January 30, 2009

ആകപ്പാടെ ഒരൊറ്റ moral മാത്രമേ ഉള്ളൂവെന്നും അതാകട്ടെ പാത്രം മോറലുമാണെന്നു പറഞ്ഞതാരാണ്‌? മറ്റാരുമല്ല നമ്മുടെ തിര്‌ല്ലാല വാണരുളിയ കുഞ്ചന്‍ തന്നെ- നാണുവാര്‌.ഇതാ മോറലും വിധിയും decision making ഉം എല്ലാം കൂടിച്ചേര്‍ന്ന് രണ്ട്‌ കഥകള്‍; അവര്‍ പ്രണയബന്ധിതരായിട്ട്‌ ഒരുപാട്‌ നാളുകളായി.തീര്‍ച്ചയായും ദൈവനിയമങ്ങളെ ലംഘിക്കാത്ത വിശുദ്ധ പ്രണയം.ഇതിനിടയിലാണ്‌ അവന്‌ അസുഖം പിടിച്ചത്‌.ഒരു പ്രത്യേക മരുന്ന് കഴിച്ചാല്‍ അസുഖം മാറും.അല്ലെങ്കില്‍ മരണമാണ്‌ വിധി.നദിക്കക്കരെ മരുന്ന് തേടി നായിക പോയി.സുദീര്‍ഘമായ അലച്ചിലിനൊടുവില്‍ മരുന്ന് തരപ്പെടുന്നു.പക്ഷെ,അപ്പൊഴേക്കും ഉരുള്‍പൊട്ടി പുഴ കൂലം കുത്തി ഒഴുകി തുടങ്ങിയിരുന്നു.അപകടങ്ങളേതുമില്ലാതെ മറുകരയെത്തിക്കാന്‍ കെല്‍പ്പുള്ള ഒരേ ഒരു തോണിക്കാരനേയുള്ളു.പക്ഷെ അങ്ങേര്‍ ഒരു വ്യവസ്ഥ വച്ചു-അക്കരെയെത്തിക്കാം,എന്റെ കൂടെ ഒന്നു കിടക്കാമെങ്കില്‍.........മരുന്ന് അക്കരെയെത്തിക്കാന്‍ വൈകുന്ന ഓരോ നിമിഷവും നായകന്‍ മരണത്തോടടുക്കുകയാണ്‌.പുഴയാകട്ടെ എപ്പോള്‍ ശാന്തമാകുമെന്നു പറയാനും പറ്റുന്നില്ലഎന്ത്‌ ചെയ്യും,നായിക?കഥ നംബര്‍ രണ്ട്‌:കള്ളനെ ഓടിക്കുകയാണ്‌ പോലീസുകാരന്‍.കടലാസുകനം പായുന്ന കള്ളന്‍,പിന്നില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി പോലീസും.കള്ളന്റെ കയ്യിലും തോക്കുണ്ട്‌.പക്ഷെ ഓട്ടത്തിനിടയില്‍ അങ്ങേര്‍ക്കത്‌ എടുക്കാന്‍ കഴിയുന്നില്ല.അപ്പോഴാണ്‌ മേപ്പടി പോലീസിനെ ഉന്നം വച്ച്‌ മറ്റൊരാള്‍ തോക്കു പിടിക്കുന്നത്‌ കള്ളന്‍ കാണുന്നത്‌.പെട്ടെന്നു കള്ളന്‍ തോക്കെടുത്ത്‌ അവനെ വെടിവച്ച്‌ വീഴ്ത്തുന്നു.എന്നിട്ടോ,പകച്ചുനിന്ന പോലീസുകാരന്റെ മുന്നില്‍ കീഴടങ്ങുന്നു,കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലായ ടി പോലീസുകാരന്‍ എന്തോ ചെയ്യും? കഥകള്‍ വായിച്ചല്ലോ കൂട്ടുകാരേ... ഇനി പണിയും വേലയുമില്ലാത്ത ആരെങ്കിലും നാട്ടില്‍ ബാക്കിയുണ്ടേല്‍ പറഞ്ഞ്‌ തര്‍ക്കിച്ചു തുടങ്ങാവുന്നതാണ്‌

January 20, 2009

ഒരു വാടാമല്ലിയുടെ ഓര്‍മ്മയ്ക്ക്‌

നിലത്ത്‌ തഴപ്പായയില്‍ കിടക്കുകയായിരുന്നു അവള്‍.കണ്ടപ്പോള്‍ത്തന്നെ ഏറെനേരമെടുത്ത്‌ എഴുന്നേറ്റു.ആകാംക്ഷ വിടര്‍ന്ന മുഖം.ഗര്‍ഭാലസ്യമുള്ള കണ്ണുകള്‍.രണ്ടുകയ്യുകള്‍കൊണ്ടും നടുവുതാങ്ങി ചിരിച്ചുകൊണ്ടു തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു,"ഇരിയ്ക്കെടാ".എന്നിട്ടാ വലിയ വയറും പേറി കട്ടിലില്‍ ഇരുന്ന് മുഖത്തേയ്ക്കുറ്റുനോക്കി.ഞാന്‍ ചുഴറ്റിയ ഇരുമ്പുണ്ട പോലെ വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌ എടുത്തെറിയപ്പെട്ടു.കഞ്ഞിയും കറിയും വച്ച്‌ കളിച്ചുനടന്ന ബാല്യത്തില്‍ എപ്പോഴും ദേഹം നോവിക്കുന്ന ഒരു കുസ്രുതിക്കാരി.എത്ര ക്രിസ്തുമസ്സ്‌ പുല്‍ക്കൂടുകള്‍ക്ക്‌,കളര്‍ പേപ്പറുകള്‍ വെട്ടിയൊട്ടിച്ച്‌ മുളംകമ്പുകള്‍കൊണ്ടുണ്ടാക്കുന്ന എത്ര നക്ഷത്രങ്ങള്‍ക്ക്‌ ഇവള്‍ എനിക്ക്‌ പണിയാളായി ഒപ്പം നിന്നിരിക്കുന്നു.പിന്നെ,വെള്ള ഷര്‍ട്ടും നീല പാവാടയുമിട്ട്‌ സൈക്കിളില്‍ പോകുന്ന ഒരു പതിനഞ്ചുകാരി.നഗരത്തിരക്കൊഴിഞ്ഞ്‌ ഇടവഴിയിലെത്തുമ്പോള്‍ ഇരുതോളത്തും അമര്‍ത്തിപ്പിടിച്ച്‌ നെറ്റിയില്‍ നെറ്റികൊണ്ടിടിച്ച്‌ അവള്‍ പണ്ടത്തെ "പോരുകാരി"യായി.പിന്നേയും നാളൊരുപാട്‌ കഴിഞ്ഞാണ്‌ ചോറ്റാനിക്കരയിലേക്കുള്ള ഒരു കല്യാണയാത്രയില്‍ ഒരു വാടാമല്ലിത്തണ്ട്‌ തന്ന്‌ അങ്ങനെ പറഞ്ഞത്‌-"എപ്പോഴുമുണ്ടായിരുന്നു നീ ഉള്ളില്‍,പോയ വര്‍ഷങ്ങളിലെങ്ങാനുമാണ്‌ ഞാനിതു പറഞ്ഞതെങ്കില്‍ നീ ഇതൊരു സ്കൂള്‍കുട്ടിയുടെ ചാപല്യമായി കണ്ടേനെ" അതെ,അത്ര പക്വതയോടെയാണ്‌ അവള്‍ സംസാരിച്ചത്‌.അതുവരെ അനുഭവപ്പെടാത്ത ഒരു നിറവ്‌ എനിക്കനുഭവപ്പെടാന്‍ തുടങ്ങി.എങ്കിലും വിശുദ്ധമായ ഒരകലം ഞങ്ങള്‍ കാത്തു.എപ്പോഴോ അവള്‍ തന്ന ഒരു കൊച്ചുമ്മ പോലും ഒര്‍മ്മകളില്‍ പൊള്ളിക്കിടന്നു.വിലക്കപ്പെട്ട ഒരു കനിപോലെയത്‌ തൊണ്ടയില്‍ തടഞ്ഞുനിന്നു.അവധി ദിവസങ്ങളില്‍ ഞാന്‍ അമ്മയുടെ തറവാട്ടിലേക്ക്‌ ഓടിയെത്തി.ഏഴരയ്ക്കുള്ള ദൂരദര്‍ശന്‍ വാര്‍ത്തയുടെ സമയം അവള്‍ക്കു വേണ്ടിയായിരുന്നു,അല്ല ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു.അങ്ങിനെയൊരിക്കല്‍ ഒരു കാരണവുമില്ലാതെ അവള്‍ എന്റെ ചുമലുകളില്‍ മുഷ്ടിചുരുട്ടി ഇടിച്ചുകൊണ്ടു പറഞ്ഞു കന്യാസ്ത്രീ ആവാന്‍ തിരുമാനിച്ചെന്നു.തടപൊട്ടി ഞാന്‍ നിലതെറ്റിയൊലിച്ചുപോയി.അവള്‍ മടങ്ങി ഏറെക്കഴിഞ്ഞാണ്‌ എനിക്ക്‌ പരിസരബോധം തന്നെ വന്നത്‌.അവിടെ തുടരാന്‍ അവള്‍ക്കായില്ലെന്നും ആന്ധ്രയിലെ നേഴ്സിംഗ്‌ കോളേജിലേക്ക്‌ പോയെന്നും ഏറെക്കഴിഞ്ഞ്‌ അവളുടെ സഹോദരന്‍ പറഞ്ഞറിഞ്ഞു.പിന്നെ മൂന്നോ നാലോ കത്തുകള്‍.ഒരു കാലത്തു നീ തന്നതിനെ അടുത്ത വരവില്‍ ഞരമ്പില്‍ കുറച്ച്‌ പെത്തഡിന്‍ കയറ്റി സബ്സ്റ്റിറ്റൂട്ട്‌ ചെയ്യണമെന്നു ഞാന്‍ മുകുന്ദന്റെ ഏതോ കഥാപാത്രമായി.ശ്രീലങ്കയിലേക്കായിരുന്നു അവള്‍ ജോലിക്കുപോയത്‌.ഈ പുതുവര്‍ഷത്തില്‍ നിന്നെ കാണണമെന്നും ഞാന്‍ നിനക്കായി കുറേ സമ്മാനങ്ങള്‍ കൊണ്ടുവരുമെന്നും അവള്‍ എഴുതി.ഞാന്‍ പോയില്ല.സമ്മാനപ്പൊതികള്‍ ഞാന്‍ തറവാട്ടില്‍ നിന്നും കൈപ്പറ്റി-ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ എഴുത്തുകടലാസ്സുകള്‍,ശ്രീലങ്കന്‍ പേനകള്‍.കൂടാതെ കടല്‍ത്തീരത്തെ കുഞ്ഞു മണ്ണിന്‍ കണ്ണുകളും ആ പൊതിയില്‍ ഉണ്ടായിരുന്നു.പിന്നെയും ബന്ധമറ്റ മാസങ്ങള്‍ഇടയിലെപ്പോഴൊ പരിചയപ്പെട്ട ഒരുവനുമായി അവളുടെ കല്ല്യാണം ഉറയ്ക്കുന്നു.സഹോദരന്‍ തന്നെയാണു കുറിയുമായി വീട്ടില്‍ വന്നത്‌.വീട്ടുകാര്‍ക്കിഷ്‌ടമില്ലാത്ത ഒന്നായിരുന്നുവത്‌.നന്നായി മദ്യപിക്കുന്ന ഒരുവന്‍,അതും ഓട്ടോക്കാരന്‍.തൊഴില്‍ മേഖല ഒന്നായതിനാല്‍ ഞാനും ഒന്ന് രണ്ട്‌ വട്ടം കണ്ടിട്ടുമുണ്ട്‌-ഒരു ഊടായിപ്പന്‍ !!.