August 10, 2009
പതിയാത്ത മുദ്രകള്‍
ഒരിക്കല്‍ ഒരു സന്യാസി തന്റെ കമണ്ഡലു നദിക്കരയില്‍ വച്ച് ധ്യാനത്തിനായ് ഇരുന്നു.നദിയില്‍ ക്രമേണ വെള്ളം ഉയര്‍ന്നു.അത് കമണ്ഡലുവിനെ ഒഴുക്കിക്കൊണ്ടുപോയി.അതേ നദിയില്‍ത്തന്നെ ഒരു വനദേവത നീരാടാന്‍ എത്തി.അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മനോഹരമായ ഒരു പളുങ്ക് പാത്രം വെള്ളത്തില്‍ വീണൊഴുകിപ്പോയി.കമണ്ഡലുവിന്റെ തടസ്സമേതുമില്ലാത്ത യാത്രയെ പളുങ്കുപാത്രം മുടക്കി.തന്റെ യാത്രയില്‍ മനോഹരമായ പളുങ്കുപാത്രം കൂടി കൂട്ടാകുമല്ലോ എന്ന ആഹ്ലാദം കമണ്ഡലു മറച്ചുവച്ചില്ല.പ്രേമോദാരനായി കമണ്ഡലു,പാത്രത്തെ സമീപിച്ചു."അരുത്,അങ്ങ് എന്നും ജലത്തില്‍ പൊങ്ങിക്കിടക്കാന് വിധിക്കപ്പെട്ടവനാണ്.ഞാനോ,എപ്പോള്‍ വേണമെങ്കിലും തകരാനും.കൂട്ടിമുട്ടാതെയിരുന്നാല്‍ മാത്രമേ നമുക്കൊന്നിച്ച് കുറച്ചിടയെങ്കിലും യാത്രചെയ്യാന്‍ കഴിയൂ"വിവേകപൂര്‍വ്വമുള്ള ഈ മറുപടി കമണ്ഡലുവിനെ ചിന്തിപ്പിച്ചു-'ഒരു ഘട്ടം കഴിഞ്ഞാല്‍ ഒഴുക്ക് ഒരു വഴിക്കോ രണ്ട് വഴിക്കോ ഞങ്ങളെ കൊണ്ടുപോയേക്കാം.എനാല്‍ തകര്‍ച്ചയില്ലാത്ത മൈത്രി നിത്യമായതുകൊണ്ട് എത്ര അകലത്തിരുന്നാലും ഹൃദയങ്ങളില്‍ പ്രകാശിക്കുന്ന സ്നേഹം ഞങ്ങളെ പരസ്പരം തൊടും'സന്യാസിയും വനദേവതയും അവിടെയെത്തി അവരവരുടെ പാത്രങ്ങളുമായി രണ്ടുവഴികളില്‍ തിരിഞ്ഞുപോയി.എന്നാല്‍ കമണ്ഡലുവിന്റെ ഹൃദയത്തില്‍ ഒരു പളുങ്കുപാത്രത്തിന്റേയും പളുങ്കുപാത്രത്തിന്റെ ഹൃദയത്തില്‍ ഒരു കമണ്ഡലുവിന്റേയും മുദ്ര പതിഞ്ഞിരിക്കുന്നത് അവര്‍ അറിഞ്ഞതേയില്ല
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment