January 17, 2009

സാധു വിരണ്ടാല്‍

കാടാറുമാസം നാടാറുമാസം എന്നൊരു ചര്യ പണ്ടേയുണ്ടായിരുന്നു
അതുകൊണ്ടുതന്നെ പറയാന്‍ ആനക്കഥകളും ഒരുപാടുണ്ട്‌
അതില്‍ ധീരന്മാരായ ഒറ്റയാന്മാരുണ്ട്‌,ആറാം റെജിമെന്റുകളുമുണ്ട്‌
കറുപ്പുണ്ട്‌ ചുവപ്പുണ്ട്‌
കൊമ്പനുണ്ട്‌ പിടിയും
പക്ഷെ ഇക്കഥയില്‍ ഞാന്‍ സാക്ഷിയല്ല,ശ്രോതാവ്‌ മാത്രം

അശോകേട്ടനാല്‍ കഥിക്കപ്പെട്ട ഇക്കഥ കേള്‍ക്കുന്നത്‌ ഗോപണ്ണനില്‍
നിന്നാണ്‌-കോതമംഗലത്തെ ജീപ്പ്‌ ഡ്രൈവര്‍
കേള്‍ക്കുന്ന അന്തരീക്ഷം,വഴിപോയിട്ട്‌ സ്വന്തം കാല്‍ കൂടി കാണാന്‍ കഴിയാത്ത
ഒരുഗ്രന്‍ രാത്രി ഇടമലയാര്‍ റിസര്‍വോയറിന്റെ മുകളില്‍ കാട്ടില്‍ ദിശാഭ്രംശം
വന്നുനിന്ന ഒരു ഡിസംബര്‍,കഥയിലേക്കു വരാം...






ഹയിറേഞ്ച്‌ മേഖലയില്‍ റോഡ്‌ ടാറിംഗ്‌ നടക്കുന്നു.അശോകേട്ടനാണു റോളറിന്റെ
സാരഥി.അന്ന് ഇന്നത്തേപ്പോലെ സുന്ദരന്‍ റോളറല്ല,തനി പ്രാകൃതന്‍.അതൊന്നു
നീങ്ങണമെങ്കില്‍ ഇടം വലം രണ്ട്‌ പെണ്ണുങ്ങള്‍ വേണം.(ഇവിടെ ഇപ്പോള്‍ ആരേയും
ഓര്‍ക്കണ്ട!!) വീലുകള്‍ ഇടക്കിടെ നനച്ച്‌ തുടച്ചു കൊടുക്കണം.മെല്ലെയാണു
പോക്ക്‌,അത്രയേ പറ്റൂ.പക്ഷെ പ്ഭാം-പ്ഭാം എന്നു മുഴങ്ങുന്ന ഹോണ്‍
ഏച്ചുകെട്ടിയിട്ടുമുണ്ട്‌.കുത്തനെയുള്ള ഒരു കയറ്റമാണ്‌ ടാര്‍ ചെയ്യുന്നത്‌.റോഡിന്റെ
ഇടതു വശത്തായി താഴെയാണ്‌ പണിക്കാര്‍ക്ക്‌ താനസിക്കാനുള്ള ടെന്റ്‌.ഇടക്കിടെ
ആനശല്യമുള്ള സ്ഥലം...ഇനി ഒരു മൂന്നു ദിവസത്തേക്കുള്ള പണിയേ ബാക്കിയുള്ളൂ അതു
കഴിഞ്ഞാല്‍ ടെന്റ്‌ മാറ്റിക്കെട്ടാം..പതിവുപോലെ പണികഴിഞ്ഞ്‌ ടെന്റില്‍ നിന്നാല്‍
കാണാന്‍ പാകത്തിന്‌ റോളര്‍ ഒതുക്കിയിട്ട്‌ കൂറ്റന്‍ വീലുകളില്‍ സാമാന്യം ഭേദപ്പെട്ട
രണ്ട്‌ കാട്ടുകല്ലുകള്‍ ഊടുവച്ച്‌ അശോകേട്ടന്‍ ടെന്റിലേക്കു പോയി.ചിട്ടപ്പടി
ഭക്ഷണവും കള്ളുകുടിയും ചീട്ടുകളിയും കഴിഞ്ഞ്‌ കിടക്കാന്‍ നേരം റോളറിനെ
യഥാസ്ഥാനത്ത്‌ കണ്ട്‌ തൃപ്തനായിട്ടാണ്‌ ഉറങ്ങാനും കിടന്നത്‌...നമ്മുടെ നാടല്ലേ
റോളറെടുത്ത്‌ പോകാനും മടിച്ചെന്നു വരില്ല അതുകൊണ്ടാണ്‌ ഇവനെ അങ്ങ്‌ ചേര്‍ത്ത്‌`
place ചെയ്യുന്നത്‌.
ആറു മണിക്കുതന്നെ ടെന്റ്‌ ഏറെക്കുറേ സജിവമാകും.ഉണര്‍ന്നെണീറ്റ അശോകേട്ടന്‍ കണ്ണും
തിരുമ്മി മുന്‍പിലെ റോഡിലേക്കു തൃക്കണ്‍ പാര്‍ത്തു-റോളറില്ല !!!
"ഇവനിതെവിടെപ്പോയി?"
മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ ഒരു പതിനഞ്ചു മീറ്ററോളം താഴെ കിടപ്പുണ്ട്‌
പാര്‍ടി,സമാധാനമായി..ഉമിക്കരിടിന്നില്‍ നിന്നും കരിയെടുത്ത്‌ പല്ലലക്കാന്‍
തുടങ്ങുമ്പോളാണു ദൊരൈച്ചാമിയുടെ കാറിച്ച കേള്‍ക്കുന്നത്‌` ശുദ്ധകാംബോജിയില്‍
"ആണ്ടെ വരണ്‌"
അശോകേട്ടന്‍ മുറ്റത്തിറങ്ങി
അപ്പോഴേക്കും സ്വരം നഷ്ടപ്പെട്ട്‌ ദൊരൈ.ചെമ്പൈ ആയി മാറിക്കഴിഞ്ഞിരുന്നു.
ആംഗ്യം മാത്രം,'വേഗം വാ' എന്നാണാ ദീനാഭ്യര്‍ത്ഥന
റോഡിലിറങ്ങിയപ്പോല്‍ കണ്ടു ഊടുവച്ച കാട്ടുകല്ലുകള്‍ അവിടവിടെയായി
ചിതറിക്കിടക്കുന്നു,കള്ളന്മാരുടെ അടികൊണ്ടവശനായ സെക്യൂരിറ്റിക്കാരനേപ്പൊലെ
.കീഴോട്ടു നടന്ന് വാഹനത്തിന്റെ അടുത്തെത്തി.
ഏയ്‌ കുഴപ്പമൊന്നുമില്ല
പിന്നെ....?
അശോകേട്ടന്‍ റോളറിന്റെ പിന്നിലെത്തി.
വിര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ റച്ചുപോയി !!!!!!!!