അവള്‍ക്കു നല്ലതു വരട്ടേയെന്ന് ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ മിന്നു കെട്ടു കഴിഞ്ഞ പത്താം മിനിറ്റില്‍ അവള്‍ വിളിച്ചു,"നീ വരുമെന്നു കരുതി""ഇല്ല,എനിക്കങ്ങനെ നിന്നെ കാണാനാവില്ല"ഞാന്‍ സത്യസന്ധമല്ലാതെ മറുപടിച്ചു.പിന്നീട്‌ കാണുന്നതാണിങ്ങനെ.............'എന്താ നീ ഓര്‍ക്കുന്നേ?'"ഒന്നുമില്ല"ഉള്ളില്‍ വാസുവേട്ടന്റെ കള്ള്‌ പതയ്ക്കുന്നു.കയ്യില്‍ പതഞ്ഞ വീര്യത്താല്‍ അടിപതറിയ ബൈക്ക്‌ തന്ന മുറിവും.അവള്‍ കാരണം തിരക്കി.ഒരുപാട്‌ മുറിഞ്ഞോ/ഏയ്‌ ഇല്ല.എന്നു ഞാന്‍പിന്നെ സംസാരിക്കാന്‍ തുടങ്ങി.താന്‍ നീന്തുന്ന തീക്കടലുകളേക്കുറിച്ച്‌.ഭര്‍ത്താവ്‌ അവള്‍ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കുടിച്ചുവറ്റിച്ചതും പാസ്പോര്‍ട്ടും മറ്റും കത്തിച്ചുകളഞ്ഞതും ഗര്‍ഭത്തിന്റെ ഉത്തരവാദി തന്നെ മറ്റാരോ ആണെന്നു പറഞ്ഞതും ഒരു കൊച്ചാണ്‍കുട്ടിയോട്‌ മിണ്ടിയാല്‍പ്പോലും പുലയാട്ട്‌ പറയുന്നതും ...എല്ലാം"നീ ഇങ്ങനെ ഇരിക്കുന്നത്‌ കണ്ടു വന്നാല്‍മതി,ഇന്നത്തേക്കിനി മറ്റൊന്നും വേണ്ട.സഹികെട്ടാണ്‌ ഞാന്‍ ഇങ്ങോട്ടു പോന്നതു തന്നെ,ഇനി കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചുവേണം ജോലിക്കു പോകാന്‍,ശ്രീലങ്കയില്‍ തന്നെ,അല്ലേല്‍ വേറെവിടേലും........അവള്‍ കരയുകയായിരുന്നില്ല,എങ്കിലും ഇടക്കിടെ ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മഴവില്‍തിളക്കത്താല്‍ ഞാനറിഞ്ഞു ആ കണ്ണുകളിലെ നനവ്‌.പ്രണയിനിയെ മറ്റാരെങ്കിലും വിവാഹം ചെയ്യുമ്പോഴല്ല നാം സങ്കടപ്പെടുന്നത്‌,ആ ജീവിതത്തിന്റെ profile നമുക്ക്‌ കൊടുക്കാന്‍ കഴിയുന്നതിനേക്കാളും താഴെയാകുമ്പോഴാണ്‌ അല്ലെങ്കില്‍ താഴെയാണെന്നു നാം കരുതുമ്പോഴാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ആ വേര്‍പാട്‌ വേദനയാകുന്നത്‌.അമ്മ കൊണ്ടുവച്ച ചായ ആറിത്തണുത്തിരുന്നുഒറ്റവലിക്കത്‌ കുടിച്ചുതീര്‍ക്കുമ്പോഴും ഉള്ളില്‍ ഒരു സമുദ്രം അലച്ചെത്തി തട്ടിച്ചിതറുകയായിരുന്നു.കട്ടിലില്‍ ഇരുന്ന അവളുടെ അടുത്ത്‌ ചേര്‍ന്നു നിന്ന് വിറയ്ക്കുന്ന ആ മുഖം കൈകളിലെടുത്ത്‌ കണ്ണുകളിലേക്കുറ്റു നോക്കി-അഭയം തിരക്കുന്ന പരല്‍മീനുകള്‍.എന്റെ ചുണ്ടുകള്‍ ആ നെറ്റിമേല്‍ അമര്‍ത്തിപ്പതിപ്പിച്ചു.അവളുടെ തല ഇരു കൈകള്‍കൊണ്ടും വാരിയെടുത്തെന്റെ നെഞ്ചോടു ചേര്‍ത്തു.കുഞ്ഞ്‌,കളിപ്പാട്ടം എന്നപോലെ.വിട്ടുകളയാന്‍ തോന്നിയില്ല.പക്ഷേ............തലയില്‍ ഒരിക്കല്‍ക്കൂടി തഴുകി.ഒന്നും മിണ്ടാനാകാതെ പുറത്തിറങ്ങി.വാക്കുകള്‍ എവിടെയോ കൈമോശം വന്നിരുന്നു.പുറത്ത്‌ ഗേറ്റില്‍ ഉറയ്ക്കാത്ത ചുവടുകളോടെ അവന്‍ !!!എന്നെ തുറിച്ചു നോക്കി,അപരിചിതനേപ്പോലെനോട്ടം എന്നേയും കടന്നു വീട്ടിലേക്ക്‌ നീണ്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി,നിറഞ്ഞ കണ്ണുകളോടെ അവള്‍ മുന്‍ വാതില്‍ വരെ എത്തി നില്‍ക്കുന്നു.കുറച്ചു നടന്നതേയുള്ളൂ.ഉറക്കെ കുറേ തെറി വിളികളും അടിയുടെ ശബ്ദവും.ഉയര്‍ന്നു പക്ഷെ പെട്ടെന്നില്ലാതായ ഒരു കരച്ചില്‍.അവള്‍ അതും വിഴുങ്ങിയതാകാം.അവന്റെ ഒച്ചയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.പിന്തിരിഞ്ഞോടുന്ന ഒരു പടയാളിയേപ്പോലെ

January 17, 2009

സാധു വിരണ്ടാല്‍

കാടാറുമാസം നാടാറുമാസം എന്നൊരു ചര്യ പണ്ടേയുണ്ടായിരുന്നു
അതുകൊണ്ടുതന്നെ പറയാന്‍ ആനക്കഥകളും ഒരുപാടുണ്ട്‌
അതില്‍ ധീരന്മാരായ ഒറ്റയാന്മാരുണ്ട്‌,ആറാം റെജിമെന്റുകളുമുണ്ട്‌
കറുപ്പുണ്ട്‌ ചുവപ്പുണ്ട്‌
കൊമ്പനുണ്ട്‌ പിടിയും
പക്ഷെ ഇക്കഥയില്‍ ഞാന്‍ സാക്ഷിയല്ല,ശ്രോതാവ്‌ മാത്രം

അശോകേട്ടനാല്‍ കഥിക്കപ്പെട്ട ഇക്കഥ കേള്‍ക്കുന്നത്‌ ഗോപണ്ണനില്‍
നിന്നാണ്‌-കോതമംഗലത്തെ ജീപ്പ്‌ ഡ്രൈവര്‍
കേള്‍ക്കുന്ന അന്തരീക്ഷം,വഴിപോയിട്ട്‌ സ്വന്തം കാല്‍ കൂടി കാണാന്‍ കഴിയാത്ത
ഒരുഗ്രന്‍ രാത്രി ഇടമലയാര്‍ റിസര്‍വോയറിന്റെ മുകളില്‍ കാട്ടില്‍ ദിശാഭ്രംശം
വന്നുനിന്ന ഒരു ഡിസംബര്‍,കഥയിലേക്കു വരാം...






