January 24, 2011

തിര്‌ല്ല്വാല

ബസ് തിരുവില്വാമലയെത്തുകയാണ്‌.
പഴങ്ങൾ പച്ചക്കറികൾ സർവ്വോപരി ഏറ്റം വാസനയുള്ള മുറുക്കാൻ കടകളും.
നിഷ്കളങ്കമായ നിരത്തുകൾഞാൻ,.കീശയിൽ കയ്യിട്ട് യന്ത്രസരസ്വതിയെ കയ്യിലെടുത്ത് talkന്‌ ശ്രമിച്ചു,തോക്കാനായിരുന്നു വിധി.ഉടൻ ജംഗമ സരസ്വതിയ്ക്ക് കറക്കി.
“ങാ,പറഞ്ഞിരുന്നു,സ്റ്റോപ്പിലേയ്ക്ക് നിന്നോളൂട്ടോ,വണ്ടി വിടാം”രണ്ട് മിനിറ്റിനകം വണ്ടി വന്നു,ഒരിക്കലും ലിഫ്റ്റ് കിട്ടല്ലേ എന്ന്, അമരനായിരിക്കാൻ ആഗ്രഹിക്കുന്ന കേവലജന്മങ്ങൾ മുഴുവൻ പ്രാർത്ഥിക്കുന്ന വണ്ടി തന്നെ-ആംബുലൻസ്!!
രഥം ലക്ഷ്യം പൂകി.പ്രിയതോഴനൊത്ത് നില്ക്കുന്നുണ്ട് ആറടിക്കുമേൽ പണിതീർത്ത രമേഷ്.ഒരുപക്ഷെ,കേരളത്തിൽ ഏറ്റവുമധികം മൃതദേഹങ്ങളെ ചുട്ടുചാമ്പലാക്കിയ തൃക്കണ്ണൻ! തൊടിയിലേക്കായിരുന്നു തുണിമാറാതെയുള്ള ആദ്യ നടപ്പ്.നട്ടുനനച്ച് വളർത്തിയ ആൽ മരങ്ങൾ.രാജസ്ഥാനത്തിൽനിന്നും എത്തിച്ചവെള്ളെരിക്ക്.പലജാതി കൂവകൾ.എഴിലം പാല... അങ്ങനെ പോയി വാഴത്തോട്ടവും കടന്ന് അതിരിലെത്തിയപ്പോൾ നിരനിരയായിക്കാണാം തേന്മധുരം മുതൽ വിവിധ തരത്തിലുള്ള പ്ളാവുകൾ.എന്നെങ്കിലും നാട്ടിൽ ദാരിദ്ര്യം വരുമെങ്കിൽ അപ്പോൾ നാട്ടുകാർക്ക് യഥേഷ്ടം ആഹരിയ്ക്കാത്രെ.നാട്ടിൽ ദാരിദ്ര്യം ഉണ്ടാകണമെന്നാണ്‌ ആഗ്രഹമല്ലേ എന്നു ചോദിയ്ക്കാൻ വികടൻ നാവുയർത്തിയതാണ്‌,പിന്നെ ഒതുങ്ങി.പറമ്പിലങ്ങിങ്ങായ് പണിഞ്ഞ നാലഞ്ചോളം കിണറുകൾ.അതിൽ മോട്ടോർ കൂടാതെ കപ്പിയും ബക്കറ്റും.വെള്ളം തുടിച്ചുകോരുമ്പോഴേ അതിൽ ജീവവായു നിറയൂ എന്നു മൊഴി.കിണറുകളോട് കുശലം നടത്തി മടങ്ങവേ,കണ്ടു ഒരുപാട് പശുക്കളെ LKG,ഒന്നാം ക്ളാസ്സ് എന്നിങ്ങനെ തരം തിരിച്ച് നിർത്തിയ തൊഴുത്തുകൾ.മാൻപേട മിഴിയുള്ള ഒരുവൾ നീണ്ടിടമ്പെട്ട്‌ നോക്കുന്നു ,പരാമർശം അവളാണെന്നറിഞ്ഞപ്പോൾ.കുളമ്പ് രോഗം വന്ന് മൃഗഡോക്റ്റർ മരണം വിധിച്ച ഒരുവൾ പച്ചമരുന്നിന്റെ ബലത്താൽ രോഗം വിട്ടെഴുന്നേറ്റുനില്ക്കുന്ന കാഴ്ച മതിവരുവോളം കണ്ടു.രമേഷ് വാചാലനായി,അവളേപ്പറ്റി ആൾക്ക് നൂറുനാവ്.പൂർണ്ണഗർഭിണിയായ അവൾ ആലസ്യപുർവം എന്തൊക്കേയോ ചേഷ്ഠകൾ കാണിയ്ക്കുന്നു.അത് വായിച്ചറിഞ്ഞ് ആതിഥേയൻ പറയുന്നു ഇന്നോ നാളേയൊ ഉണ്ടാകും തിരുപ്പിറവി.
