January 13, 2012
കഥ മണിക് ഫാനീയം
ലക്ഷദ്വീപിലെ മിനിക്കോയിയില്‍ നിന്ന് ആ കുട്ടി കണ്ണൂര്‍ വന്നത് പഠിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഒരാള്‍തന്നെ ക്ലാസിലെ മുപ്പത്തിയെട്ട് കുട്ടികളേയും ഒരുപോലെ പഠിപ്പിക്കുന്നത് കണ്ട്,വൈവിധ്യത്തിന്റെ അര്‍ത്ഥതലങ്ങള്‍ അന്നേ സ്വപ്നം കണ്ട് നടന്നവന് പഠിപ്പ് മതിയാക്കി തിരികെപ്പോവുകയാണുണ്ടായത്.പിന്നെ ദ്വീപിന്റെ അനന്തനീലിമയില്‍ നോക്ക് തിരയെണ്ണുന്നതിലായി കമ്പം.അവിടെ നിന്നും പ്രകൃതിയെ കണ്ടും കേട്ടും വളര്‍ന്ന ഒരു സിംഹത്തെ അതിന്റെ മടയില്‍ ചെന്ന് കാണാനായിരുന്നു ആ യാത്ര.പതിവുപോലെ ഒരേകദേശ ധാരണ മാത്രം കൈമുതല്‍.ബാക്കി,ആറാമിന്ദ്രിയത്തിനും വിട്ടുകൊടുത്തു.ചുമ്മാ പറഞ്ഞതല്ല,മുന്നില്‍ രണ്ട് വഴികളുണ്ടെങ്കില്‍ അതില്‍ ഇടത്തേത് മതി എന്നവന് പറഞ്ഞാല്‍ വലത്തേത്തില് ആ സമയം ഒരു കരിമൂര്ഖന് വിടരുകയാവാം.ഇജ്ജാതി ഇന്ദ്രിയമുള്ള ജെറി ജോണ്‍ മാത്യുവാണ് കൂട്ടിനുള്ളത്.ഒക്കെക്കൂടി വഴി നടത്തിച്ച് ഒടുവില്‍ മടയോടടുക്കുകയാണ്..
അതുവരെ പരിധിവിട്ട് കറങ്ങിയ ഫോണിലേയ്ക്ക് കൂടപ്പിറപ്പായ സലിലിന്റെ സന്ദേശം-blessings....
കുറ്റിച്ചെടികള്‍ക്കിടയില്‍ പതുങ്ങിയ ഒരു കുഞ്ഞുവീട്.വാതില്‍ക്കലെത്തിയപ്പോള്‍ത്തന്നെ നിലത്ത് ചമ്രം പടിഞ്ഞ രൂപം തലയുയര്‍ത്തിനോക്കി.നിലത്ത് ചിതറിക്കിടന്ന കളിപ്പാട്ടങ്ങള്‍ ഇടത് കൈകൊണ്ടൊതുക്കി മറുകൈ കൊണ്ട് ഇരിക്കാന്‍ നിഷ്കളങ്കമായ ക്ഷണം.ഇരിപ്പിടങ്ങളില്ലാത്ത അനൗപചാരികതയിലേക്ക്
വീട് നല്ക്കുന്ന സ്വാസ്ഥ്യം നിലത്തിരുന്നറിഞ്ഞപ്പോള്‍ത്തന്നെ വള്ളിയൂര്‍ തിരുച്ചെന്തൂര്‍ റോഡിലെ അറുപുളി മണ് റോഡ് സ്റ്റോപ്പില്‍നിന്നും തുടങ്ങിയ നീണ്ട നടത്തത്തിന്റെ ക്ഷീണം തണുത്തില്ലാതായി.നെല്ലിട്ട് മലരാക്കാവുന്ന വെയിലിന്റെ നടുക്ക് സൗഖ്യത്തിന്റെ ഈ ഇത്തിരിപ്പച്ച..
കൈയുള്ള വെളുത്ത ബനിയനും ഒരു കള്ളിമുണ്ടും ഉടുത്ത് മുന്നിലിരിക്കുന്നത് അലി മണിക് ഫാന്‍.ഈ പേരിനുമുന്നില്‍ വലിയ ബിരുദങ്ങളില്ല മുന്നിലാകട്ടെ വിശേഷണങ്ങളുമില്ല.എങ്കിലും,പ്രകൃതിയുടെ ഗൂഢരഹസ്യങ്ങളുടെ ഒരുപാട് ചിത്രപ്പൂട്ടുകള്‍ തുറന്ന ഈ അവധൂതനെ ലോകമറിയുന്നു.അറബിക്കടലിന്റെ തീരത്ത്ചെന്ന് ഈ പേര് ഒന്നുറക്കെ വിളിച്ചാല്മതി,ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കുള്ളില്‍നിന്നും ദേഹം നിറയെ വര്‍ണ്ണവരകളിട്ട കുറേ കുഞ്ഞുമത്സ്യങ്ങള്‍ ഇറങ്ങിവന്നേക്കാം.ഈ ഇത്തിരിക്കുഞ്ഞന്മാരുടെ പേര്` അബുഡെഫ് ഡഫ് മണിക് ഫാനി എന്നാണ്. മണിക് ഫാന്‍ കണ്ടെത്തിയ അപൂര്‍വ മത്സ്യം.
ഒമാനിലെ ചരിത്ര മ്യൂസിയത്തില്‍ 'സോഹര്‍' എന്ന കപ്പലിരിപ്പുണ്ട്.അതിനുമുണ്ടൊരു കഥ പറയാന്‍.1981ല്‍ അയര്‍ലന്റുകാരനായ ടിം സേവ്യറിന് കടലിലൂടെ ലോകം മുഴുവന്‍ കറങ്ങാന്‍ ആഗ്രഹം.അറബിക്കഥയിലെ രാജകുമാരന് സിന്‍ബാദിനെപ്പോലെ പോകണമെന്ന അത്യാഗ്രഹമായിരുന്നു സായിപ്പിന്റേത്.ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ തയ്യാറാക്കിയ രൂപരേഖയുമായി അത്തരത്തിലൊരു കപ്പല്‍ നിര്‍മ്മിക്കുവാന്‍ ടിം ഒരുപാടലഞ്ഞു.ഇന്ത്യയിലെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഡോക്റ്റര്‍ ജോണ്‍സാണ് ഒടുവില്‍ മണിക് ഫാനെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മണിക് ഫാന്‍ ഒമാനിലേക്ക് പുറപ്പെടുന്നു.30 തൊഴിലാളികള്‍,75000 ചകിരി,4 ടണ്‍ കയര്‍,പെരുമ്പാവൂരിലെ പഴയ പറമ്പില്‍ നിന്നും ആഞ്ഞിലിത്തടി എന്നിവയും ഒമാനിലെത്തി.ആണി എന്ന വാക്ക് പോലും ഉപയോഗിക്കാതെ ലക്ഷദ്വീപിലെ പരമ്പരാഗത കപ്പല്‍ നിര്‍മ്മാണ വിദ്യ അനുസരിച്ച് അവര്‍ പണിത കപ്പല്‍ ഒരു വര്‍ഷം കൊണ്ട് നീറ്റിലിറങ്ങി.ആറ് മാസം കൊണ്ട് നൗകയില്‍ ലോകം ചുറ്റി മടങ്ങിയെത്തി, ടിം സേവ്യര്‍!
ഔപചാരികമായ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ഇദ്ധേഹത്തിന് എന്തെല്ലാം അറിയാം എന്ന് ചോദ്യമുണ്ടായാലാണ് നാം കുഴങ്ങുക.സമുദ്രശാസ്ത്രം,ഭൂമി,ജീവശാസ്ത്രങ്ങള്‍,ജ്യോതിശാസ്ത്രം,വിദ്യാഭ്യാസം,കൃഷി,ഫിഷറീസ്,ഹോര്‍ട്ടികള്‍ച്ചര്‍ എന്നിങ്ങനെ പോകുന്നു ആ ബുദ്ധിയുടെ മാറ്റുരഞ്ഞ മേഖലകള്‍.ഭാഷകളാകട്ടെ മാതൃഭാഷയായ മഹലിനുപുറമേ മലയാളം,തമിഴ്,സംസ്കൃതം,ഹിന്ദി,ഉറുദു,അറബി,പേര്‍ഷ്യന്‍,ഇംഗ്ലീഷ്,ലാറ്റിന്‍,റഷ്യന്‍,സിംഹള അങ്ങനെ പലതും നാവിനും പഥ്യം!! ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി,നാഷണല്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് ഡവലപ് മെന്റ് സ്റ്റഡീസ് സ്ഥാപനം എന്നിവിടങ്ങളിലെ വിസിറ്റിംഗ് ലക്ചറര്‍.മറൈന്‍ ബയോളജിക്കല്‍ അസ്സോസിയേഷന് ഓഫ് ഇന്‍ഡ്യ യുടെ ഫെല്ലോ....
പുകള്‍പെറ്റ ഇസ്ലാം പണ്ഡിതന്,ഹിജറ കമ്മിറ്റി ഓഫ് ഇന്‍ഡ്യയുടേയും ഖുറാന് ആന്റ് സയന്‍സ് ഫോറത്തിന്റേയും ചെയര്മാന്.....
ഞെട്ടിയോ?! വരട്ടെ,ഇനിയുമുണ്ട്...
ഈ പറമ്പിലേയ്ക്ക് വൈദ്യുതി എത്താന്‍ പോസ്റ്റുകള്‍ നിരവധി വേണമായിരുന്നു,അതിനാകട്ടെ ചിട്ടപ്പടി കൈക്കൂലി ക്രമവും.തലയടര്‍ന്നുപോയ കരിമ്പനമുകളില്‍ വലിയൊരു പമ്പരം പിടിപ്പിച്ച് അതുകൊണ്ട് കാര്‍ ഡൈനാമോ കറക്കി കരണ്ട് ഉണ്ടാക്കാനും അത് വലിയ ബാറ്ററികളില്‍ സംഭരിച്ച് ഉപയോഗിക്കാനും ഒട്ടും കൂസേണ്ടിവന്നില്ല ഇദ്ധേഹത്തിന്.ഫലം,കൈക്കൂലിയിനത്തില് കൊടുക്കേണ്ടിയിരുന്നതിന്റെ പകുതി തുക ചെലവാക്കി, കട്ടും വോള്‍ട്ടേജ് വ്യത്യാസവുമില്ലാത്ത ശുദ്ധമായ വൈദ്യുതി എല്ലായ്പ്പോഴും.ഈ വീടിന്റെ ഓരോ ഇഷ്ടികപോലും സ്വയം നിര്‍മിച്ചിട്ടുള്ളതാണ്,ശുദ്ധജലമുള്ള തൊടിയിലെ കിണറിനുമുണ്ട് അതേ കൈപ്പട!സൈക്കിളില്‍ സ്പ്രേയര്‍ മോട്ടോര്‍ ഘടിപ്പിച്ച് ഒരു മോട്ടോര്‍ സൈക്കിള്‍ ഉണ്ടാക്കി,അതില്‍ മകനൊപ്പം അങ്ങ് ഡല്‍ഹി വരെ പോയി തിരിച്ചെത്തുകയും ചെയ്ത ചരിത്രവുമുണ്ട്.ഗേറ്റിന്റെ കാലില്‍ ചെറിയൊരു കമ്പ് നാട്ടി,അതിലൂടെ ഒരു പ്രത്യേക ആംഗിളില്‍ നോക്കി സമയവും കാലവും പറയും ഇദ്ധേഹം,അത് ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള സമയക്രമമാണ്,ഈ സിദ്ധാന്തം ഹിജറ കമ്മിറ്റിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.അത് അംഗീകരിക്കപ്പെട്ടാല്‍,ഇനി ചന്ദ്രനെ കണ്ടാല്‍ പറയണേ എന്ന് അഭ്യര്‍ത്ഥന കാണേണ്ടി വരില്ല മുസ്ലീം സഹോദരങ്ങള്‍ക്ക്,പെരുന്നാളറിയാന്‍.
ചുറ്റുപാടും ചാരനിറത്തിലുള്ള മണ്ണാണ്.ഒരു പുല്ലിനുപോലും കിളിര്‍ക്കാന്‍ സാധ്യത കൊടുക്കാത്ത പറമ്പുകള്‍.എന്നാല്‍,ഇവിടം ഒരു പച്ചക്കഷണം.പതിമൂന്ന് ഏക്കറോളം ഉള്ള ഈ മണ്ണിടത്തിനൊരു പേരുമുണ്ട്-do nothing farm!
അതെ .ഒന്നും ചെയ്യാത്ത പറമ്പ്.പാമ്പും പരുന്തും എലികളും മുയലും കുറുക്കനും എല്ലാം നിര്‍ബാധം വിഹരിക്കുന്നു ഇവിടെ.ഒരു ബഷീറിയന്‍ ടച്ചോടെ,ഭൂമി അവര്‍ക്കും അവകാശപ്പെട്ടതല്ലേ എന്ന് മണിക് ഫാന്‍ മന്ദഹസിക്കുന്നു.ഒരുപാട് മരങ്ങളുണ്ട് പറമ്പില്‍.കാണുന്നിടത്തെല്ലാം കിട്ടുന്ന വിത്തുകള്‍ ഇവിടെ കൊണ്ടു വന്ന് മണ്ണിലേക്ക് വെറുതേ അങ്ങ് വിതറിയിടുക മാത്രമേ ചെയ്യൂ.അതിജീവന ശേഷിയുള്ളവ കിളിര്‍ത്തുവരട്ടെ എന്നാണ് പോളിസി.ഒരു ചെടികള്‍ക്കും ചുവട്ടില്‍ വെള്ളമൊഴിക്കില്ല.പുരയിടത്തില്‍ രണ്ടിടത്ത് വലിയ കുളങ്ങളുണ്ട്.വേരുകള്‍ തനിയേ തെരഞ്ഞ്പിടിച്ചുകൊള്ളണം,അങ്ങനെ വേര് പടര്ത്തിവേണം മരങ്ങള്‍ ബലപ്പെടാന്‍ എന്ന് മണിക് ഫാന്‍ പറയും.'നിരന്തരമാം ധ്യാനത്തില്‍ വേരോടി,നമ്മുടെ മരങ്ങള്‍,ഈ മണ്ണിന്റെ ബുദ്ധന്മാര്' എന്നാണല്ലോ കവി.പെട്ട്ടെന്ന് ഫലം തരാത്ത കൃഷികളെ ഇദ്ധേഹം ആശ്ലേഷിക്കുന്നു.മഴയെ മണ്ണിലിറക്കി മണ്ണിന്റേയും പ്രകൃതിയുടേയും ജീവന് നിലനിര്‍ത്താന്‍ മരങ്ങള്‍ക്കേ കഴിയൂവത്രെ.വേഗം ഫലം തരുന്ന എന്തും വേഗം നശിക്കുകയും ചെയ്യുന്നു.ഇതേ മാര്‍ഗം തന്നെയാണ് വിദ്യാഭ്യാസത്തിലും പ്രമാണം.'ഒരു ക്ലാസ്സിലിരുന്നു എങ്ങനെ പഠിക്കാനാകും നമ്മുടെ വ്യത്യസ്തരായ നാല് കുട്ടികള്‍ക്ക്? അവരുടെ അന്വേഷണ ത്വരയെ എങ്ങനെ നമുക്ക് തടയിടാനാകും?കുട്ടികളെ റ്റ്യൂഷനല്ല അയക്കേണ്ടത് അങ്ങനെ അവരുടെ സഹജവാസന നശിപ്പിക്കാന്‍ നമുക്ക് അവകാശമോ അര്‍ഹതയോ ഇല്ല,അവരെ പൂത്തുമ്പിക്ക് പിന്നാലെ വിടുക ബാക്കി അവര്‍ നേടിക്കൊള്ളും'ഈ കുടുംബത്തിലെ ആരും മഴ നനയാതെ പോലും സ്കൂള്‍ പടി കണ്ടിട്ടില്ല.