‍ മതിയാകും)പറഞ്ഞുവന്നത്‌ മത്സരങ്ങളേക്കുറിച്ചാണ്‌.നിത്യചൈതന്യയതിയുടെ കുറിപ്പില്‍ ഒരിടത്ത്‌:മദമാത്സര്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത്‌ അല്‍പമെങ്കിലും മനുഷ്യത്വം നിറയുന്നത്‌ പാഠ്യവിഷയങ്ങളില്‍ കുറച്ചെങ്കിലും കവിതയുടെ മാനവികത ഉള്ളതുകൊണ്ടാണ്‌ എന്നു വിശ്വസിക്കുന്നവനാണ്‌ ഞാന്‍.കഴിഞ്ഞയാഴ്ച്ച രണ്ട്‌ ദമ്പതിമാര്‍ അവരുടെ മകനേയും കൊണ്ട്‌ ആശ്രമത്തില്‍ വന്നു.സ്വാമീ,ഇവന്‍ നന്നായി കവിത ചൊല്ലും.ആകട്ടെ മകനേ ഒരെണ്ണം ചൊല്ലൂ അപ്പൂപ്പനായ്‌....മനോഹരമായ ആ മുഖം വലിഞ്ഞു മുറുകി,അവന്‍ നീട്ടിപ്പാടാന്‍ തുടങ്ങി"മൃതിവരം തന്ന ജന്മമേ നിന്നൊടീമലിനദേഹം ഇരന്നതേയില്ല ഞാന്‍"ജീവിതത്തേപ്പറ്റി ഏറ്റവും നിറപ്പകിട്ടാര്‍ന്ന് ചിന്തിക്കേണ്ട പ്രായത്തില്‍ അവന്‍ തന്റെ മൃതിയേപ്പറ്റി,മലിനമായ ദേഹത്തേപ്പറ്റി പറയുന്നു.
ഇനി സീപ്പീ പള്ളിപ്പുറത്തിന്റെ ഒരനുഭവം കൂടി.സംസ്ഥാനതല സ്കൂള്‍ യുവജനോല്‍സവവേദി.പദ്യപാരായണ മല്‍സരം നടക്കുന്നു.ഒരു എട്ടാം ക്ലാസുകാരിയുടെ മധുരസ്വരം ഇങ്ങിനെ....
"എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ............"
ഒപ്പം വിരലും ചൂണ്ടുന്നുണ്ട്‌.അതാണെങ്കിലോ നടുവിലിരിക്കുന്ന സീപ്പിയുടെ നേരെ.
എണീറ്റോടാന്‍ വയ്യല്ലോ?
ഇനി,വിവിധ ആനുകാലികങ്ങളില്‍ വരുന്ന നമ്മുടെ കുട്ടികളുടെ കവിതകള്‍ വായിക്കുക
ഇവര്‍ക്കെന്തുപറ്റി?
നമ്മളല്ലാതെ ആരാണ്‌ കുറ്റക്കാര്‍?

August 10, 2009

പതിയാത്ത മുദ്രകള്‍

ഒരിക്കല്‍ ഒരു സന്യാസി തന്റെ കമണ്ഡലു നദിക്കരയില്‍ വച്ച്‌ ധ്യാനത്തിനായ്‌ ഇരുന്നു.നദിയില്‍ ക്രമേണ വെള്ളം ഉയര്‍ന്നു.അത്‌ കമണ്ഡലുവിനെ ഒഴുക്കിക്കൊണ്ടുപോയി.അതേ നദിയില്‍ത്തന്നെ ഒരു വനദേവത നീരാടാന്‍ എത്തി.അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മനോഹരമായ ഒരു പളുങ്ക്‌ പാത്രം വെള്ളത്തില്‍ വീണൊഴുകിപ്പോയി.കമണ്ഡലുവിന്റെ തടസ്സമേതുമില്ലാത്ത യാത്രയെ പളുങ്കുപാത്രം മുടക്കി.തന്റെ യാത്രയില്‍ മനോഹരമായ പളുങ്കുപാത്രം കൂടി കൂട്ടാകുമല്ലോ എന്ന ആഹ്ലാദം കമണ്ഡലു മറച്ചുവച്ചില്ല.പ്രേമോദാരനായി കമണ്ഡലു,പാത്രത്തെ സമീപിച്ചു."അരുത്‌,അങ്ങ്‌ എന്നും ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവനാണ്‌.ഞാനോ,എപ്പോള്‍ വേണമെങ്കിലും തകരാനും.കൂട്ടിമുട്ടാതെയിരുന്നാല്‍ മാത്രമേ നമുക്കൊന്നിച്ച്‌ കുറച്ചിടയെങ്കിലും യാത്രചെയ്യാന്‍ കഴിയൂ"വിവേകപൂര്‍വ്വമുള്ള ഈ മറുപടി കമണ്ഡലുവിനെ ചിന്തിപ്പിച്ചു-'ഒരു ഘട്ടം കഴിഞ്ഞാല്‍ ഒഴുക്ക്‌ ഒരു വഴിക്കോ രണ്ട്‌ വഴിക്കോ ഞങ്ങളെ കൊണ്ടുപോയേക്കാം.എനാല്‍ തകര്‍ച്ചയില്ലാത്ത മൈത്രി നിത്യമായതുകൊണ്ട്‌ എത്ര അകലത്തിരുന്നാലും ഹൃദയങ്ങളില്‍ പ്രകാശിക്കുന്ന സ്നേഹം ഞങ്ങളെ പരസ്പരം തൊടും'സന്യാസിയും വനദേവതയും അവിടെയെത്തി അവരവരുടെ പാത്രങ്ങളുമായി രണ്ടുവഴികളില്‍ തിരിഞ്ഞുപോയി.എന്നാല്‍ കമണ്ഡലുവിന്റെ ഹൃദയത്തില്‍ ഒരു പളുങ്കുപാത്രത്തിന്റേയും പളുങ്കുപാത്രത്തിന്റെ ഹൃദയത്തില്‍ ഒരു കമണ്ഡലുവിന്റേയും മുദ്ര പതിഞ്ഞിരിക്കുന്നത്‌ അവര്‍ അറിഞ്ഞതേയില്ല

July 20, 2009

oddman out

ഇതുപോലൊരു മഴയത്താണ്‌
മഴചൂടി ഞാന്‍ വിദ്യാരംഭം കുറിച്ചത്‌
വിരല്‍ രക്തപതാകയായതും
ഇതുപോലൊരു മഴയത്താണ്‌
പനിച്ചൂടിന്‍ പുതപ്പില്‍അവളെ സ്വപ്നം കണ്ടതും
മുളയ്ക്കാത്ത മീശയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടതും
ഇതുപോലൊരു മഴയത്താണ്‌
പണിക്കാരികള്‍ കുളിയ്ക്കുന്നതോട്ടുവക്കിലിരുന്ന്സ്വയം സാക്ഷ്യപ്പെടുത്തിയതും
ഒനാനെന്നു പ്രഖ്യാപിച്ചതും
(മഴയും നീരൊഴുക്കും അലക്കുകല്ലും എന്നെയിപ്പോഴും പിടിച്ചുനിര്‍ത്താറുണ്ട്‌)
ഇതുപോലൊരു മഴയത്താണ്‌
പഞ്ഞമില്ലാതെ പ്രണയക്കുറിപ്പടികള്‍പലര്‍ക്കുമെഴുതിത്തെളിഞ്ഞതും
മുറപ്പെണ്ണിന്റെ മുറിയില്‍നിന്നുംമാമന്‍ വലിച്ച്‌പുറത്തേക്കെറിഞ്ഞതും
ഒരുപാട്‌ മഴകള്‍പെയ്തുതോര്‍ന്നിട്ടും
അത്രതന്നെ തഥാഗതന്മാര്‍ വീടേറിയിട്ടും
മഴയത്ത്‌ നടക്കുന്നു
ഞാന്‍എല്ലാമഴകളും നേരേ നനയുവാന്
‍ഊത്താലുകളൊന്നുമെനിക്ക്‌ വേണ്ട