സമയം സന്ധ്യയോടടുത്തു.അമ്പലത്തിലേക്കായിരുന്നു പിന്നത്തെ യാത്ര.വലിയ ഒരു പാറയ്ക്കുമുകളിൽ പണിഞ്ഞ ക്ഷേത്രം പാറയ്ക്ക് ഒരു പോറൽ പോലും വീഴ്ത്താതെ കുളിർമ്മയേകി നില്ക്കുന്നു.ഈ നിർമ്മിതി കാണുമ്പോൾ ഇപ്പോഴത്തെ ചില അഹമ്മതികൾ ഓർത്ത് പൊള്ളാതെയും വയ്യ.തിരുവില്വാമല ഹരി എന്ന, ചെണ്ടയിൽ നാദവിസ്മയമുതിർക്കുന്ന,ഒരു ഒടുവിലാൻ ഛായയുള്ള മേള വിദ്വാൻ.മാർഗ്ഗത്തെ മർദ്ദിച്ചുനടക്കുന്ന രണ്ട് കരിവീരന്മാർ.അതിലൊരുവൻ ഇടയ്ക്കെപ്പോഴോ ഇടഞ്ഞപ്പോൾ ഇടഞ്ഞവന്റെ മുന്നിൽ ചെന്ന് ഇടറാതെ വിഷ്ണു സഹസ്രനാമം ജപിച്ച് കൊമ്പുകുത്തിച്ച അവധൂതനായ സംന്യാസി.കാഴ്ചകൾ തീരുന്നില്ലിവിടെ.കവിയുടെ കാല്പ്പാട് പതിഞ്ഞ ചാപ്പുണ്യാരുടെ ചായപ്പീടിക.ഒരുപാട് മഹാരഥന്മാരുടെ കാലടിയേറ്റേറ്റ് പതം വന്ന ശിലകളെ മനസ്സാ നമിച്ചിറങ്ങി.
ചുടലയിലേക്കായിരുന്നു അടുത്ത
ചുവട്ഒത്തനടുക്കൊരു പാല.ഭരതനൊരിക്കൽ രുധിരമഹാകാളിയുടെ മുടി വരച്ചതുപോലെ അതിന്റെ ശിഖരങ്ങൾ.എരിയുന്ന ചിതകളുടെ വെളിച്ചത്തിൽ തലമുറകളുടെ വെണ്ണീറിൻ ചൂടേറ്റ് അവ മരണം പോൽ കടുത്തുനിന്നു.പുഴവക്കിലുടെ ഞങ്ങൾ ഒരു ചായ്ച്ചുകെട്ടിലെത്തി.മൂന്നുപെട്ടികൾക്കുമേൽ മൂവരുമിരുന്നു.എല്ലാ അഹങ്കാരങ്ങളും ശമിക്കുന്നതിവിടെയാണ്‌,ഇവിടെ മാത്രം.വിജയനും വി,കെ,എന്നുമടക്കം എത്രയോപേർ ഇവിടത്തെ മണ്ണിന്‌ ഉപ്പായിരിക്കുന്നു.എത്ര കലുഷിതമായി വന്നാലും ഈ ഇരുപ്പിൽ തീരാത്ത ഒരു പ്രശ്നവുമുണ്ടാകില്ല.പരിഹാരം കാണാനാകാത്ത ഒരു സമസ്യയും. രമേഷ് സുന്ദരേട്ടനേപ്പറ്റി പറഞ്ഞു.ലോകത്തെവിടേയ്ക്കും കാൽനടയായി പോയി വന്ന ഒരുവൻ.തൊഴിൽ കൊണ്ട്,അതുകൊണ്ടുമാത്രം ക്ഷുരകൻ.തിരുവില്വാമല വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറിയിട്ടും കൃത്യമായും എന്നും ഇവിടെയെത്തുന്നവൻ.ഒരാഴ്ചയ്ക്കകം ആ പുതിയ നാട്ടിലെ ചെറുപ്പക്കാരുടെ മുഴുവൻ റിംഗ്ടോൺ സുന്ദരേട്ടന്റെ പാട്ടായിരുന്നത്രെ.ഒരിയ്ക്കൽ ഒരു പകൽ മുഴുവൻ രമേഷൊത്ത് പാട്ടുകൾ പാടിയിരുന്നു.പിറ്റേന്ന് പകൽ പാട്ടും പാടി മരണത്തിലേക്ക് പടിയിറങ്ങിപ്പോയി.എഞ്ചിൻ മാത്രമായി നീങ്ങിയ ഒരു വണ്ടി റെയിൽ പാളത്തിൽ വച്ച് ആ തലയോടിനെ പിളരുകയായിരുന്നു.അത്രയും പറഞ്ഞുനിർത്തി രമേഷ് ഫോണിൽ സുന്ദരേട്ടനെ കേൾപ്പിച്ചു.
......ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായ്...
ബാബുരാജിനേപ്പോലൊരു ശബ്ദം.ഒരു നനുത്ത റോസാദലം ചെറുതായ് വിറകൊള്ളുന്നതുപോലെ.ഒരു ശരീരം
അതിൽനിന്നുമുയിർകൊണ്ടുഇപ്പോൾ സുന്ദരേട്ടൻ അടുത്തിരുന്നാണ്‌ പാടുന്നത്!!
നൂറുനൂറായിരം ആത്മാക്കൾ വന്ന് കുശലം
പറഞ്ഞുപോയിഞാൻ കൊണ്ടുവന്നാക്കിയ എന്റെ ഏട്ടന്മാർ വന്ന് വിശേഷങ്ങൾ ആരാഞ്ഞു,രാത്രി വീട്ടിൽ വൈകിമാത്രം എത്തുന്നതിന്‌ വഴക്ക് പരഞ്ഞു!!വിവരിക്കാനാകത്ത ചില സാമീപ്യങ്ങൾഇതിനിടയിൽ ചങ്ങാതിമാർ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല
ഏറെനേരമിരുന്നെപ്പോഴാണ്‌ മടങ്ങിയത്..?അറിയില്ല
വന്ന്കിടന്നപാടെ സലിൽ ഉറങ്ങിപ്പോയി.ഞാൻ പിന്നേയും ആഴ്ചപ്പതിപ്പ് തുറന്ന് face bookന്റെ താല്പര്യങ്ങൾ വായിച്ചിരുന്നു.കുറേ കഴിഞ്ഞ് രമേഷെത്തി.വയറ്റാട്ടിയാകാനുള്ള തയ്യാറെടുപ്പോടെ പുറത്തേയ്ക്കും പോയി.
ഉറങ്ങി
‘നമസ്കാരം’, ഗംഭീരമായ ആ ശബ്ദം
കടുംചായയുമായി രമേഷ്.പ്രസവമെടുത്ത് എത്തിയതേയുള്ളൂ‘ഭാഗീരഥിയ്ക്ക് പുത്രനാണ്‌,ശിവൻ എന്ന് പേരിട്ടു‘ചായകുടിച്ചവാറെ,ശിവനെ കണ്ട് ലാളിച്ചു,നിർവൃതിയോടെ ആയമ്മ നോക്കി നിന്നു.കുളിച്ചു.വില്വാദ്രിനാഥനെ തൊഴുതു.പി,അന്തിയുറങ്ങിയ ലോഡ്ജിനുമുന്നിലൂടെ നടന്നു.തിരിച്ചെത്തി മുറിയിൽ ചടഞ്ഞിരുന്ന സലിലിനോട് ചോദിച്ചു,ഇന്നെന്താ ഭാവം?ഉടൻ അവനിലൂടെ VKN മറുപടിച്ചു-’ഭാവയാമി രഘുരാമം‘അതുകൊണ്ട് പകൽ മറ്റെങ്ങും പോയില്ല.നിള കടന്നെത്തുന്ന ഇക്കിളിക്കാറ്റിനെ ആവോളം നുകർന്ന്,തുടരെമുറുക്കിത്തുപ്പിയിരുന്നു.മടങ്ങാനുള്ള നേരമായി.തട്ടേക്കാടിന്റെ കാനനഭംഗി കുടിയ്ക്കാൻ രമേഷിനെ ക്ഷണിച്ചു,വരാമെന്ന ഉറപ്പും കിട്ടി“ഒരു പണിചെയ്യ്,സ്റ്റേഷൻ വരെ വണ്ടിയിലാക്കാം,മജീദേ......”രമേഷ് നീട്ടി വിളിച്ചു.ഒറ്റപ്പാലം സ്റ്റേഷനിലേയ്ക്ക് ഒരു ആംബുലസ് ഇരച്ചുകയറുന്നത് കണ്ട് ഞെട്ടി!
“വേണ്ട വേണ്ട ഞങ്ങൾ നീട്ടിനടന്നോളാം”
എല്ലാ യാത്രയും പോലെ, പോയി വരാമെന്ന് പറയാവുന്ന ഒരിടമാണോ ഇത്‌...
അതെ,ഇങ്ങോട്ടേയ്ക്കല്ലാതെ മറ്റെങ്ങോട്ട്?
രമേഷ്ജീ,പോയ് വരട്ടെ..