January 20, 2009
ഒരു വാടാമല്ലിയുടെ ഓര്‍മ്മയ്ക്ക്
നിലത്ത് തഴപ്പായയില്‍ കിടക്കുകയായിരുന്നു അവള്‍.കണ്ടപ്പോള്‍ത്തന്നെ ഏറെനേരമെടുത്ത് എഴുന്നേറ്റു.ആകാംക്ഷ വിടര്‍ന്ന മുഖം.ഗര്‍ഭാലസ്യമുള്ള കണ്ണുകള്‍.രണ്ടുകയ്യുകള്‍കൊണ്ടും നടുവുതാങ്ങി ചിരിച്ചുകൊണ്ടു തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു,"ഇരിയ്ക്കെടാ".എന്നിട്ടാ വലിയ വയറും പേറി കട്ടിലില്‍ ഇരുന്ന് മുഖത്തേയ്ക്കുറ്റുനോക്കി.ഞാന്‍ ചുഴറ്റിയ ഇരുമ്പുണ്ട പോലെ വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക് എടുത്തെറിയപ്പെട്ടു.കഞ്ഞിയും കറിയും വച്ച് കളിച്ചുനടന്ന ബാല്യത്തില്‍ എപ്പോഴും ദേഹം നോവിക്കുന്ന ഒരു കുസ്രുതിക്കാരി.എത്ര ക്രിസ്തുമസ്സ് പുല്‍ക്കൂടുകള്‍ക്ക്,കളര്‍ പേപ്പറുകള്‍ വെട്ടിയൊട്ടിച്ച് മുളംകമ്പുകള്‍കൊണ്ടുണ്ടാക്കുന്ന എത്ര നക്ഷത്രങ്ങള്‍ക്ക് ഇവള്‍ എനിക്ക് പണിയാളായി ഒപ്പം നിന്നിരിക്കുന്നു.പിന്നെ,വെള്ള ഷര്‍ട്ടും നീല പാവാടയുമിട്ട് സൈക്കിളില്‍ പോകുന്ന ഒരു പതിനഞ്ചുകാരി.നഗരത്തിരക്കൊഴിഞ്ഞ് ഇടവഴിയിലെത്തുമ്പോള്‍ ഇരുതോളത്തും അമര്‍ത്തിപ്പിടിച്ച് നെറ്റിയില്‍ നെറ്റികൊണ്ടിടിച്ച് അവള്‍ പണ്ടത്തെ "പോരുകാരി"യായി.പിന്നേയും നാളൊരുപാട് കഴിഞ്ഞാണ് ചോറ്റാനിക്കരയിലേക്കുള്ള ഒരു കല്യാണയാത്രയില്‍ ഒരു വാടാമല്ലിത്തണ്ട് തന്ന് അങ്ങനെ പറഞ്ഞത്-"എപ്പോഴുമുണ്ടായിരുന്നു നീ ഉള്ളില്‍,പോയ വര്‍ഷങ്ങളിലെങ്ങാനുമാണ് ഞാനിതു പറഞ്ഞതെങ്കില്‍ നീ ഇതൊരു സ്കൂള്‍കുട്ടിയുടെ ചാപല്യമായി കണ്ടേനെ" അതെ,അത്ര പക്വതയോടെയാണ് അവള്‍ സംസാരിച്ചത്.അതുവരെ അനുഭവപ്പെടാത്ത ഒരു നിറവ് എനിക്കനുഭവപ്പെടാന്‍ തുടങ്ങി.എങ്കിലും വിശുദ്ധമായ ഒരകലം ഞങ്ങള്‍ കാത്തു.എപ്പോഴോ അവള്‍ തന്ന ഒരു കൊച്ചുമ്മ പോലും ഒര്‍മ്മകളില്‍ പൊള്ളിക്കിടന്നു.വിലക്കപ്പെട്ട ഒരു കനിപോലെയത് തൊണ്ടയില്‍ തടഞ്ഞുനിന്നു.അവധി ദിവസങ്ങളില്‍ ഞാന്‍ അമ്മയുടെ തറവാട്ടിലേക്ക് ഓടിയെത്തി.ഏഴരയ്ക്കുള്ള ദൂരദര്‍ശന്‍ വാര്‍ത്തയുടെ സമയം അവള്‍ക്കു വേണ്ടിയായിരുന്നു,അല്ല ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു.അങ്ങിനെയൊരിക്കല്‍ ഒരു കാരണവുമില്ലാതെ അവള്‍ എന്റെ ചുമലുകളില്‍ മുഷ്ടിചുരുട്ടി ഇടിച്ചുകൊണ്ടു പറഞ്ഞു കന്യാസ്ത്രീ ആവാന്‍ തിരുമാനിച്ചെന്നു.തടപൊട്ടി ഞാന്‍ നിലതെറ്റിയൊലിച്ചുപോയി.അവള്‍ മടങ്ങി ഏറെക്കഴിഞ്ഞാണ് എനിക്ക് പരിസരബോധം തന്നെ വന്നത്.അവിടെ തുടരാന്‍ അവള്‍ക്കായില്ലെന്നും ആന്ധ്രയിലെ നേഴ്സിംഗ് കോളേജിലേക്ക് പോയെന്നും ഏറെക്കഴിഞ്ഞ് അവളുടെ സഹോദരന്‍ പറഞ്ഞറിഞ്ഞു.പിന്നെ മൂന്നോ നാലോ കത്തുകള്‍.ഒരു കാലത്തു നീ തന്നതിനെ അടുത്ത വരവില്‍ ഞരമ്പില്‍ കുറച്ച് പെത്തഡിന്‍ കയറ്റി സബ്സ്റ്റിറ്റൂട്ട് ചെയ്യണമെന്നു ഞാന്‍ മുകുന്ദന്റെ ഏതോ കഥാപാത്രമായി.ശ്രീലങ്കയിലേക്കായിരുന്നു അവള്‍ ജോലിക്കുപോയത്.ഈ പുതുവര്‍ഷത്തില്‍ നിന്നെ കാണണമെന്നും ഞാന്‍ നിനക്കായി കുറേ സമ്മാനങ്ങള്‍ കൊണ്ടുവരുമെന്നും അവള്‍ എഴുതി.ഞാന്‍ പോയില്ല.സമ്മാനപ്പൊതികള്‍ ഞാന്‍ തറവാട്ടില്‍ നിന്നും കൈപ്പറ്റി-ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ എഴുത്തുകടലാസ്സുകള്‍,ശ്രീലങ്കന്‍ പേനകള്‍.കൂടാതെ കടല്‍ത്തീരത്തെ കുഞ്ഞു മണ്ണിന്‍ കണ്ണുകളും ആ പൊതിയില്‍ ഉണ്ടായിരുന്നു.പിന്നെയും ബന്ധമറ്റ മാസങ്ങള്‍ഇടയിലെപ്പോഴൊ പരിചയപ്പെട്ട ഒരുവനുമായി അവളുടെ കല്ല്യാണം ഉറയ്ക്കുന്നു.സഹോദരന്‍ തന്നെയാണു കുറിയുമായി വീട്ടില്‍ വന്നത്.വീട്ടുകാര്‍ക്കിഷ്‌ടമില്ലാത്ത ഒന്നായിരുന്നുവത്.നന്നായി മദ്യപിക്കുന്ന ഒരുവന്‍,അതും ഓട്ടോക്കാരന്‍.തൊഴില്‍ മേഖല ഒന്നായതിനാല്‍ ഞാനും ഒന്ന് രണ്ട് വട്ടം കണ്ടിട്ടുമുണ്ട്-ഒരു ഊടായിപ്പന്‍ !!.അവള്‍ക്കു നല്ലതു വരട്ടേയെന്ന് ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ മിന്നു കെട്ടു കഴിഞ്ഞ പത്താം മിനിറ്റില്‍ അവള്‍ വിളിച്ചു,"നീ വരുമെന്നു കരുതി""ഇല്ല,എനിക്കങ്ങനെ നിന്നെ കാണാനാവില്ല"ഞാന്‍ സത്യസന്ധമല്ലാതെ മറുപടിച്ചു.പിന്നീട് കാണുന്നതാണിങ്ങനെ.............'എന്താ നീ ഓര്‍ക്കുന്നേ?'"ഒന്നുമില്ല"ഉള്ളില്‍ വാസുവേട്ടന്റെ കള്ള് പതയ്ക്കുന്നു.കയ്യില്‍ പതഞ്ഞ വീര്യത്താല്‍ അടിപതറിയ ബൈക്ക് തന്ന മുറിവും.അവള്‍ കാരണം തിരക്കി.ഒരുപാട് മുറിഞ്ഞോ/ഏയ് ഇല്ല.എന്നു ഞാന്‍പിന്നെ സംസാരിക്കാന്‍ തുടങ്ങി.താന്‍ നീന്തുന്ന തീക്കടലുകളേക്കുറിച്ച്.ഭര്‍ത്താവ് അവള്‍ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കുടിച്ചുവറ്റിച്ചതും പാസ്പോര്‍ട്ടും മറ്റും കത്തിച്ചുകളഞ്ഞതും ഗര്‍ഭത്തിന്റെ ഉത്തരവാദി തന്നെ മറ്റാരോ ആണെന്നു പറഞ്ഞതും ഒരു കൊച്ചാണ്‍കുട്ടിയോട് മിണ്ടിയാല്‍പ്പോലും പുലയാട്ട് പറയുന്നതും ...എല്ലാം"നീ ഇങ്ങനെ ഇരിക്കുന്നത് കണ്ടു വന്നാല്‍മതി,ഇന്നത്തേക്കിനി മറ്റൊന്നും വേണ്ട.