മംഗലാംകുന്നു ഗണപതി പോലും ചമ്മിപ്പോയേക്കാവുന്ന ഒരു രൂപം
മേലാകെ ചെമ്മണ്ണ്‍ പുതഞ്ഞങ്ങനെ
തന്റെ മസ്തകം കൊണ്ടു റോളറിന്റെ പിന്‍ ഭാഗം താങ്ങി നില്‍ക്കുകയാണ്‌ കളരിക്കാരേപ്പോലെ
കാലുകള്‍ അകത്തിച്ചവിട്ടി,ചൊട്ടയില്‍........
അടിവസ്ത്രം നനഞ്ഞെന്ന സംശയം ബലപ്പ്പ്പെടവേ ആ കണ്ണുകളിലേയ്ക്കൊന്നു പാളി
നോക്കാതിരിക്കാന്‍ മനസ്സു വന്നില്ല
"അന്തം വിട്ടുനില്‍ക്കാതെ ഇതൊന്നെടുത്തുമാറ്റടാ കഴുതേ"എന്നു പറയാതെ പറയുന്ന
ഒരുണ്ടക്കണ്ണ്‌.
നന്നേ പേടിച്ചിട്ടായാലും അശോകേട്ടന്‍ വണ്ടിയില്‍ കയറി
സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്‍പോട്ടെടുത്തു
ഇവന്‍ വരുന്ന എതിര്‍വശത്തൂടെ ചാടിയോടാം എന്നായിരുന്നു കണക്കു കൂട്ടല്‍സ്‌
"എന്നോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും" എന്ന ഭാവത്തില്‍ സവിശേഷമായ നിതംബ ചലനങ്ങളോടെ
അവന്‍ പക്ഷേ കാട്‌ കയറാന്‍ തുടങ്ങി
പറന്നകന്ന ജീവന്റെ എണ്ണമറ്റ കിളികള്‍ തന്നിലേക്കു തിരികെ വന്ന് ചേക്കേറുന്നത്‌
അശോകേട്ടന്‍ അറിഞ്ഞു.അപ്പോള്‍ അപ്പ്പ്പോള്‍ മാത്രം സ്റ്റീയറിംഗ്‌ വീലില്‍
തലവച്ചധ്ദേഹം തളര്‍ന്നു കിടന്നു

No comments: