November 18, 2011

ഓര്‍ക്കവേ...

(താടി,ബീഡി,മുഷിഞ്ഞ ജുബ്ബ,ഒരു കവിയെ....
കുടവയര്‍,കൊമ്പന്‍ മീശ ഒരു പോലീസുകാരനെ...
കാലം മാറിയെങ്കിലും ഉള്ളില്‍ തറഞ്ഞ ചില ആണികള്‍ ഇളകിയിട്ടുണ്ടോ,
സംശയമാണ്‌.നോക്കൂ, എന്നില്‍ പതിഞ്ഞ അത്തരം അല്‍പ്പം ആണികള്‍..)

പൊന്‍കുന്നം വര്‍ക്കി,
മാറു മറയ്ക്കാത്ത മുത്തശ്ശി.
ഓ.വി വിജയന്‍,
കാസരോഗിയായ മൂത്തമ്മാവന്‍,ദുര്‍ബലന്‍.
കെ.പി അപ്പന്‍,
ആകാംക്ഷയാല്‍ വിടര്‍ന്ന
രണ്ടുണ്ടക്കണ്ണുകള്‍
ജോണ്‍,
വാറ്റ്‌ ഒളിപ്പിച്ച ഒരു
വയ്ക്കോല്‍ത്തുറു
പി.രാമന്‍,
കട്ടിലിന്റടിയിലൊരു
മുട്ടന്‍ ചിലന്തി.
വിജയന്‍ മാഷ്‌
അടഞ്ഞു ധ്യാനിക്കുന്ന
നാല്‌ കണ്‍പോളകള്‍
പുനത്തിലും
ശങ്കരാടിയും
ഒരു വള്ളിനിക്കര്‍
എം കൃഷ്ണന്‍ നായര്‍,
'ഷേര്‍ട്ട്‌'ഇട്ട്‌ സിഗരറ്റ്‌ കടിച്ച
ഒരു ധ്വര
മലയാറ്റൂര്‍,
അരിശിച്ചെടി ടച്ചിംഗ്സോടെ,
'ഒന്നൂടെ ഒഴിടേയ്‌..'എന്നു ജഗതി
(ചിലര്‍ കാഴ്ച്ചയല്ല,കര്‍മ്മം തന്നെയാണ്‌)
എം മുകുന്ദന്‍.കോട്ടും സൂട്ടുമിട്ട്‌
ചെളിയില്‍ നടക്കുന്നു
എം.ടി
മീശ പിരിച്ച്‌
പതിയെ മച്ചകത്തേയ്ക്ക്‌
ഇരുട്ട്ഗോവണി കയറുന്നു
ഈ എം എസ്സിന്റെ
ഫോട്ടോയിലേയുണ്ട്‌
വിശ്രുതമായ വിക്ക്‌
സുരാസു.
നഗര മധ്യത്തിലൊരു സ്വയംഭോഗം
രണ്ട്‌ സച്ചിദാനന്ദന്മാര്‍..
പുഴങ്കരയെഴുന്നവന്‍,
മലക്കപ്പാറയ്ക്കുള്ള വണ്ടിയില്‍
താടിപിടിച്ചൊരു റഷ്യന്‍ കവിതയുടെ
സ്വന്തം പരിഭാഷ ചൊല്ലുന്നു
പന്തീരാണ്ട്‌ ഭാഷയിലും കുടിയേറിയ അപരന്‍
വെള്ള ഷോര്‍ട്സും ടീഷര്‍ട്ടുമിട്ടൊ-
രു എക്സിക്യൂട്ടീവ്‌ കസേരയില്‍
ഇരുന്നെഴുതുന്നു
ചുള്ളിക്കാട്‌,
ഐപ്പോഡിലെ പാട്ടും കേട്ട്‌
ഒരു ടാക്സിയാം ടവേരയില്‍...
വി.ജി തമ്പി,
ചാരു കസേരയിലുറങ്ങുന്നു
നെഞ്ചില്‍ കമഴ്ത്തിയ
വേദപുസ്തകം
കവിയ്ക്കും കവിയായൊരയ്യപ്പന്‍
തമ്പാനൂരില്‍
ചിതറി നടക്കുന്നു

No comments: