August 21, 2009

എന്നിലേ കന്യകാത്വത്തെ........

ഈ ഉസ്സെയിന്‍ ബോള്‍ട്ട്‌ നൂറ്‌ മിറ്റര്‍ ഓടുന്നതിനിടയില്‍ വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ?
അന്ന് ആ ആമ എത്ര കാഴ്ചകള്‍ കണ്ടിട്ടുണ്ടാകും?
ഈ കാഴ്ചകളല്ല ആ finishing point ലാണ്‌ കാര്യം.അങ്ങനെതന്നെയാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌.
അധ്യാപകന്‍ പറയുകയാണ്‌,ഇതാ ഇവിടം മുതല്‍ നിങ്ങള്‍ ഒരു മത്സര ഓട്ടം തുടങ്ങുകയാണ്‌.ആദ്യം മുന്നിലെത്താന്‍ ആര്‍ജ്ജിക്കേണ്ട വേഗതയെക്കുറിച്ച്‌മാത്രം ഓര്‍ത്താല്‍ മതി,കൂടെയുള്ളവരെല്ലാം എതിരാളികള്‍ തന്നെ.( പില്‍ക്കാലത്ത്‌ ചോരയില്‍ ആല്‍ക്കഹോള്‍ നിറഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ ഹോസ്റ്റലിന്റെ അടഞ്ഞ മുറിയില്‍ ബോധം നഷ്ടപ്പെട്ട്‌ കിടന്നപ്പോള്‍ തൂക്കിയെടുത്ത്‌ കൊണ്ടുപോയ ചങ്ങാതിമാരാണ്‌ എതിരാളികള്‍!!!!)ചുറ്റും നോക്കുമ്പോള്‍ വെടിയൊച്ചകേള്‍ക്കാന്‍ നില്‍ക്കുന്ന അത്‌ലറ്റുകളുടെ ഉദ്വേഗം എല്ലാവരിലും.ചുരമാന്തിനില്‍ക്കുന്ന കാളക്കുട്ടന്മാര്‍.
നീണ്ട താടിയുഴിഞ്ഞ്‌ ഒന്നാം നമ്പര്‍ മുറിപങ്കിട്ടവന്‍ മാത്രം നിസ്സംഗനായി....
ചോദ്യമുയര്‍ന്നു " എന്താണ്‌ മിസ്റ്റര്‍ താങ്കള്‍ മാത്രം..?""സര്‍,ഒരു മത്സര ഓട്ടത്തിനെനിക്ക്‌ താല്‍പര്യമില്ല.എനിക്കു പതുക്കെ പോകണം.ചുറ്റുപാടുകള്‍ കണ്ട്‌,മണ്ണിന്റെ മണമറിഞ്ഞ്‌ ചെടിത്തലപ്പ്പുകള്‍ നുള്ളിയങ്ങനെ.........
തലമുറകള്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന,ഈച്ചരവാര്യരേപ്പോലെ നരച്ച പുരികങ്ങള്‍ തെല്ലൊന്നു കുറുകി(പിന്നീട്‌ ഉരുണ്ടാണോ എന്നറിയില്ല ആ ആമ ഒരുപാട്‌ മുയലുകളെ പിന്നിലാക്കിയെന്നത്‌ ചരിത്രം ഒരു വിഡ്ഢിച്ചിരി ചിരിച്ചു എന്ന് കരുതിയാല്‍ മതിയാകും)പറഞ്ഞുവന്നത്‌ മത്സരങ്ങളേക്കുറിച്ചാണ്‌.നിത്യചൈതന്യയതിയുടെ കുറിപ്പില്‍ ഒരിടത്ത്‌:മദമാത്സര്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത്‌ അല്‍പമെങ്കിലും മനുഷ്യത്വം നിറയുന്നത്‌ പാഠ്യവിഷയങ്ങളില്‍ കുറച്ചെങ്കിലും കവിതയുടെ മാനവികത ഉള്ളതുകൊണ്ടാണ്‌ എന്നു വിശ്വസിക്കുന്നവനാണ്‌ ഞാന്‍.കഴിഞ്ഞയാഴ്ച്ച രണ്ട്‌ ദമ്പതിമാര്‍ അവരുടെ മകനേയും കൊണ്ട്‌ ആശ്രമത്തില്‍ വന്നു.സ്വാമീ,ഇവന്‍ നന്നായി കവിത ചൊല്ലും.ആകട്ടെ മകനേ ഒരെണ്ണം ചൊല്ലൂ അപ്പൂപ്പനായ്‌....മനോഹരമായ ആ മുഖം വലിഞ്ഞു മുറുകി,അവന്‍ നീട്ടിപ്പാടാന്‍ തുടങ്ങി"മൃതിവരം തന്ന ജന്മമേ നിന്നൊടീമലിനദേഹം ഇരന്നതേയില്ല ഞാന്‍"ജീവിതത്തേപ്പറ്റി ഏറ്റവും നിറപ്പകിട്ടാര്‍ന്ന് ചിന്തിക്കേണ്ട പ്രായത്തില്‍ അവന്‍ തന്റെ മൃതിയേപ്പറ്റി,മലിനമായ ദേഹത്തേപ്പറ്റി പറയുന്നു.
ഇനി സീപ്പീ പള്ളിപ്പുറത്തിന്റെ ഒരനുഭവം കൂടി.സംസ്ഥാനതല സ്കൂള്‍ യുവജനോല്‍സവവേദി.പദ്യപാരായണ മല്‍സരം നടക്കുന്നു.ഒരു എട്ടാം ക്ലാസുകാരിയുടെ മധുരസ്വരം ഇങ്ങിനെ....
"എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ............"
ഒപ്പം വിരലും ചൂണ്ടുന്നുണ്ട്‌.അതാണെങ്കിലോ നടുവിലിരിക്കുന്ന സീപ്പിയുടെ നേരെ.
എണീറ്റോടാന്‍ വയ്യല്ലോ?
ഇനി,വിവിധ ആനുകാലികങ്ങളില്‍ വരുന്ന നമ്മുടെ കുട്ടികളുടെ കവിതകള്‍ വായിക്കുക
ഇവര്‍ക്കെന്തുപറ്റി?
നമ്മളല്ലാതെ ആരാണ്‌ കുറ്റക്കാര്‍?

2 comments:

salil said...

മണ്ടൻ ആമ

Hari Raj | ഹരി രാജ് said...

"ഈ ഉസ്സെയിന്‍ ബോള്‍ട്ട്‌ നൂറ്‌ മിറ്റര്‍ ഓടുന്നതിനിടയില്‍ വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ?
അന്ന് ആ ആമ എത്ര കാഴ്ചകള്‍ കണ്ടിട്ടുണ്ടാകും?"

ഇതൊരൊന്നൊന്നര ചോദ്യാ ഇഷ്ടാ...