ഹയിറേഞ്ച്‌ മേഖലയില്‍ റോഡ്‌ ടാറിംഗ്‌ നടക്കുന്നു.അശോകേട്ടനാണു റോളറിന്റെ
സാരഥി.അന്ന് ഇന്നത്തേപ്പോലെ സുന്ദരന്‍ റോളറല്ല,തനി പ്രാകൃതന്‍.അതൊന്നു
നീങ്ങണമെങ്കില്‍ ഇടം വലം രണ്ട്‌ പെണ്ണുങ്ങള്‍ വേണം.(ഇവിടെ ഇപ്പോള്‍ ആരേയും
ഓര്‍ക്കണ്ട!!) വീലുകള്‍ ഇടക്കിടെ നനച്ച്‌ തുടച്ചു കൊടുക്കണം.മെല്ലെയാണു
പോക്ക്‌,അത്രയേ പറ്റൂ.പക്ഷെ പ്ഭാം-പ്ഭാം എന്നു മുഴങ്ങുന്ന ഹോണ്‍
ഏച്ചുകെട്ടിയിട്ടുമുണ്ട്‌.കുത്തനെയുള്ള ഒരു കയറ്റമാണ്‌ ടാര്‍ ചെയ്യുന്നത്‌.റോഡിന്റെ
ഇടതു വശത്തായി താഴെയാണ്‌ പണിക്കാര്‍ക്ക്‌ താനസിക്കാനുള്ള ടെന്റ്‌.ഇടക്കിടെ
ആനശല്യമുള്ള സ്ഥലം...ഇനി ഒരു മൂന്നു ദിവസത്തേക്കുള്ള പണിയേ ബാക്കിയുള്ളൂ അതു
കഴിഞ്ഞാല്‍ ടെന്റ്‌ മാറ്റിക്കെട്ടാം..പതിവുപോലെ പണികഴിഞ്ഞ്‌ ടെന്റില്‍ നിന്നാല്‍
കാണാന്‍ പാകത്തിന്‌ റോളര്‍ ഒതുക്കിയിട്ട്‌ കൂറ്റന്‍ വീലുകളില്‍ സാമാന്യം ഭേദപ്പെട്ട
രണ്ട്‌ കാട്ടുകല്ലുകള്‍ ഊടുവച്ച്‌ അശോകേട്ടന്‍ ടെന്റിലേക്കു പോയി.ചിട്ടപ്പടി
ഭക്ഷണവും കള്ളുകുടിയും ചീട്ടുകളിയും കഴിഞ്ഞ്‌ കിടക്കാന്‍ നേരം റോളറിനെ
യഥാസ്ഥാനത്ത്‌ കണ്ട്‌ തൃപ്തനായിട്ടാണ്‌ ഉറങ്ങാനും കിടന്നത്‌...നമ്മുടെ നാടല്ലേ
റോളറെടുത്ത്‌ പോകാനും മടിച്ചെന്നു വരില്ല അതുകൊണ്ടാണ്‌ ഇവനെ അങ്ങ്‌ ചേര്‍ത്ത്‌`
place ചെയ്യുന്നത്‌.
ആറു മണിക്കുതന്നെ ടെന്റ്‌ ഏറെക്കുറേ സജിവമാകും.ഉണര്‍ന്നെണീറ്റ അശോകേട്ടന്‍ കണ്ണും
തിരുമ്മി മുന്‍പിലെ റോഡിലേക്കു തൃക്കണ്‍ പാര്‍ത്തു-റോളറില്ല !!!
"ഇവനിതെവിടെപ്പോയി?"
മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ ഒരു പതിനഞ്ചു മീറ്ററോളം താഴെ കിടപ്പുണ്ട്‌
പാര്‍ടി,സമാധാനമായി..ഉമിക്കരിടിന്നില്‍ നിന്നും കരിയെടുത്ത്‌ പല്ലലക്കാന്‍
തുടങ്ങുമ്പോളാണു ദൊരൈച്ചാമിയുടെ കാറിച്ച കേള്‍ക്കുന്നത്‌` ശുദ്ധകാംബോജിയില്‍
"ആണ്ടെ വരണ്‌"
അശോകേട്ടന്‍ മുറ്റത്തിറങ്ങി
അപ്പോഴേക്കും സ്വരം നഷ്ടപ്പെട്ട്‌ ദൊരൈ.ചെമ്പൈ ആയി മാറിക്കഴിഞ്ഞിരുന്നു.
ആംഗ്യം മാത്രം,'വേഗം വാ' എന്നാണാ ദീനാഭ്യര്‍ത്ഥന
റോഡിലിറങ്ങിയപ്പോല്‍ കണ്ടു ഊടുവച്ച കാട്ടുകല്ലുകള്‍ അവിടവിടെയായി
ചിതറിക്കിടക്കുന്നു,കള്ളന്മാരുടെ അടികൊണ്ടവശനായ സെക്യൂരിറ്റിക്കാരനേപ്പൊലെ
.കീഴോട്ടു നടന്ന് വാഹനത്തിന്റെ അടുത്തെത്തി.
ഏയ്‌ കുഴപ്പമൊന്നുമില്ല
പിന്നെ....?
അശോകേട്ടന്‍ റോളറിന്റെ പിന്നിലെത്തി.
വിര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ റച്ചുപോയി !!!!!!!!

മംഗലാംകുന്നു ഗണപതി പോലും ചമ്മിപ്പോയേക്കാവുന്ന ഒരു രൂപം
മേലാകെ ചെമ്മണ്ണ്‍ പുതഞ്ഞങ്ങനെ
തന്റെ മസ്തകം കൊണ്ടു റോളറിന്റെ പിന്‍ ഭാഗം താങ്ങി നില്‍ക്കുകയാണ്‌ കളരിക്കാരേപ്പോലെ
കാലുകള്‍ അകത്തിച്ചവിട്ടി,ചൊട്ടയില്‍........
അടിവസ്ത്രം നനഞ്ഞെന്ന സംശയം ബലപ്പ്പ്പെടവേ ആ കണ്ണുകളിലേയ്ക്കൊന്നു പാളി
നോക്കാതിരിക്കാന്‍ മനസ്സു വന്നില്ല
"അന്തം വിട്ടുനില്‍ക്കാതെ ഇതൊന്നെടുത്തുമാറ്റടാ കഴുതേ"എന്നു പറയാതെ പറയുന്ന
ഒരുണ്ടക്കണ്ണ്‌.
നന്നേ പേടിച്ചിട്ടായാലും അശോകേട്ടന്‍ വണ്ടിയില്‍ കയറി
സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്‍പോട്ടെടുത്തു
ഇവന്‍ വരുന്ന എതിര്‍വശത്തൂടെ ചാടിയോടാം എന്നായിരുന്നു കണക്കു കൂട്ടല്‍സ്‌
"എന്നോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും" എന്ന ഭാവത്തില്‍ സവിശേഷമായ നിതംബ ചലനങ്ങളോടെ
അവന്‍ പക്ഷേ കാട്‌ കയറാന്‍ തുടങ്ങി
പറന്നകന്ന ജീവന്റെ എണ്ണമറ്റ കിളികള്‍ തന്നിലേക്കു തിരികെ വന്ന് ചേക്കേറുന്നത്‌
അശോകേട്ടന്‍ അറിഞ്ഞു.അപ്പോള്‍ അപ്പ്പ്പോള്‍ മാത്രം സ്റ്റീയറിംഗ്‌ വീലില്‍
തലവച്ചധ്ദേഹം തളര്‍ന്നു കിടന്നു