June 11, 2009

its raining

2009 ജൂണ്‍5
മഴ
മടി
ഉറക്കം
മഴ-മഴ-ഴ-
*********

മഴ ഒരവിവാഹിതനേപ്പോലെയാണ്‌.അടുക്കും ചിട്ടയുമില്ലാതെ,തോന്നിയ നേരങ്ങളില്‍ തോന്നിയ രാഗങ്ങളില്‍ അതു പെയ്തിറങ്ങിപ്പോയേക്കാം,നഷ്ടപ്പെട്ടതെന്തോ തിരയുമ്പോലെ ചാഞ്ഞും ചെരിഞ്ഞും അത്‌ പെയ്തൊഴിഞ്ഞേക്കാംകേവലം കണ്ണീരായി അത്‌ ഭൂമിയിലേക്കിറങ്ങുന്നു.ഓര്‍മ്മകളുടെ മഴപ്പാടുകള്‍ മായ്ച്ചുകൊണ്ട്‌,പുതിയ മഴച്ചിത്രങ്ങല്‍ നെയ്തുകൊണ്ട്‌,പിന്നേയും പിന്നേയും അത്‌ പെയ്ത്‌തോരുന്നു.ബാല്യത്തിലെ മഴയ്ക്‌ ചൂരല്‍പ്പാടിന്റെ നോവാണ്‌.പതിവിന്‍പടി ക്ലാസ്സില്‍ വൈകിയെത്തുന്നു.മാഷിന്റെ ചൂരലറ്റത്തുനിന്നു വിറയ്കുമ്പോള്‍"എന്താടാ വൈകിയത്‌?"വിതുമ്പിയാണുത്തരം"മഴയില്‍....കുഴിയില്‍..വീണോയി....."ക്ലാസ്സിലെ കൂട്ടപ്പൊരിയില്‍ ഞാനും....പിന്നെ മഴ വില്ലനാകുന്നു.അടുത്തവീട്ടിലെ ശാന്തേടത്തി പറഞ്ഞു തന്ന കഥയില്‍ മഴയ്ക്‌ കീരിക്കാടന്‍ ജോസിന്റെ മുഖം.ആ മണ്ണാംകട്ടയും കരിയിലയും അന്ന് മര്യാദയ്ക്ക്‌....അപ്പോഴാണ്‌ മഴ വന്നത്‌മഴയ്ക്കൊപ്പം ഞാനും വളര്‍ന്നു.അപ്പോഴും ടിയാന്‍ എന്നോട്‌ ഇണങ്ങിയില്ല.വിളിയ്കാത്ത നേരത്ത്‌ കയറിവന്ന് വിമര്‍ശിക്കുന്ന അവധൂതനായ ചങ്ങാതിയായിരുന്നു മഴ.പനിക്കാലങ്ങള്‍ പുതപ്പിനുള്ളില്‍ ചുമച്ചു തീര്‍ന്നു.നിലച്ച ക്ലോക്ക്‌ പോലെ എല്ലാ മഴക്കാലത്തും ഞാന്‍ നിശ്ചലനായിരുന്നു.എനിക്ക്‌ മീശ വന്നു(അവിടെ മഴ തോറ്റു!!)പതിയെ, പുതിയ പുസ്തകത്തിന്റെ മണത്തിനൊപ്പം പുതുമഴയുടെ ഗന്ധവും ഹരമായി.ഈയാമ്പാറ്റകള്‍കൊപ്പം ഞാനും ആ വെള്ളിനൂലുകള്‍ പിടിച്ചുകയറിപ്പോകാന്‍ കൊതിച്ചു.ഒരു മഴയ്കൊപ്പം അവളും കയറിവന്നു,എന്റെ കുടക്കീഴിലേയ്ക്ക്‌.ഒരുമിച്ച്‌ ബസ്സ്റ്റാന്റിലേയ്ക്‌ നടന്നു.കുടമുകളില്‍ മഴ കുട്ടന്‍ മാരാരായി.കഴുത്തിലെ പച്ച ഞരമ്പിലൂടെ മഴ ഇറങ്ങിപ്പോയത്‌ ഞാന്‍ കണ്ടു നിന്നു.എനിക്കൊപ്പം മഴയും കൗമാരം ആഘോഷിച്ചു.ആ കണ്ണിലേയ്ക്ക്‌ എനിക്കൊപ്പം മഴയും ഇറങ്ങിവന്നു.ഒരു പെരുമഴക്കാലം അങ്ങിനെ തീര്‍ന്നുഇന്ന് മഴത്താളം അവതാളത്തിലായിരിക്കുന്നുമഴമാറി മരം പെയ്തുതുടങ്ങിയിരിക്കുന്നു..എനിക്കറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചിരുന്ന കൃഷ്ണന്‍ കുട്ടി മാഷെപ്പോലെയായിരിക്കുന്നു ഇന്ന് മഴ.കുടയെടുക്കാത്തപ്പോള്‍ മാത്രം പേപിടിച്ചെത്തുന്നു.ഇവിടെ എറണാ"കുള"ത്തില്‍ ഞാന്‍ നീന്തിത്തീരുന്നുഒരവിവാഹിതന്റെ സ്ത്രീസ്വപ്നങ്ങളില്‍ മഴയുണ്ട്‌.തിരക്കിനിടയില്‍ കുട നിവര്‍ത്താന്‍ വൈകുന്ന ഒരു നിമിഷത്തിന്റെ പകുതിയില്‍ വലിച്ചുകയറ്റിയ സാരിത്തുമ്പിനടിയിലൂടെ കാണുന്ന കണംകാലില്‍ മുടിയിഴകളില്‍ ഞാനും മഴയും ജീവിതം ആഘോഷിക്കുന്നു.രാത്രിമഴയായി പെയ്തു തോരുന്നുബാറിലെ നേര്‍ത്ത വെളിച്ചവും താളം തെറ്റിയ കഥപറച്ചിലുകളും.ജനാലയ്ക്കരുകില്‍ ചില്ല് ഗ്ലാസ്സിലെ കണ്ണീര്‍പ്പാടിലൂടെ അപഥസഞ്ചാരം തുടരുമ്പോള്‍ പുറത്ത്‌ മഴച്ചില്ലുകള്‍ പൊട്ടിച്ചിതറുന്നു.മഴക്കാലത്തിന്റെ പെരുംകളിയാട്ടതിന്‌,എങ്കിലും,ഞാന്‍ കാത്തിരിക്കുന്നു2009 ജൂണ്‍-മഴ ഇപ്പോള്‍ ആറാംകാലത്തിലാണ്‌.കാറ്റിന്റെ ചിറകേറി പഴയ ഓര്‍മ്മകള്‍ക്ക്‌ ഗന്ധമായി രൂപമായി നിശ്ശബ്ദമായ പൊട്ടിച്ചിതറലുകളായി. പാഞ്ഞെത്തി പെയ്തു തീരുന്നു.പെരുമഴയിലേയ്കിറങ്ങി ഞാന്‍ ജ്ഞാന സ്നാനം ചെയ്തു നിവരുന്നു.മഴയ്ക്ക്‌ അപ്പോള്‍ കറുത്ത നിറം.കറുത്തകാലത്തിപ്പോള്‍ ചിത്രമെന്താകും?പച്ച ഞരമ്പില്‍ ഇപ്പോള്‍ മറ്റേതോ രക്തം ഏതു ഗാനമാകാം ആടിത്തീര്‍ക്കുന്നത്‌? സര്‍,ഞാനിങ്ങനേയും ആരൊക്കെയോ അങ്ങിനേയും.ഈ രണ്ട്‌ ഷോട്ടുകളും ഒറ്റ ഫ്രെയിമിലാക്കാന്‍ ഞാനെവിടെയാണ്‌ ക്യാമറ വയ്ക്കേണ്ടത്‌?

June 1, 2009

പ്രണയം , വിപ്ലവം, കവിത

പ്രണയം

ഓടുന്ന വണ്ടിയിൽനിന്നും
വേസ്റ്റ്ബിന്നിലെറിയപ്പെടുന്ന
നിറനിരോധ്.

വിപ്ലവം

പോകെ
ബൈക്കിൽ തലതകർന്നുവീണ
പ്രിയതോഴൻ

കവിത


എനിക്കെന്നോട്
അടങാത്ത പ്രിയമെന്നിരിക്കെ-
യെന്തു കവിതയും
പടയൊരുക്കവും?

May 18, 2009

Nikon(ed) Security !!!

ഇന്ന് നഗരത്തിലെ ഡർബാർഹാളിൽ ശ്രീ.കെ,ആർ.വിനയന്റെ ഫോട്ടോ പ്രദർശനം കാണാൻ പോയിരുന്നു
വരാണസി എന്നു പേരിട്ട പ്രദർശനത്തിൽ ഗംഗാതടത്തിന്റെ എല്ലാ മായിക സൌന്ദര്യവും പകർത്തിയിട്ടുണ്ട്
ട്രാവൽഫോട്ടോഗ്രാഫി ഇനത്തില്പെടുത്താവുന്ന നാല്പതോളം ഫോട്ടോകൾ
വരാണസിയുടെ പൌരാണികത,ആത്മീയത,ഓളങൾ,വിഹ്വലതകൾ,ജനിമ്രുതികളുടെ നിഗൂഡതകൾ എല്ലാം ഒപ്പിയെടുത്തിരിക്കുന്നു, വിനയേട്ടന്റെ ലെൻസ്.ഒരുപകലും രാത്രിയും അവിടെ കണ്ട കാഴ്ചകളാണ് പീലിയേഴും നീർത്തി മുന്നിൽ നിറയുന്നത്‌
ഉസ്താദ് ബിസ്മില്ലാഖാനാണ് പ്രദർശനം സമർപ്പിച്ചിരിക്കുന്നത്.പറഞു വരുന്നത് അദ്ദേഹത്തിന്റെ പ്രദർശനത്തിന്റെ ഗരിമയെക്കുറിച്ചല്ല.ഒരു കഥയാണ്.രണ്ട് വർഷം മുൻപ് ഗുരുവായുരിൽ നടന്ന കഥ.
ക്ഷേത്രത്തിൽ ക്യാമറ ഉപയോഗിക്കാൻ അവകാശം എല്ലാവർക്കുമില്ല.അതിനായി ക്വട്ടേഷൻ വിളിക്കുകയാണ് ചെയ്യുക(ഈ വർഷത്തെ തുക 32 ലക്ഷം എന്നു കൂട്ടി വേണമെങ്കിൽ വായിച്ചോ!).അല്ലെങ്കിൽ പ്രത്യേക അനുമതി വേണം.അതത്ര എളുപ്പവുമല്ല.അന്ന് ക്രുഷ്ണണനാട്ടം നടക്കുകയാണ്.അതിന്റെ ഫോട്ടോകൾ തന്നെ വിരളം.പുതുതായി വാങിയ ക്യാമറയുമായി വിനയേട്ടൻ എങനേയോ അകത്തു കയറിപ്പറ്റി.നോക്കുമ്പോൾ ആട്ടം കൊഴുക്കുന്നു.മനസ്സിനൊപ്പം ക്യാമറയും ഉത്സാഹത്തിലായി.ഫ്ലാഷില്ലാതെ യന്ത്രത്തിന്റെ വാതിലുകൾ തെരുതെരെ തുറന്നടഞു.ഒരു കാൽ മണിക്കൂറായിട്ടുണ്ടാകും നേര്യത് മടക്കി പിൻ ചെയ്ത കാവൽഭടൻ ഓടിയെത്തി
“ഏയ്,മിസ്റ്റർ,ഇവിടെ ക്യാമറ ഉപയോഗിക്കാൻ പാടില്ലെന്നറിഞുകൂടെ?”
തന്റെ ഗൌരവമാർന്ന മുഖം വിനയേട്ടൻ മെല്ലെ തിരിച്ചു.ഭടന്റെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.ഒരു നിമിഷം.അദ്ദേഹം ക്യാമറയുയർത്തിക്കാണിച്ച് പറഞു
“നോക്കൂ,ഇതു നിക്കോണിന്റെ ക്യാമറയാണ്”
ഭടൻ കുഴങി.ഇനിയിപ്പൊ എന്താ ചെയ്ക?പിന്നെ ഇവ്വിധം മൊഴിഞു
“ഹ് ഹ്`..അങിനെയെങ്കിൽ സാറെടുത്തോ,ഞാൻ പോട്ടെ”
പിന്നെ തിരിഞു നടന്നു
പിന്നീട് ഡൽഹിയിൽ ആ ചിത്രങളുടെ പ്രദർശനം നടന്നപ്പോൾ അത് സമർപ്പിച്ചത് ആർക്കാണെന്ന് പറയേണ്ടതില്ലല്ലോ!!!

May 17, 2009

അരണ

പുറപ്പെടുമ്പോൾ
ആകെ ചുവപ്പായിരുന്നു
എന്തൊക്കേയോ
മഹത്തായ ലക്ഷ്യങൾ ഉണ്ടെന്നും
ആരെയൊക്കേയോ
കടിച്ചില്ലാതെയാക്കുമെന്നും
പറഞിരുന്നു
ഞങൾ അപ്പാടെ വിശ്ശ്വസിച്ചു
ഇപ്പോൾ
ഏത്‌ വേരിലിട്ട് വലിച്ചാണ്
ഈ ചുവപ്പെല്ലാം മായ്ച്ച്തു?
നീ മറവിയല്ല
തെറ്റിദ്ധരിപ്പിച്ച
പാമ്പ്

May 1, 2009

വാക്ക്‌ വരുംവഴി

ചെത്ത്‌ എന്നൊരു പദം നമ്മുടെ നിഘണ്ടുവില്‍ അക്ഷരാര്‍ത്ഥത്തില്‍ കയറിക്കൂടിയിട്ട്‌ നാളിമ്മിണിയായി.ഉഗ്രന്‍ എന്നതിന്റെ പര്യായമായി വന്ന ചെത്ത്‌ പിന്നെ ഒരുപാടൊരുപാട്‌ പദങ്ങള്‍ക്ക്‌ പകരക്കാരനായി വിലസി."80 കള്‍ക്കൊടുവില്‍,പരീക്ഷ ചെത്ത്‌ പാസ്സായി എന്നാല്‍ just പാസ്സായി എന്നു തന്നെയായിരുന്നു.അടിപൊളിയുടെ വരവായിരുന്നു പക്ഷേ വരവ്‌.അതാണെങ്കില്‍ pager എന്ന യന്ത്രത്തെ സെല്‍ഫോണ്‍ ചവിട്ടിപ്പുറത്താക്കിയപോലെയായി(ഞാന്‍ വന്നപ്പോഴേയ്ക്കും മാമ്പഴക്കാലം തീരുകയല്ല കണ്ണിമാങ്ങകള്‍ വിരിയുകയായിരുന്നു ,സേര്‍!!!)അടുത്തിടെ കോട്ടയത്തുള്ള പെണ്മാസികയില്‍നിന്നുമൊരു ചങ്ങാത്തം വിളിയ്ക്കുകയുണ്ടായി,അടിപൊളിയ്കു തൃശ്ശൂര്‍ മൊഴിയുണ്ടെങ്കില്‍ അറിയിക്കാമോ എന്നാണ്‌ ചോദ്യം,ഞാന്‍ പൂരനഗരിയില്‍ നിയമം പഠിക്കുകയും ഇപ്പോള്‍ അതു പാലിക്കുകയും ചെയ്യുന്ന സന്ദേശിന്റെ കീശസരസ്വതിയെ വിളിച്ചു,ഉണ്ട്‌,ചെമ്പട എന്നൊരു പ്രയോഗമുണ്ട്‌ എന്നവന്‍.തൃശ്ശൂര്‌കാരനതിനെ നാടിന്റെ നാദമായ ചെണ്ടയോട്‌ ചേര്‍ത്ത്‌മുറുക്കിയിരിക്കുന്നു.ഇവ്വിധം കഴിഞ്ഞ രാത്രി ആലോചിച്ചുകിടക്കവേ വെറുതേ എണ്ണി നോക്കി,ചെത്ത്‌,അടിപൊളി,വീശ്‌,ചീമ്പ്‌,കീറ്‌,അടിപ്പന്‍,ചെമ്പൂട്ടന്‍,അഡാറ്‌,ഡമാറ്‌,വെടിക്കെട്ട്‌,കിടു,ഗുണ്ട്‌,സെറ്റപ്പ്‌,...........എന്നിങ്ങനെ എത്രയോ യോ....വൈകിട്ടെന്താ സെറ്റപ്പ്‌?ശങ്കരേട്ടന്റെ സെറ്റപ്പാ ആ പോകുന്നത്‌!!!ചോദിക്കാനുണ്ടോ,സെറ്റപ്പല്ലേ?ഇങ്ങിനെ എത്ര അര്‍ത്ഥഭേദം ഒരൊറ്റ വാക്കില്‍!!!ഒരുപാടു വാക്കുകള്‍ പ്രാദേശികമായി പറയുന്നുണ്ട്‌,കൂട്ടിച്ചേര്‍ക്കപ്പെടുന്നുമുണ്ട്‌.ആ ഒരുവാക്കിലറിയാം ആളേത്‌ നാട്ടുകാരനെന്നു,അതിനു പിഗ്മാലിയനിലെ പ്രൊഫെസര്‍ ഹിഗ്ഗിന്‍സ്‌ ആകണമെന്നില്ല.കിടു എന്നു പറഞ്ഞാലറിയാം അവന്‍ തിരോന്തരംകാരനെന്ന്.അതു പറഞ്ഞപ്പോഴാണോര്‍ത്തത്‌ ചിത്രഭൂമിയില്‍ ജഗദീഷ്‌ എഴുതിയത്‌,to harihar nagar കണ്ടിറങ്ങിയ സുരാജ്‌ വെഞ്ഞാറമ്മൂട്‌ ഇങ്ങനെ പറഞ്ഞത്രെ"അണ്ണാ ഞെരിച്ചണ്ണാ,ഞെരിച്ചു"-എങ്ങിനെയുണ്ട്‌ പദനിര്‍മ്മു?കുഞ്ഞുവാല്‍-ചെത്ത്‌ എന്ന വാക്കിന്റെ വിവക്ഷ,പ്രസ്സ്‌ അക്കാദമിയില്‍ പഠനം നടിക്കവേ അദ്ധ്യാപിക പറഞ്ഞുതന്നു.നിങ്ങളീ കൊല ചെത്തണ കണ്ടിട്ടില്ലേ,ഇങ്ങിനെ അരിഞ്ഞരിഞ്ഞ്‌.....അതുപോലെ ആണ്‍കുട്ടികള്‍ ബൈക്കില്‍ വെട്ടിച്ച്‌ വെട്ടിച്ച്‌ പോകുന്നതുകൊണ്ടാണ്‌,ചെത്ത്‌ എന്ന വാക്കുണ്ടായത്‌!!!ലീലാവതി ടീച്ചര്‍ പഠിപ്പിച്ചിറങ്ങിയ അതേ ക്ലാസില്‍ നിന്നാണ്‌ ബഹു അദ്ധ്യാപിക ഇത്‌ പറഞ്ഞത്‌,സുകൃതക്ഷയം എന്നല്ലാതെ എന്തോന്ന്?

March 28, 2009

കോതമംഗലത്തെ രണ്ട്‌ സ്ക്കൂളുകൾ അടയാളപ്പെടുത്തുന്നതെങ്ങിനെ?

കോതമംഗലത്തെ രണ്ടു സ്കൂളുകൾ(mar basil,st.george)കായിക കേരളത്തിന്റെ തമ്പുരാക്കന്മാരായിട്ട്‌ ശ്ശി കാലമായി.കോട്ടയം ജില്ലയിലെ ckmhs എന്ന "ഭീകരന്മാരിൽ നിന്നാണ്‌ ആദ്യമായി
ജിമ്മിമാഷും കുട്ടികളും ഈ ബാറ്റൺ പിടിച്ചെടുത്തത്‌.തുടർന്നിങ്ങോട്ട്‌ st.georgeഅത്‌ കൈവിടാതെ കൊണ്ട്‌ നടക്കുന്നു.ഏതൊരു കോതമംഗലംകാരനും ഇത്‌ അഭിമാനകരമായ അനുഭവം,പക്ഷേ,എനിക്കിത്‌ അതിലുപരി രക്ഷപ്െടൽകൂടിയാണ്‌
മധ്യവയസ്ക കാമനകൾ ആർത്തിയോടെ വായിച്ചുതീർത്തവയാണ്‌ സൂര്യനെല്ലി വാണിഭവാർത്തകൾ.കോടാനു കോടി പീഡനകഥകൾക്ക്‌ സ്നാപകയോഹന്നാണായി മുൻപേ നടന്ന പീഡനം.അതെയതെ, പീഡനം എന്ന വാക്കുതന്നെ ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നത്‌ ഈ പോസ്റ്റ്‌ സൂര്യനെല്ലിക്കാലത്താണ്‌. തുടർന്നിങ്ങോട്ട്‌ നടന്ന എല്ലാ പീഡനങ്ങളിലും കോതമംഗലം എന്ന gate way of high range എട്ട്‌ കോളം നിറഞ്ഞാടി.കുമളിയിൽ എത്തിയാൽ അമളി പറ്റാതെയും കോതമംഗലത്തായാൽ കോലം തിരിയാതെയും എന്ന മിമിക്രിക്കാരുടെ വചനഘോഷം ഞങ്ങളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്‌
ഓട്ടോറിക്ഷയിൽ നിന്നിറങ്ങി വിദ്ഥ്യാർഥിയായി ത്രിശ്ശൂരിൽ എത്തിയതോടെയാണ്‌ ഇക്കഥകൾക്ക്‌ മറ്റൊരു മാനം കൈവന്നത്‌.കോതമംഗലമാണ്‌ സ്വദേശമെന്നറിഞ്ഞ പല നെറ്റികളും ചുളിഞ്ഞു.ഈ പേരു കേട്ടിട്ടില്ലാത്തതുകൊണ്ടാകാം ഈ ചുളിയൽ എന്നോർത്ത്‌ AD8-നൂറ്റാണ്ടിൽ ചേരന്മാർ ഭരിച്ച സ്ഥലം എന്നു ഞാൻ കോസാംബിയായി.അപ്പോഴേക്കും പെൺകുട്ടികൾ സ്ഥാനം തെറ്റിയ ഷോളുകൾ നേരെയാക്കി ബാലൻ കെ നായരെ കണ്ട പെണ്ണിനേപ്പോലെ ഞെട്ടി.വിശ്രുതമായ ഗിരിജ തീയേറ്ററിൽ സെക്കന്റ്‌ ഷോയ്ക്കു പോയ ഒരു തവണ ചങ്ങാതി പറഞ്ഞു,ടാ,ഏതെങ്കിലും കോതമംഗലം മശകൾ ഉണ്ടാകും നീയറിയുന്നതാണോ എന്നു നോക്കാം എന്ന്‌.ഇപ്പോൾ ത്രിശ്ശൂരാണ്‌ ഇവരുടെ ആസ്ഥാനം ത്രിശൂരാണെന്നും ഞാൻ ഉവാച.തന്റെ മുന്നൂറു റാത്തൽ മാംശ നിബിഡത കൊണ്ടു മലയാളി മനസ്സിൽ കാളിയമർദ്ദനം നടത്തിയ ഷക്കീല മുന്നിൽ നിന്നും പട നയിക്കുന്നു .അകമ്പടിയായി സിന്ധു,മറിയ ,രേഷ്മ ത്രയങ്ങൾ.സ്ഥാപനവൽക്കരിക്കപ്പെട്ട കൂട്ടികൊടുപ്പുകാരിയാണ്‌ അതിൽ ഷക്കു.ഇന്റർവെല്ലിനു തൊട്ടുമുൻപ്‌` അവർ ഇങ്ങിനെ'കോതമംഗലത്തുനിന്നായിരുന്നു എന്റെ തുടക്കം"
ഞെട്ടി !!!
നിലയ്ക്കാത്ത കൂവലുകൾക്കിടയിൽനിന്നും ഞാൻ നഷ്ടപ്പെടാനിടയുള്ള പലതും രക്ഷിക്കാൻ പുറത്തേക്കോടി.
കോതമംഗലമെന്നും പിന്നീടു കോതു എന്നു ചുരുങ്ങിയ എന്റെ വട്ടപ്പേര്‌ അങ്ങനെ ഒരു നേഗറ്റീവ്‌ aspectൽ ഉണ്ടായതാണ്‌.പിന്നീട്‌ ബിരുദം കഴിഞ്ഞ്‌ press academyലെ പ്രവേശനപ്പരീക്ഷയുടെ ഫലം നോക്കിയിരിക്കവേ ചാലക്കുടിക്കടുത്ത്‌ അന്നനാട്ടിൽ നിന്നും മുഷിഞ്ഞ മണമുള്ള ഒരു കത്ത്‌ വന്നു,തീർച്ചയായു ഒരു നാടിന്റെ പേരിൽ അറിയപ്പെടുന്നത്‌ ആഹ്ലാദം തന്നെ-അത്‌ കോതമംഗലം അല്ലെങ്കിൽ
എന്റെ നാടിനെ ലൈംഗികവൈകൃതത്തിന്റെ പര്യായമായി വിശേഷിപ്പിച്ച ത്രിശ്ശൂരിയൻ സൗഹ്രുദങ്ങൾക്കു മൂക്കത്തേറ്റ ഒരിടിയായിരുന്നു മുൻപ്‌ പറഞ്ഞ സ്കൂളുകൾ നൽകിയത്‌
അതുകൊണ്ടൊക്കേയും
നന്ദി മാഷന്മാരെ
കുട്ടികളേ
ചെറിയ പള്ളി മുത്തപ്പനുമാത്രമല്ല കത്തോലിക്ക സഭയ്ക്കും നന്ദി
പത്തേമാരിയിൽ കയറി യാത്രയ്ക്കൊരുങ്ങിയ എന്റെ മാനത്തെ കൈപിടിച്ചിറക്കി കാത്തുരക്ഷിച്ചതിന്‌...ഉലകൊടുങ്ങും വരെ നന്ദി

February 27, 2009

സിവിക്കുമായിണചേർന്നപ്പോൾ

“ഓർക്കാപ്പുറത്തൊറ്റയുമ്മയാലവളെ-
മയിൽ‌പ്പീലിയാക്കണ“മെന്നായിരുന്നു
വെട്ടിത്തിരിഞവളൊരു
നീലസർപ്പമായി
ഒറ്റ
ദംശനത്താൽ
ഞാനിന്ദ്രനീലവും

February 25, 2009

low profile മതി ജീവിക്കാന്‍

നിഷേധിയായ കലാകാരനായിരുന്നു സുരാസു.ദരിദ്രന്‍.കാറ്റിലും മഴയിലും അയാളുടെ കുടില്‍ തകര്‍ന്നു.കോഴിക്കോട്ടെ പൗരസമിതി ചേര്‍ന്ന് സുരാസുവിനൊരു വീട്‌ പണിതുകൊടുക്കാന്‍ തീരുമാനിച്ചു.ഒരു ഫ്ലാറ്റ്‌ വാങ്ങി അങ്ങോട്ടേയ്ക്ക്‌ സുരാസുവിനെ മാറ്റാനാണ്‌ തീരുമാനമെന്ന് അവര്‍ സുരാസുവിനെ അറിയിച്ചു.സുരാസു ബുദ്ധനായി.എനിക്കെന്തിനാണ്‌ ഫ്ലാറ്റ്‌?ഒരു സ്മോള്‍ വാങ്ങിത്തരാമോ,ഞാനപ്പം ഫ്ലാറ്റാവാം!!!!!!!!!!!!എന്തുകൊണ്ടാണ്‌ ഒരു കോളനിയില്‍ക്കയറി അടിയുണ്ടാക്കിയിട്ട്‌ തിരികെ പോരാന്‍ കഴിയാത്തത്‌?കരണത്തേറ്റ പരശ്ശതം അടികളും ഇടയ്ക്കിടെ നോവായുണര്‍ന്നസ്വസ്ഥമാക്കാറുള്ള അടിവയറ്റിലെ ചവിട്ടുകളുമല്ല എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്‌.ഒരു socio political ബൗദ്ധികത തന്നെ(ട അമ്മ,പുലി പുലി !!)കുനിയനുറുമ്പുകള്‍ നിരയിട്ടപോലെ വീടുകള്‍.ആ വീടുകളിലെ ഐക്യം വാക്കുകള്‍ക്കപ്പുറത്താണ്‌.ഞാനോര്‍ക്കുന്നു,ത്രുശ്ശൂരിലെ രാജകീയ കലാലയത്തില്‍ പഠിക്കവേ ത്രുപ്രയാറുള്ള ചങ്ങാതിയുടെ വീട്ടില്‍ പോയത്‌.യഥേഷ്ടം മീനും കുറച്ച്‌ ചോറും കഴിച്ച്‌ വിശദമായ മുറുക്കലിനും ശേഷം കിടപ്പിനുള്ള വട്ടം കൂട്ടപ്പെട്ടു.വീടിനകം നിറയെ കടപ്പുറത്തെ മണലാണ്‌.അമ്മ മുട്ടിലിഴഞ്ഞ്‌ നടന്ന് കുണ്ടും കുഴിയും കൈകൊണ്ട്‌ നിരപ്പാക്കാന്‍ തുടങ്ങി.ശേഷം പായ വിരിച്ചു.ഞങ്ങള്‍ കൂട്ടുകാര്‍ക്കപ്പുറം അമ്മ,അനിയന്‍,ചേട്ടന്‍ ,ചേട്ടത്തി എന്നിവര്‍ കിടക്കപ്പെട്ടു.അച്ഛന്‍ മകളുടെ വീട്ടിലായിരുന്നു,കിടന്നിട്ടും വര്‍ത്തമാനം പറഞ്ഞ്‌ പറഞ്ഞ്‌ എപ്പോഴോ ഉറങ്ങി.ആ കുടുംബത്തിലെ താളം എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്‌. അത്തരം ചേര്‍ന്നു കിടക്കുന്ന വീടുകള്‍ തമ്മിലും ഒരു ഏകത ഉണ്ടാകുന്നു.മക്കള്‍ക്കും കാര്‍ന്നോന്മാര്‍ക്കും ഓരോ മുറികള്‍ ഉണ്ടാകുമ്പോള്‍ നഷ്ടമാകുന്നതും ഈ ഏകത തന്നെ.കണ്ടിട്ടില്ലേ,രണ്ട്‌ നിലകളില്‍ 15,000 മുറികളുമായി(അതിശയോക്തി പറയുന്നതിഷ്ടമല്ലെന്ന് ഞാന്‍ തന്നെ പതിനായിരം വട്ടം പറഞ്ഞിട്ടുണ്ട്‌ എന്നാലും)ചില വീടുകള്‍?പാലുകാച്ചലിന്റെ അന്നുമാത്രം തുറന്ന ജനലുകള്‍,വല്ലപ്പോഴും തുറക്കുന്ന ചില വാതിലുകള്‍.ഇതെങ്ങനെ ഒരു വീടാകും?കാലം പോയ്പ്പോയ്‌ ഫ്ലാറ്റുകളായപ്പോള്‍ അകലങ്ങള്‍ പിന്നേയും കൂടി.ചില ബുഡ്ബുഡ്ഡാസ്‌ മാത്രം തേച്ച ഷര്‍ട്ടും മുണ്ടുമായി,കേശവന്‍ നായരേ ഹ ഹ ഹ എന്ന്‌ ചിരിക്കാനും ചന്തിയുയര്‍ത്തി വളിവിടാനും കണ്ടൂമുട്ടിയാലായി അത്രമാത്രം.ആയതുകൊണ്ടൊക്കേയും ചങ്ങാതീ,നമ്മള്‍ക്ക്‌ ഒരു low profile മതി ജീവിക്കാന്‍"എടി ,എന്നാടീ കൂട്ടാന്‍?'ഇവിടെ ചക്കക്കുരൂം മാങ്ങയും,അവിടേയോ?""പരിപ്പ്‌ ഒന്നുമിടാതെ വച്ചത്‌""ഓ,നിനക്കൊരു തോര്‍ത്തെങ്കിലും ഉടുത്തൂടാര്‍ന്നോ?"എന്നൊക്കെ വിളിച്ചും മിണ്ടിയുമുള്ള ജീവിതം

February 24, 2009

ഒരാഴ്ചയിലധികം സുഹ്രുത്തിന്റെ മുറിയില്‍

പറഞ്ഞ്‌ പറഞ്ഞ്‌സ്റ്റോക്ക്‌ തീര്‍ന്ന ഫലിതങ്ങള്‍ഇനിയും ചര്‍ച്ചിച്ച്‌ ബോറടിപ്പിക്കാനാവാത്തരാഷ്ട്രീയ നിഗമനങ്ങള്‍വീണ്ടും നിറഞ്ഞ്‌ കാണാനാഗ്രഹിക്കുന്നമദ്യക്കുപ്പികള്‍ഇതില്‍ക്കൂടുതല്‍ മുഷിയാനാവില്ലെന്നുമണക്കും നരച്ചഷര്‍ട്ടുകള്‍(അല്ല,സലിലിന്റെയല്ലിക്കൊമ്പനാന!!) വീണ്ടുമെന്‍ തൊണ്ടയെപ്പരീക്ഷിക്കരുതെ-ന്നപേക്ഷിക്കും ഗസല്‍ക്കാറ്റുകള്‍ഇനിയും ഭോഗസാക്ഷിയാക്കരുതെന്ന്കുളിമുറിഞാനാര്‍ക്കുവേണ്ടിയെന്നടക്കം പറയും കവിതകള്‍എല്ലാംഒരാഴ്ച കഴിഞ്ഞാല്‍നമ്മെ അസ്വസ്ഥരാക്കുംഓരോന്നുണ്ടാക്കിപ്പറയുമ്പോഴുംമുന്‍പ്‌ പറഞ്ഞതെന്തെന്ന്ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുംപുറത്ത്‌ കറങ്ങാന്‍ സമയമില്ലെന്നു കേള്‍ക്കുംആദ്യദിനങ്ങളിലെ സിഗരറ്റ്‌ പൊടിക്കുമീതെബീഡിക്കുറ്റികള്‍ പരക്കുംവീട്ടില്‍പോകണമെന്നുംകയ്യില്‍ കാശില്ലെന്നുംപ്രാരാബ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുംവായിച്ച പുസ്തകങ്ങളിലടയിരുന്ന്ഒന്നും വിരിയിക്കാനാവാതെതളര്‍ന്നുറങ്ങുംചിരികള്‍ കാരണം കിട്ടാതെ കൊഴിഞ്ഞു പോകുംഒരാഴ്ചയിലധികം സുഹ്രുത്തിന്റെ മുറിയില്‍നില്‍ക്കുകയെന്നത്‌അസഹ്യമാണ്‌എന്നാല്‍പുറത്തിറങ്ങിയാല്‍ പോകാനില്ലാത്തഇടങ്ങളെക്കുറിച്ചോര്‍ത്താല്‍എല്ലാ അസ്വസ്ഥതകള്‍ക്കും മീതെപാ വിരിച്ച്‌സുഖമായ്‌ കിടന്നുറങ്ങാം(പൊള്ളാച്ചിയില്‍നിന്നും ചിത്രഭാനുവെന്ന വിമതന്‍ അയച്ചത്‌)

February 20, 2009

കടല തിരിയും വഴി

രസകരം എന്നിതിനെ വിളിക്കാനാവില്ല,അസംഭവ്യം എന്നുംകാഥികന്‍ രാജുവാണ്‌,സതീര്‍ത്ഥ്യനായിരുന്നു,പിന്നീട്‌ കുടുംബം അടിമാലിയ്കു migrate ചെയ്തു.അപ്പോഴെന്നല്ല ഇപ്പോഴും ഡ്രൈവന്‍.അന്ന്‌ അടിമാലിയില്‍ എന്തെങ്കിലും മേജര്‍ ആവശ്യങ്ങളുണ്ടായാല്‍ 50 കി.മീ താണ്ടി കോതമംഗലത്ത്‌ ആശുപത്രിയിലെത്തിക്കുകയേ നിവൃത്തിയുള്ളൂ.വഴിയില്‍ ധാരാളം കയറ്റിറക്കങ്ങള്‍ ഉള്ളതുകൊണ്ട്‌ യാത്ര അത്ര സുഗമവുമല്ല.കോതമംഗലത്തേക്കെത്തുവാന്‍ ഇറക്കമായതുകൊണ്ട്‌ താരതമ്യേന കുറച്ച്‌ എളുപ്പമുണ്ട്‌,അത്രമാത്രം.ഇനി കഥയിലേക്ക്‌രാജു അടിമാലിയില്‍ തന്റെ ജീപ്പുമായി സ്റ്റാന്റില്‍ കിടക്കുന്നു.സമയം വൈകിട്ട്‌ 6 മണി.നേരിയ തണുപ്പുമുണ്ട്‌.എന്നാല്‍ ഒരു സിഗരറ്റ്‌ വലിച്ച്‌ വീട്ടിലേക്ക്‌ പോയേക്കാം എന്നു കരുതി അതു കത്തിച്ച്‌ വണ്ടിയിലേക്ക്‌ കയറുമ്പോഴതാ ഒരു കുട്ടിയേയും തോളത്തിട്ടൊരാള്‍ ഓടി വരുന്നു,"വണ്ടിയെടുക്കടാ,ആശുപത്രിയിലേക്ക്‌"എന്നെല്ലാം ഉറക്കെ വിളിച്ചുകൂവുന്നുമുണ്ട്‌.പിന്നാലെ രണ്ട്‌ സ്ത്രീകള്‍ ഒരു വല്ല്യമ്മച്ചി ഇത്രയും പേര്‍ കൂവിക്കുറുക്കുവിളിച്ച്‌ വരുന്നു.ഗൗരവം മനസ്സിലാക്കിയ രാജുവിലെ ഡ്രൈവന്‍ സടകുടഞ്ഞെഴുന്നേറ്റു,വണ്ടി "o" വട്ടത്തില്‍ കറക്കിയെടുത്തു.കോതമംഗലം ലാക്കാക്കി നിറുത്തി.വണ്ടിയിലേക്ക്‌ എല്ലാവരും കേറിയവാറെ ലൈറ്റിട്ട്‌ നീളന്‍ ഹോണുകള്‍ മുഴക്കി അതു കൂവിപ്പാഞ്ഞു തുടങ്ങി.വഴിയില്‍ വച്ചാണു മനസ്സിലാക്കിയത്‌ കുട്ടിയുടെ മൂക്കിനകത്ത്‌ ഒരു കടല കയറിയതാണെന്ന്.എല്ലാവരും കൂടി കടല തിന്നിരുന്നപ്പോള്‍ ഇങ്ങേര്‍ ഒന്നു മണത്തതാണത്രെ.രണ്ട്‌ രണ്ടര വയസ്സു കാണും.ആണ്‍കുട്ടി.അവനാകട്ടെ കൂടെയുള്ളവരുടെ ബഹളങ്ങള്‍ കാരണം ആകെ പേടിച്ചിരിക്കുകയാണ്‌.പിന്‍ സീറ്റിലിരിക്കുന്ന സ്ത്രീകള്‍ ദൈവത്തെ വിളിക്കുന്നു..ഒരു സ്ത്രീയാകട്ടെ നിര്‍ത്താതെ കരയുന്നു.ചെറുപ്പക്കാരന്‍ പറയുന്നുണ്ട്‌"മുണ്ടാണ്ടിരി" എന്ന്.എവിടെ?!നേര്യമംഗലം പാലം കഴിഞ്ഞ്‌,രാജു നോക്കുമ്പോള്‍ കുട്ടി കൂളായി ഇരിക്കുന്നുണ്ട്‌.അവന്‍ പേ പിടിച്ച ഓട്ടം മതിയാക്കി.കുട്ടി മൂക്കിലൊക്കെ കയ്യിടുന്നുണ്ട്‌.ഉടനെ പിതാവ്‌ ശാസിച്ചു,അതിനിയും ഉള്ളിലേക്ക്‌ കുത്തികേറ്റല്ലേ എന്ന്.വണ്ടി കോതമംഗലം ചെറിയ പള്ളിയുടെ ചുവട്ടിലെത്തി.ചെറുപ്പക്കാരന്റെ കയ്യിലേക്ക്‌ ഒരു തുട്ടെടുത്ത്‌ ഭണ്ഠാരത്തിലിടാന്‍ കൊടുത്ത്‌ രാജു.നോക്കുമ്പോള്‍ കാണാം കുട്ടി ഒരു കടലയെടുത്ത്‌ കളിക്കുന്നു.അതെ,തൊണ്ടിമുതല്‍ തന്നെ!!!!എല്ലാവര്‍ക്കും സന്തോഷമായിമുത്തപ്പന്‌ നേര്‍ച്ചയിടാന്‍ പിന്നെ എല്ലാവരും ഇറങ്ങുകയായി.നൂറു മീറ്റര്‍ കൂടി പോയാല്‍ ആശുപത്രി ആയി,അവിടത്തെ സ്കാനിംഗോ ഓപ്രേഷനോ വേണ്ടിവന്നില്ലല്ലോ."എന്നാല്‍ തിരിക്കാം?:" രാജു ഉവാച"പിന്നേ,ചോദിക്കാനുണ്ടോ?" പിതാവ്‌വണ്ടി പോവുകയായി"നീ എന്നതാടാ കുട്ടാ ചെയ്തേ,എന്നാപ്പിന്നെ അവിടെ വച്ചായിരുന്നേല്‍ വണ്ടിക്കൂലി ലാഭിക്കാര്‍ന്നു"സ്ത്രീകള്‍ കുട്ടിയെ കൊഞ്ചിച്ചുതുടങ്ങി.നേര്യമംഗലം കഴിഞ്ഞ്‌ വാളറ കുത്തെത്തിയതോടെ കുട്ടി അസ്വസ്ഥനാകാന്‍ തുടങ്ങി.വണ്ടി നിര്‍ത്തി അകത്തെ ലൈറ്റിട്ട്‌ രാജു നോക്കിപിന്നെ ഒന്നും മിണ്ടാതെ ജീപ്പ്‌ തിരിക്കാന്‍ തുടങ്ങി-കളിച്ചുകൊണ്ടിരുന്ന കടല കാണാനുണ്ടായിരുന്നില്ല !!!!!!!!!!!!

February 6, 2009

പാപിയാരെന്നു ചോദിച്ചു............

ഈ മിഷണറികള്‍ക്കു അവരുടേതായ ചില വാക്കുകള്‍ ഉണ്ട്‌.ലവരുടെ കുത്തകയായ ചില വാക്കുകളില്‍.പാപികള്‍,വെളിപാട്‌,ചാരത്തും ദൂരത്തും,താലന്ത്‌,കഴിപ്പാനും കുടിപ്പാനും..അങ്ങനെ പലതും..ഇജ്ജാതി ആളുകള്‍ സാമാന്യ ജനങ്ങളെ നരകത്തീയെപ്പറ്റി പറഞ്ഞു പേടിപ്പിച്ചു തുടങ്ങിയിട്ട്‌ കാലം ശ്ശി ആയി.പണ്ടേ ഇവരുടെ fascist രീതികളോട്‌ എനിക്ക്‌ വെറുപ്പാണ്‌.ഏറ്റവും പ്രധാന കാരണം, ഇവരാണ്‌ നമ്മുടെ 64 എന്ന മാന്ത്രിക സംഖ്യയെ വെറും ഒന്നാക്കി കുറച്ചത്‌ എന്നുള്ളതാണ്‌,പൊറുക്കാനാകുമോ നമ്മുക്കും വാല്‍സ്യായനജിയ്ക്കും?!ഒരിക്കല്‍ ഓട്ടങ്ങള്‍ നന്നേ കുറവായ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ ചിട്ടപ്പടി തള്ളല്‍സുകളുമായി നേരം പോക്കവേ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സുമിട്ട ഒരു മദ്ധ്യവയസ്കന്‍ ഒരു ലൂണയില്‍ കവലയില്‍ വന്നിറങ്ങി.എല്ലാവര്‍ക്കും ഒരു വിടര്‍ത്തിയ ചിരി തന്നു,ആദ്യം തന്നെ.വണ്ടിയുടെ വശങ്ങളില്‍ കെട്ടിവച്ചിട്ടുള്ള ബോര്‍ഡുകളില്‍ വിശുദ്ധ വേദപുസ്തകം അപ്പാടെ കൊത്തിവച്ചിട്ടുണ്ട്‌,പഴയ നിയമം ഒഴികെ.അടച്ചിട്ട ഒരു കടയുടെ വരാന്തയില്‍ മൈക്ക്‌ സ്റ്റാന്റും മറ്റും കുത്തിനിര്‍ത്തി.മേപ്പടി ലൂണയുടെ മുന്നിലും പിന്നിലുമായി രണ്ട്‌ കോളാമ്പിവിടര്‍ത്തിവച്ചിട്ടുണ്ട്‌.ഞങ്ങളുടെ കൂട്ടത്തിലെ ബൈജു,അപ്പക്കാള എന്നു ഞങ്ങള്‍ വിളിക്കുന്നവന്‍.ഒരു ഖില്ലാഡിയാണ്‌.ഇഷ്ടനാണേല്‍ ഒരു മദിച്ച പെന്തിക്കോസ്ത്‌ വിരോധിയും.മൈക്കും മറ്റും റെഡിയായി വന്നപ്പോഴേക്കും കവലയില്‍ ഒരാള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു.ചില ചെറിയ ലീഫ്‌ ലെറ്റുകള്‍ വിതരണം ചെയ്ത ശേഷം ശുഭ്രവസ്ത്രന്‍ മൈക്കിന്റെ മുന്നിലെത്തി മുരടനക്കി.അപ്പക്കാള എന്തിനോ തയ്യാറെടുത്ത പോലെ ആഞ്ഞു നില്‍പ്പുണ്ട്‌,ഞായറാഴ്ചയായതിനാല്‍ എല്ലാവരും രണ്ടെണ്ണം വിട്ടിട്ടുണ്ട്‌.അടിയനുള്‍പ്പെടെ.മൈക്കിന്റെ മുന്നിലെ ഗെഡി തുടങ്ങിക്കഴിഞ്ഞു-പാപികളേ,...അത്രയും പറഞ്ഞു കഴിഞ്ഞില്ല,അപ്പക്കാള ചാടി വേദിയിലെക്കെത്തി ആളുടെ അടിത്താടയില്‍ ഒരെണ്ണം വച്ചുപൂശിക്കഴിഞ്ഞു,മൈക്കും ഓഫ്‌ ചെയ്തു."ഇനി നീ ഒന്നും പറയണ്ട""എന്താ സഹോദരാ ,എന്താണിത്‌?!"പിന്നീട്‌ നടന്നത്‌,അപ്പ്പക്കാളയുടെ ബൗദ്ധിക വ്യാപാരമായിരുന്നു.മിക്ക വാക്കുകളും ഇവിടെ പകര്‍ത്തുക എന്നത്‌ അസാധ്യമായതിനാല്‍ വായനക്കാര്‍ അതു മനസ്സില്‍ ചേര്‍ത്ത്‌ വായിച്ചുകൊള്ളുക."എടാ,നീ പാപിയാണോ?""തീര്‍ച്ചയായും നമ്മള്‍ ഇവിടെ വസിക്കുന്നവര്‍ മുഴുവന്‍ പാപികള്‍ തന്നെ" സുവിശേഷം മറുപടിച്ചുവിശേഷത്തിന്റെ ഇരു ചെവികളിലും പിടിച്ച്‌ ആഞ്ഞാഞ്ഞ്‌ തിരുമ്മിക്കൊണ്ടായിരുന്നു അപ്പക്കാള തുടര്‍ന്നു പ്രസംഗിച്ചത്‌"എന്നാപ്പിന്നെ നിനക്കെന്താടാ അങ്ങിനെ വിളിക്കാന്‍ അധികാരം?പൊലീസുകാരുടെ മീറ്റിംഗില്‍ ഒരു പോലീസുകാരന്‍ പ്രസംഗിച്ചാല്‍ പോലീസുകാരേ എന്ന്‌ അഭിസംബോധന ചെയ്യുമോ?ഓട്ടോറിക്ഷക്കരുടെ മീറ്റിംഗില്‍ ഒരോട്ടോക്കാരന്‍ പ്രസംഗിച്ചാല്‍ ഓട്ടോക്കാരേ എന്നാകുമോ പറഞ്ഞുതുടങ്ങുക? എന്നാല്‍ പോലീസുകാരുടെ മീറ്റിംഗില്‍ ഓട്ടോക്കാരന്‍ പോയാലോ മറിച്ചോ പോലിസുകാരേ എന്നോ ഓട്ടോക്കാരേ എന്നോ പറഞ്ഞു തുടങ്ങാം.ചുരുക്കത്തില്‍ ,സദസ്സിന്റെ ഗ്രൂപ്പില്‍ നിന്നും വേറിട്ട ഒരുവനേ അവരെ അത്തരത്തില്‍ പേരു വിളിക്കാവൂ അല്ലേടാ?നീ പാപിയാണെങ്കില്‍ ഇനി മേലില്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല,കേട്ടോടാ മൊശകോടാ?എത്ര വലിയ ദര്‍ശനം,അല്ലേ?പിന്നിടും കവലയില്‍ വിശേഷങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌.അവര്‍ സഹോദരരേ എന്നു തുടങ്ങുമ്പോള്‍ അകലെ ഗ്രഹസ്ഥാശ്രമിയായി വിലസീടുന്ന അപ്പക്കാളയെ ഓര്‍ക്കാറുണ്ട്‌ശുഭം

January 30, 2009

ആകപ്പാടെ ഒരൊറ്റ moral മാത്രമേ ഉള്ളൂവെന്നും അതാകട്ടെ പാത്രം മോറലുമാണെന്നു പറഞ്ഞതാരാണ്‌? മറ്റാരുമല്ല നമ്മുടെ തിര്‌ല്ലാല വാണരുളിയ കുഞ്ചന്‍ തന്നെ- നാണുവാര്‌.ഇതാ മോറലും വിധിയും decision making ഉം എല്ലാം കൂടിച്ചേര്‍ന്ന് രണ്ട്‌ കഥകള്‍; അവര്‍ പ്രണയബന്ധിതരായിട്ട്‌ ഒരുപാട്‌ നാളുകളായി.തീര്‍ച്ചയായും ദൈവനിയമങ്ങളെ ലംഘിക്കാത്ത വിശുദ്ധ പ്രണയം.ഇതിനിടയിലാണ്‌ അവന്‌ അസുഖം പിടിച്ചത്‌.ഒരു പ്രത്യേക മരുന്ന് കഴിച്ചാല്‍ അസുഖം മാറും.അല്ലെങ്കില്‍ മരണമാണ്‌ വിധി.നദിക്കക്കരെ മരുന്ന് തേടി നായിക പോയി.സുദീര്‍ഘമായ അലച്ചിലിനൊടുവില്‍ മരുന്ന് തരപ്പെടുന്നു.പക്ഷെ,അപ്പൊഴേക്കും ഉരുള്‍പൊട്ടി പുഴ കൂലം കുത്തി ഒഴുകി തുടങ്ങിയിരുന്നു.അപകടങ്ങളേതുമില്ലാതെ മറുകരയെത്തിക്കാന്‍ കെല്‍പ്പുള്ള ഒരേ ഒരു തോണിക്കാരനേയുള്ളു.പക്ഷെ അങ്ങേര്‍ ഒരു വ്യവസ്ഥ വച്ചു-അക്കരെയെത്തിക്കാം,എന്റെ കൂടെ ഒന്നു കിടക്കാമെങ്കില്‍.........മരുന്ന് അക്കരെയെത്തിക്കാന്‍ വൈകുന്ന ഓരോ നിമിഷവും നായകന്‍ മരണത്തോടടുക്കുകയാണ്‌.പുഴയാകട്ടെ എപ്പോള്‍ ശാന്തമാകുമെന്നു പറയാനും പറ്റുന്നില്ലഎന്ത്‌ ചെയ്യും,നായിക?കഥ നംബര്‍ രണ്ട്‌:കള്ളനെ ഓടിക്കുകയാണ്‌ പോലീസുകാരന്‍.കടലാസുകനം പായുന്ന കള്ളന്‍,പിന്നില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി പോലീസും.കള്ളന്റെ കയ്യിലും തോക്കുണ്ട്‌.പക്ഷെ ഓട്ടത്തിനിടയില്‍ അങ്ങേര്‍ക്കത്‌ എടുക്കാന്‍ കഴിയുന്നില്ല.അപ്പോഴാണ്‌ മേപ്പടി പോലീസിനെ ഉന്നം വച്ച്‌ മറ്റൊരാള്‍ തോക്കു പിടിക്കുന്നത്‌ കള്ളന്‍ കാണുന്നത്‌.പെട്ടെന്നു കള്ളന്‍ തോക്കെടുത്ത്‌ അവനെ വെടിവച്ച്‌ വീഴ്ത്തുന്നു.എന്നിട്ടോ,പകച്ചുനിന്ന പോലീസുകാരന്റെ മുന്നില്‍ കീഴടങ്ങുന്നു,കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലായ ടി പോലീസുകാരന്‍ എന്തോ ചെയ്യും? കഥകള്‍ വായിച്ചല്ലോ കൂട്ടുകാരേ... ഇനി പണിയും വേലയുമില്ലാത്ത ആരെങ്കിലും നാട്ടില്‍ ബാക്കിയുണ്ടേല്‍ പറഞ്ഞ്‌ തര്‍ക്കിച്ചു തുടങ്ങാവുന്നതാണ്‌