സഹികെട്ടാണ് ഞാന്‍ ഇങ്ങോട്ടു പോന്നതു തന്നെ,ഇനി കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചുവേണം ജോലിക്കു പോകാന്‍,ശ്രീലങ്കയില്‍ തന്നെ,അല്ലേല്‍ വേറെവിടേലും........അവള്‍ കരയുകയായിരുന്നില്ല,എങ്കിലും ഇടക്കിടെ ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മഴവില്‍തിളക്കത്താല്‍ ഞാനറിഞ്ഞു ആ കണ്ണുകളിലെ നനവ്.പ്രണയിനിയെ മറ്റാരെങ്കിലും വിവാഹം ചെയ്യുമ്പോഴല്ല നാം സങ്കടപ്പെടുന്നത്,ആ ജീവിതത്തിന്റെ profile നമുക്ക് കൊടുക്കാന്‍ കഴിയുന്നതിനേക്കാളും താഴെയാകുമ്പോഴാണ് അല്ലെങ്കില്‍ താഴെയാണെന്നു നാം കരുതുമ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ആ വേര്‍പാട് വേദനയാകുന്നത്.അമ്മ കൊണ്ടുവച്ച ചായ ആറിത്തണുത്തിരുന്നുഒറ്റവലിക്കത് കുടിച്ചുതീര്‍ക്കുമ്പോഴും ഉള്ളില്‍ ഒരു സമുദ്രം അലച്ചെത്തി തട്ടിച്ചിതറുകയായിരുന്നു.കട്ടിലില്‍ ഇരുന്ന അവളുടെ അടുത്ത് ചേര്‍ന്നു നിന്ന് വിറയ്ക്കുന്ന ആ മുഖം കൈകളിലെടുത്ത് കണ്ണുകളിലേക്കുറ്റു നോക്കി-അഭയം തിരക്കുന്ന പരല്‍മീനുകള്‍.എന്റെ ചുണ്ടുകള്‍ ആ നെറ്റിമേല്‍ അമര്‍ത്തിപ്പതിപ്പിച്ചു.അവളുടെ തല ഇരു കൈകള്‍കൊണ്ടും വാരിയെടുത്തെന്റെ നെഞ്ചോടു ചേര്‍ത്തു.കുഞ്ഞ്,കളിപ്പാട്ടം എന്നപോലെ.വിട്ടുകളയാന്‍ തോന്നിയില്ല.പക്ഷേ............തലയില്‍ ഒരിക്കല്‍ക്കൂടി തഴുകി.ഒന്നും മിണ്ടാനാകാതെ പുറത്തിറങ്ങി.വാക്കുകള്‍ എവിടെയോ കൈമോശം വന്നിരുന്നു.പുറത്ത് ഗേറ്റില്‍ ഉറയ്ക്കാത്ത ചുവടുകളോടെ അവന്‍ !!!എന്നെ തുറിച്ചു നോക്കി,അപരിചിതനേപ്പോലെനോട്ടം എന്നേയും കടന്നു വീട്ടിലേക്ക് നീണ്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി,നിറഞ്ഞ കണ്ണുകളോടെ അവള്‍ മുന്‍ വാതില്‍ വരെ എത്തി നില്‍ക്കുന്നു.കുറച്ചു നടന്നതേയുള്ളൂ.ഉറക്കെ കുറേ തെറി വിളികളും അടിയുടെ ശബ്ദവും.ഉയര്‍ന്നു പക്ഷെ പെട്ടെന്നില്ലാതായ ഒരു കരച്ചില്‍.അവള്‍ അതും വിഴുങ്ങിയതാകാം.അവന്റെ ഒച്ചയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.പിന്തിരിഞ്ഞോടുന്ന ഒരു പടയാളിയേപ്പോലെ
Subscribe to:
Post Comments (Atom)
1 comment:
നിന്നിലെ കാമുകന്‍ എന്ന ക്രൂരന്‍ ഒടുവിലത്തെ സീനില്‍ അട്ടഹസിക്കുകയായിരുന്നു വേണ്ടത് 'ഹലോ മിസ്റ്റര്‍ പെരേര' എന്ന ജോസ്പ്രകാശ് സ്റ്റൈലില്‍
Post a Comment