മഴയാണെങ്കില്‍ അത് നേരെ നനയുക എന്നാതാകുമല്ലോ ഇവിടത്തെ മാര്‍ഗം.ആട് കഴിക്കുന്നതെന്തും നമുക്കും കഴിക്കാം എന്നു പറയുന്ന ഒരുവന്റെ മക്കളെങ്ങനെ മഴ നനയാതിരിക്കും
?! പത്താം ക്ലാസ്സിന്റെ തുല്യതാ പരീക്ഷ എഴുതിയാണ് മക്കളില്‍ മൂത്ത മകന് എഞ്ചിനീയറും താഴെയുള്ള രണ്ട് പെണ്മക്കള് അധ്യാപികമാരുമായിമായിട്ടുള്ളത്.ഇപ്പോള്‍ ജോലി ഉപേക്ഷിച്ച് പിതാവിന്റെ കൂടെയുല്ല ഇളയ പുത്രിയുടെ അഞ്ച് വയസ്സ് തികയാത്ത കുട്ടി പോലും നാല് ഭാഷകള്‍ ഒഴുക്കി വിടുന്നു,പക്ഷേ.കൊതിപ്പിച്ചുകളഞ്ഞു,മിടുക്കി
മാതള നാരങ്ങകള്‍ പഴുത്തുനില്‍ക്കുന്നത് കണ്ട് ആ അപ്പൂപ്പന് താടി തിളങ്ങിപ്പരന്നു.ആവശ്യമുള്ളത് മാത്രം പറിച്ചെടുക്കാം ബാക്കി കിളികുലങ്ങള്‍ക്കുള്ളതാണ്.പറിച്ചോളൂ എന്ന് പറഞ്ഞ് മാറി നിന്നു അദ്ദേഹം.
പറമ്പ് മുഴുവന്‍ ചുറ്റിക്കണ്ട് വരവേ തൊട്ടടുത്ത് വര്‍ഷങ്ങളായി ഒരു തോട് വരണ്ട് കിടന്നിരുന്ന കഥ പറഞ്ഞു.ഈ പറമ്പിലെ പച്ചപ്പും ജല സംഭരണവും അവിടെ ഉറവക്കണ്ണുകളെ പൊട്ടിച്ച് നീരൊഴുക്കിയ കാര്യവും.തോട്ടിലിറങ്ങി അദ്ദേഹം ഒരു കുടന്ന വെള്ളം കോരി മുഖം കഴുകി,ബാക്കി കുടിച്ചു.പേരക്കുട്ടി പിന്നില്‍ നിന്നുമിങ്ങനെ"grandpa,its dirty" ഒരു കുസൃതിച്ചിരിയോടെ മറുപടിയും കേട്ടു"there is nothing dirty in nature"
മടങ്ങുമ്പോള്‍ ആ പാദങ്ങള്‍ തൊട്ട് വന്ദിക്കാതിരിക്കാനായില്ല.എത്ര ജന്മം ജനിച്ചാലും ഈ ജ്ഞാന വൃദ്ധന്റെ ഏഴയലത്തെത്തില്ല എന്ന തിരിച്ചറിവ്,കണ്ണ് നനയിച്ചു അപ്പോള്‍.റോഡ് വരെ യാത്രയാക്കി ധൃതിയില്‍ നടന്ന് മടങ്ങി, ആ ഒന്നും ചെയ്യാത്ത പറമ്പുടമ
Subscribe to:
Posts (Atom)