January 20, 2009

ഒരു വാടാമല്ലിയുടെ ഓര്‍മ്മയ്ക്ക്‌

നിലത്ത്‌ തഴപ്പായയില്‍ കിടക്കുകയായിരുന്നു അവള്‍.കണ്ടപ്പോള്‍ത്തന്നെ ഏറെനേരമെടുത്ത്‌ എഴുന്നേറ്റു.ആകാംക്ഷ വിടര്‍ന്ന മുഖം.ഗര്‍ഭാലസ്യമുള്ള കണ്ണുകള്‍.രണ്ടുകയ്യുകള്‍കൊണ്ടും നടുവുതാങ്ങി ചിരിച്ചുകൊണ്ടു തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു,"ഇരിയ്ക്കെടാ".എന്നിട്ടാ വലിയ വയറും പേറി കട്ടിലില്‍ ഇരുന്ന് മുഖത്തേയ്ക്കുറ്റുനോക്കി.ഞാന്‍ ചുഴറ്റിയ ഇരുമ്പുണ്ട പോലെ വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌ എടുത്തെറിയപ്പെട്ടു.കഞ്ഞിയും കറിയും വച്ച്‌ കളിച്ചുനടന്ന ബാല്യത്തില്‍ എപ്പോഴും ദേഹം നോവിക്കുന്ന ഒരു കുസ്രുതിക്കാരി.എത്ര ക്രിസ്തുമസ്സ്‌ പുല്‍ക്കൂടുകള്‍ക്ക്‌,കളര്‍ പേപ്പറുകള്‍ വെട്ടിയൊട്ടിച്ച്‌ മുളംകമ്പുകള്‍കൊണ്ടുണ്ടാക്കുന്ന എത്ര നക്ഷത്രങ്ങള്‍ക്ക്‌ ഇവള്‍ എനിക്ക്‌ പണിയാളായി ഒപ്പം നിന്നിരിക്കുന്നു.പിന്നെ,വെള്ള ഷര്‍ട്ടും നീല പാവാടയുമിട്ട്‌ സൈക്കിളില്‍ പോകുന്ന ഒരു പതിനഞ്ചുകാരി.നഗരത്തിരക്കൊഴിഞ്ഞ്‌ ഇടവഴിയിലെത്തുമ്പോള്‍ ഇരുതോളത്തും അമര്‍ത്തിപ്പിടിച്ച്‌ നെറ്റിയില്‍ നെറ്റികൊണ്ടിടിച്ച്‌ അവള്‍ പണ്ടത്തെ "പോരുകാരി"യായി.പിന്നേയും നാളൊരുപാട്‌ കഴിഞ്ഞാണ്‌ ചോറ്റാനിക്കരയിലേക്കുള്ള ഒരു കല്യാണയാത്രയില്‍ ഒരു വാടാമല്ലിത്തണ്ട്‌ തന്ന്‌ അങ്ങനെ പറഞ്ഞത്‌-"എപ്പോഴുമുണ്ടായിരുന്നു നീ ഉള്ളില്‍,പോയ വര്‍ഷങ്ങളിലെങ്ങാനുമാണ്‌ ഞാനിതു പറഞ്ഞതെങ്കില്‍ നീ ഇതൊരു സ്കൂള്‍കുട്ടിയുടെ ചാപല്യമായി കണ്ടേനെ" അതെ,അത്ര പക്വതയോടെയാണ്‌ അവള്‍ സംസാരിച്ചത്‌.അതുവരെ അനുഭവപ്പെടാത്ത ഒരു നിറവ്‌ എനിക്കനുഭവപ്പെടാന്‍ തുടങ്ങി.എങ്കിലും വിശുദ്ധമായ ഒരകലം ഞങ്ങള്‍ കാത്തു.എപ്പോഴോ അവള്‍ തന്ന ഒരു കൊച്ചുമ്മ പോലും ഒര്‍മ്മകളില്‍ പൊള്ളിക്കിടന്നു.വിലക്കപ്പെട്ട ഒരു കനിപോലെയത്‌ തൊണ്ടയില്‍ തടഞ്ഞുനിന്നു.അവധി ദിവസങ്ങളില്‍ ഞാന്‍ അമ്മയുടെ തറവാട്ടിലേക്ക്‌ ഓടിയെത്തി.ഏഴരയ്ക്കുള്ള ദൂരദര്‍ശന്‍ വാര്‍ത്തയുടെ സമയം അവള്‍ക്കു വേണ്ടിയായിരുന്നു,അല്ല ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു.അങ്ങിനെയൊരിക്കല്‍ ഒരു കാരണവുമില്ലാതെ അവള്‍ എന്റെ ചുമലുകളില്‍ മുഷ്ടിചുരുട്ടി ഇടിച്ചുകൊണ്ടു പറഞ്ഞു കന്യാസ്ത്രീ ആവാന്‍ തിരുമാനിച്ചെന്നു.തടപൊട്ടി ഞാന്‍ നിലതെറ്റിയൊലിച്ചുപോയി.അവള്‍ മടങ്ങി ഏറെക്കഴിഞ്ഞാണ്‌ എനിക്ക്‌ പരിസരബോധം തന്നെ വന്നത്‌.അവിടെ തുടരാന്‍ അവള്‍ക്കായില്ലെന്നും ആന്ധ്രയിലെ നേഴ്സിംഗ്‌ കോളേജിലേക്ക്‌ പോയെന്നും ഏറെക്കഴിഞ്ഞ്‌ അവളുടെ സഹോദരന്‍ പറഞ്ഞറിഞ്ഞു.പിന്നെ മൂന്നോ നാലോ കത്തുകള്‍.ഒരു കാലത്തു നീ തന്നതിനെ അടുത്ത വരവില്‍ ഞരമ്പില്‍ കുറച്ച്‌ പെത്തഡിന്‍ കയറ്റി സബ്സ്റ്റിറ്റൂട്ട്‌ ചെയ്യണമെന്നു ഞാന്‍ മുകുന്ദന്റെ ഏതോ കഥാപാത്രമായി.ശ്രീലങ്കയിലേക്കായിരുന്നു അവള്‍ ജോലിക്കുപോയത്‌.ഈ പുതുവര്‍ഷത്തില്‍ നിന്നെ കാണണമെന്നും ഞാന്‍ നിനക്കായി കുറേ സമ്മാനങ്ങള്‍ കൊണ്ടുവരുമെന്നും അവള്‍ എഴുതി.ഞാന്‍ പോയില്ല.സമ്മാനപ്പൊതികള്‍ ഞാന്‍ തറവാട്ടില്‍ നിന്നും കൈപ്പറ്റി-ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ എഴുത്തുകടലാസ്സുകള്‍,ശ്രീലങ്കന്‍ പേനകള്‍.കൂടാതെ കടല്‍ത്തീരത്തെ കുഞ്ഞു മണ്ണിന്‍ കണ്ണുകളും ആ പൊതിയില്‍ ഉണ്ടായിരുന്നു.പിന്നെയും ബന്ധമറ്റ മാസങ്ങള്‍ഇടയിലെപ്പോഴൊ പരിചയപ്പെട്ട ഒരുവനുമായി അവളുടെ കല്ല്യാണം ഉറയ്ക്കുന്നു.സഹോദരന്‍ തന്നെയാണു കുറിയുമായി വീട്ടില്‍ വന്നത്‌.വീട്ടുകാര്‍ക്കിഷ്‌ടമില്ലാത്ത ഒന്നായിരുന്നുവത്‌.നന്നായി മദ്യപിക്കുന്ന ഒരുവന്‍,അതും ഓട്ടോക്കാരന്‍.തൊഴില്‍ മേഖല ഒന്നായതിനാല്‍ ഞാനും ഒന്ന് രണ്ട്‌ വട്ടം കണ്ടിട്ടുമുണ്ട്‌-ഒരു ഊടായിപ്പന്‍ !!.അവള്‍ക്കു നല്ലതു വരട്ടേയെന്ന് ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ മിന്നു കെട്ടു കഴിഞ്ഞ പത്താം മിനിറ്റില്‍ അവള്‍ വിളിച്ചു,"നീ വരുമെന്നു കരുതി""ഇല്ല,എനിക്കങ്ങനെ നിന്നെ കാണാനാവില്ല"ഞാന്‍ സത്യസന്ധമല്ലാതെ മറുപടിച്ചു.പിന്നീട്‌ കാണുന്നതാണിങ്ങനെ.............'എന്താ നീ ഓര്‍ക്കുന്നേ?'"ഒന്നുമില്ല"ഉള്ളില്‍ വാസുവേട്ടന്റെ കള്ള്‌ പതയ്ക്കുന്നു.കയ്യില്‍ പതഞ്ഞ വീര്യത്താല്‍ അടിപതറിയ ബൈക്ക്‌ തന്ന മുറിവും.അവള്‍ കാരണം തിരക്കി.ഒരുപാട്‌ മുറിഞ്ഞോ/ഏയ്‌ ഇല്ല.എന്നു ഞാന്‍പിന്നെ സംസാരിക്കാന്‍ തുടങ്ങി.താന്‍ നീന്തുന്ന തീക്കടലുകളേക്കുറിച്ച്‌.ഭര്‍ത്താവ്‌ അവള്‍ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കുടിച്ചുവറ്റിച്ചതും പാസ്പോര്‍ട്ടും മറ്റും കത്തിച്ചുകളഞ്ഞതും ഗര്‍ഭത്തിന്റെ ഉത്തരവാദി തന്നെ മറ്റാരോ ആണെന്നു പറഞ്ഞതും ഒരു കൊച്ചാണ്‍കുട്ടിയോട്‌ മിണ്ടിയാല്‍പ്പോലും പുലയാട്ട്‌ പറയുന്നതും ...എല്ലാം"നീ ഇങ്ങനെ ഇരിക്കുന്നത്‌ കണ്ടു വന്നാല്‍മതി,ഇന്നത്തേക്കിനി മറ്റൊന്നും വേണ്ട.സഹികെട്ടാണ്‌ ഞാന്‍ ഇങ്ങോട്ടു പോന്നതു തന്നെ,ഇനി കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചുവേണം ജോലിക്കു പോകാന്‍,ശ്രീലങ്കയില്‍ തന്നെ,അല്ലേല്‍ വേറെവിടേലും........അവള്‍ കരയുകയായിരുന്നില്ല,എങ്കിലും ഇടക്കിടെ ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മഴവില്‍തിളക്കത്താല്‍ ഞാനറിഞ്ഞു ആ കണ്ണുകളിലെ നനവ്‌.പ്രണയിനിയെ മറ്റാരെങ്കിലും വിവാഹം ചെയ്യുമ്പോഴല്ല നാം സങ്കടപ്പെടുന്നത്‌,ആ ജീവിതത്തിന്റെ profile നമുക്ക്‌ കൊടുക്കാന്‍ കഴിയുന്നതിനേക്കാളും താഴെയാകുമ്പോഴാണ്‌ അല്ലെങ്കില്‍ താഴെയാണെന്നു നാം കരുതുമ്പോഴാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ആ വേര്‍പാട്‌ വേദനയാകുന്നത്‌.അമ്മ കൊണ്ടുവച്ച ചായ ആറിത്തണുത്തിരുന്നുഒറ്റവലിക്കത്‌ കുടിച്ചുതീര്‍ക്കുമ്പോഴും ഉള്ളില്‍ ഒരു സമുദ്രം അലച്ചെത്തി തട്ടിച്ചിതറുകയായിരുന്നു.കട്ടിലില്‍ ഇരുന്ന അവളുടെ അടുത്ത്‌ ചേര്‍ന്നു നിന്ന് വിറയ്ക്കുന്ന ആ മുഖം കൈകളിലെടുത്ത്‌ കണ്ണുകളിലേക്കുറ്റു നോക്കി-അഭയം തിരക്കുന്ന പരല്‍മീനുകള്‍.എന്റെ ചുണ്ടുകള്‍ ആ നെറ്റിമേല്‍ അമര്‍ത്തിപ്പതിപ്പിച്ചു.അവളുടെ തല ഇരു കൈകള്‍കൊണ്ടും വാരിയെടുത്തെന്റെ നെഞ്ചോടു ചേര്‍ത്തു.കുഞ്ഞ്‌,കളിപ്പാട്ടം എന്നപോലെ.വിട്ടുകളയാന്‍ തോന്നിയില്ല.പക്ഷേ............തലയില്‍ ഒരിക്കല്‍ക്കൂടി തഴുകി.ഒന്നും മിണ്ടാനാകാതെ പുറത്തിറങ്ങി.വാക്കുകള്‍ എവിടെയോ കൈമോശം വന്നിരുന്നു.പുറത്ത്‌ ഗേറ്റില്‍ ഉറയ്ക്കാത്ത ചുവടുകളോടെ അവന്‍ !!!എന്നെ തുറിച്ചു നോക്കി,അപരിചിതനേപ്പോലെനോട്ടം എന്നേയും കടന്നു വീട്ടിലേക്ക്‌ നീണ്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി,നിറഞ്ഞ കണ്ണുകളോടെ അവള്‍ മുന്‍ വാതില്‍ വരെ എത്തി നില്‍ക്കുന്നു.കുറച്ചു നടന്നതേയുള്ളൂ.ഉറക്കെ കുറേ തെറി വിളികളും അടിയുടെ ശബ്ദവും.ഉയര്‍ന്നു പക്ഷെ പെട്ടെന്നില്ലാതായ ഒരു കരച്ചില്‍.അവള്‍ അതും വിഴുങ്ങിയതാകാം.അവന്റെ ഒച്ചയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.പിന്തിരിഞ്ഞോടുന്ന ഒരു പടയാളിയേപ്പോലെ

January 17, 2009

സാധു വിരണ്ടാല്‍

കാടാറുമാസം നാടാറുമാസം എന്നൊരു ചര്യ പണ്ടേയുണ്ടായിരുന്നു
അതുകൊണ്ടുതന്നെ പറയാന്‍ ആനക്കഥകളും ഒരുപാടുണ്ട്‌
അതില്‍ ധീരന്മാരായ ഒറ്റയാന്മാരുണ്ട്‌,ആറാം റെജിമെന്റുകളുമുണ്ട്‌
കറുപ്പുണ്ട്‌ ചുവപ്പുണ്ട്‌
കൊമ്പനുണ്ട്‌ പിടിയും
പക്ഷെ ഇക്കഥയില്‍ ഞാന്‍ സാക്ഷിയല്ല,ശ്രോതാവ്‌ മാത്രം

അശോകേട്ടനാല്‍ കഥിക്കപ്പെട്ട ഇക്കഥ കേള്‍ക്കുന്നത്‌ ഗോപണ്ണനില്‍
നിന്നാണ്‌-കോതമംഗലത്തെ ജീപ്പ്‌ ഡ്രൈവര്‍
കേള്‍ക്കുന്ന അന്തരീക്ഷം,വഴിപോയിട്ട്‌ സ്വന്തം കാല്‍ കൂടി കാണാന്‍ കഴിയാത്ത
ഒരുഗ്രന്‍ രാത്രി ഇടമലയാര്‍ റിസര്‍വോയറിന്റെ മുകളില്‍ കാട്ടില്‍ ദിശാഭ്രംശം
വന്നുനിന്ന ഒരു ഡിസംബര്‍,കഥയിലേക്കു വരാം...






ഹയിറേഞ്ച്‌ മേഖലയില്‍ റോഡ്‌ ടാറിംഗ്‌ നടക്കുന്നു.അശോകേട്ടനാണു റോളറിന്റെ
സാരഥി.അന്ന് ഇന്നത്തേപ്പോലെ സുന്ദരന്‍ റോളറല്ല,തനി പ്രാകൃതന്‍.അതൊന്നു
നീങ്ങണമെങ്കില്‍ ഇടം വലം രണ്ട്‌ പെണ്ണുങ്ങള്‍ വേണം.(ഇവിടെ ഇപ്പോള്‍ ആരേയും
ഓര്‍ക്കണ്ട!!) വീലുകള്‍ ഇടക്കിടെ നനച്ച്‌ തുടച്ചു കൊടുക്കണം.മെല്ലെയാണു
പോക്ക്‌,അത്രയേ പറ്റൂ.പക്ഷെ പ്ഭാം-പ്ഭാം എന്നു മുഴങ്ങുന്ന ഹോണ്‍
ഏച്ചുകെട്ടിയിട്ടുമുണ്ട്‌.കുത്തനെയുള്ള ഒരു കയറ്റമാണ്‌ ടാര്‍ ചെയ്യുന്നത്‌.റോഡിന്റെ
ഇടതു വശത്തായി താഴെയാണ്‌ പണിക്കാര്‍ക്ക്‌ താനസിക്കാനുള്ള ടെന്റ്‌.ഇടക്കിടെ
ആനശല്യമുള്ള സ്ഥലം...ഇനി ഒരു മൂന്നു ദിവസത്തേക്കുള്ള പണിയേ ബാക്കിയുള്ളൂ അതു
കഴിഞ്ഞാല്‍ ടെന്റ്‌ മാറ്റിക്കെട്ടാം..പതിവുപോലെ പണികഴിഞ്ഞ്‌ ടെന്റില്‍ നിന്നാല്‍
കാണാന്‍ പാകത്തിന്‌ റോളര്‍ ഒതുക്കിയിട്ട്‌ കൂറ്റന്‍ വീലുകളില്‍ സാമാന്യം ഭേദപ്പെട്ട
രണ്ട്‌ കാട്ടുകല്ലുകള്‍ ഊടുവച്ച്‌ അശോകേട്ടന്‍ ടെന്റിലേക്കു പോയി.ചിട്ടപ്പടി
ഭക്ഷണവും കള്ളുകുടിയും ചീട്ടുകളിയും കഴിഞ്ഞ്‌ കിടക്കാന്‍ നേരം റോളറിനെ
യഥാസ്ഥാനത്ത്‌ കണ്ട്‌ തൃപ്തനായിട്ടാണ്‌ ഉറങ്ങാനും കിടന്നത്‌...നമ്മുടെ നാടല്ലേ
റോളറെടുത്ത്‌ പോകാനും മടിച്ചെന്നു വരില്ല അതുകൊണ്ടാണ്‌ ഇവനെ അങ്ങ്‌ ചേര്‍ത്ത്‌`
place ചെയ്യുന്നത്‌.
ആറു മണിക്കുതന്നെ ടെന്റ്‌ ഏറെക്കുറേ സജിവമാകും.ഉണര്‍ന്നെണീറ്റ അശോകേട്ടന്‍ കണ്ണും
തിരുമ്മി മുന്‍പിലെ റോഡിലേക്കു തൃക്കണ്‍ പാര്‍ത്തു-റോളറില്ല !!!
"ഇവനിതെവിടെപ്പോയി?"
മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ ഒരു പതിനഞ്ചു മീറ്ററോളം താഴെ കിടപ്പുണ്ട്‌
പാര്‍ടി,സമാധാനമായി..ഉമിക്കരിടിന്നില്‍ നിന്നും കരിയെടുത്ത്‌ പല്ലലക്കാന്‍
തുടങ്ങുമ്പോളാണു ദൊരൈച്ചാമിയുടെ കാറിച്ച കേള്‍ക്കുന്നത്‌` ശുദ്ധകാംബോജിയില്‍
"ആണ്ടെ വരണ്‌"
അശോകേട്ടന്‍ മുറ്റത്തിറങ്ങി
അപ്പോഴേക്കും സ്വരം നഷ്ടപ്പെട്ട്‌ ദൊരൈ.ചെമ്പൈ ആയി മാറിക്കഴിഞ്ഞിരുന്നു.
ആംഗ്യം മാത്രം,'വേഗം വാ' എന്നാണാ ദീനാഭ്യര്‍ത്ഥന
റോഡിലിറങ്ങിയപ്പോല്‍ കണ്ടു ഊടുവച്ച കാട്ടുകല്ലുകള്‍ അവിടവിടെയായി
ചിതറിക്കിടക്കുന്നു,കള്ളന്മാരുടെ അടികൊണ്ടവശനായ സെക്യൂരിറ്റിക്കാരനേപ്പൊലെ
.കീഴോട്ടു നടന്ന് വാഹനത്തിന്റെ അടുത്തെത്തി.
ഏയ്‌ കുഴപ്പമൊന്നുമില്ല
പിന്നെ....?
അശോകേട്ടന്‍ റോളറിന്റെ പിന്നിലെത്തി.
വിര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ റച്ചുപോയി !!!!!!!!

മംഗലാംകുന്നു ഗണപതി പോലും ചമ്മിപ്പോയേക്കാവുന്ന ഒരു രൂപം
മേലാകെ ചെമ്മണ്ണ്‍ പുതഞ്ഞങ്ങനെ
തന്റെ മസ്തകം കൊണ്ടു റോളറിന്റെ പിന്‍ ഭാഗം താങ്ങി നില്‍ക്കുകയാണ്‌ കളരിക്കാരേപ്പോലെ
കാലുകള്‍ അകത്തിച്ചവിട്ടി,ചൊട്ടയില്‍........
അടിവസ്ത്രം നനഞ്ഞെന്ന സംശയം ബലപ്പ്പ്പെടവേ ആ കണ്ണുകളിലേയ്ക്കൊന്നു പാളി
നോക്കാതിരിക്കാന്‍ മനസ്സു വന്നില്ല
"അന്തം വിട്ടുനില്‍ക്കാതെ ഇതൊന്നെടുത്തുമാറ്റടാ കഴുതേ"എന്നു പറയാതെ പറയുന്ന
ഒരുണ്ടക്കണ്ണ്‌.
നന്നേ പേടിച്ചിട്ടായാലും അശോകേട്ടന്‍ വണ്ടിയില്‍ കയറി
സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്‍പോട്ടെടുത്തു
ഇവന്‍ വരുന്ന എതിര്‍വശത്തൂടെ ചാടിയോടാം എന്നായിരുന്നു കണക്കു കൂട്ടല്‍സ്‌
"എന്നോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും" എന്ന ഭാവത്തില്‍ സവിശേഷമായ നിതംബ ചലനങ്ങളോടെ
അവന്‍ പക്ഷേ കാട്‌ കയറാന്‍ തുടങ്ങി
പറന്നകന്ന ജീവന്റെ എണ്ണമറ്റ കിളികള്‍ തന്നിലേക്കു തിരികെ വന്ന് ചേക്കേറുന്നത്‌
അശോകേട്ടന്‍ അറിഞ്ഞു.അപ്പോള്‍ അപ്പ്പ്പോള്‍ മാത്രം സ്റ്റീയറിംഗ്‌ വീലില്‍
തലവച്ചധ്ദേഹം തളര്‍ന്നു കിടന്നു