July 9, 2010

സെന്ന്യന്‍ രവീന്ദ്രന്‍

“ഞാനെന്റെ അണ്ടര്‍വെയറൂരി നിന്റെ തോളത്തിട്ടാല്‍ എന്ത് സംഭവിയ്ക്കും?”
നമ്മളൊന്നും ഉദ്ദേശിക്കാത്ത അത്ര ഉന്നതമായിട്ടാകും ചില പ്രോലിറ്റേറിയന്‍ ഗെഡികളുടെ മറുപടി എന്നായിരുന്നുജയചന്ദ്രന്റെ (അതെ,ഏഷ്യാനെറ്റിലും മാത്രുഭൂമിയിലും വയനാടിന്റെ പച്ചച്ചിത്രങ്ങള്‍ കോറിയിട്ട അരാജകനായിരുന്ന അതേ വിധ്വംസക പ്രഭു തന്നെ!!)ഉറപ്പ്.
ടി ഉറപ്പില്‍ വയനാടന്‍ അടിവാരത്തിലേവിടേയോ രാവിലെ ചായക്കടയില്‍ തീ കൂട്ടിപ്പിടിപ്പിയ്ക്കാന്‍ ഒരുങ്ങുന്ന കടക്കാരനില്‍ ജയചന്ദ്രന്‍ ഒരു സെന്‍ ബുദ്ധിസ്റ്റിനെ കാണുന്നു.”അതവിടെത്തന്നെ കിടക്കും” എന്നോ മറ്റോ ഉള്ള ഒരു മറുപടിയെക്കാത്ത് വിക്ഷേപിച്ചതാണ് മേല്‍ ചോദ്യം.ചോദ്യത്തിന്റെ അവസാനത്തെ കാറ്റ് അണഞ്ഞവാറെ,ഉത്തരമെത്തി‌‌-
“അടിച്ചു നിന്റെ കരണം കളയും”!!!
അങ്ങേരായതുകൊണ്ടു ചുളുങ്ങിയില്ല
ഇത്രയും പറയാന്‍ ഒരു കാര്യമുണ്ടായി:
ഓട്ടോറിക്ഷയില്‍ അന്നനാട് എന്ന,ചാലക്കുടിയുടെ ഒരു പുറംകുപ്പായ ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് പോവുകയായിരുന്നു.പെട്ടെന്നാണ് ,ഇടവഴി നൊന്തുപെറ്റപോലെ ഒരു ബൈക്ക് മുന്നിലേക്ക് പാഞ്ഞെത്തിയത്.മുച്ചക്രനായകന്‍ കൂടിയായ എന്റെ ചോര ജ്വലിച്ചു!!
ഉള്ളിയെടുത്ത്കൊടുത്ത് ചുള്ളിക്കാടിനോട് ഹോട്ടലുടമ പറഞ്ഞ വാചകാന്ത്യത്തിലെ തെറി തന്നെ ആദ്യം സാമ്പിളയച്ചു.
(ഓര്‍മ്മയില്ലേ,തൊലിയ്ക്കെടാ‍ താ- - ളീ എന്നത്?!)
കൂടെയുണ്ടായിരുന്നവരും മഴ പെയ്യിച്ചു
ഇളിഭ്യതയോടെ ഇരുചക്രന്‍ യാത്ര തുടര്‍ന്നു,ഇടയ്ക്കെവിടേയോ തേങ്ങയടിയ്ക്കാന്‍ നിര്‍ത്തിയപോലെ!നഗരത്തിലെത്തി പണം കൊടുത്തു തിരിഞ്ഞപ്പോള്‍,ഡ്രൈവന്‍ വിളിച്ചു
“ചേട്ടോ..”
സാര്‍ എന്നാകാമാ‍യിരുന്നു എന്നോര്‍ത്ത് ലേശം പരുഷമായി ഞാന്‍ ‘ങും‘ എന്ന് ചോദ്യമായി
“അത്രയും തെറി പറഞ്ഞപ്പോള്‍ ചേട്ടനെന്ത് കിട്ടി?"
"ആ നാറി വന്ന് വണ്ടിയേലിടിച്ചാല്‍ നിങ്ങളും പറയില്ലേ നൂറ് തെറി?"
"ഇല്ല”
ഞാന്‍ ഞെട്ടി.
”അങ്ങേര്‍ ഇടിച്ചില്ലല്ലോ,അപ്പോപ്പിന്നെയെന്തിനാ തെറി?ഇനി,ഇടിച്ച് വീണാല്‍ത്തന്നെ തെറിപറഞിട്ടെന്ത് കാര്യം?പറ്റിപ്പോയില്ലേ?“ഈ തെറികൊണ്ടൊന്നും ഒരു കാര്യവുമില്ല”ഡ്രൈവന്‍ പറഞ്ഞുനിര്‍ത്തി
ഇങ്ങേരും ഒരു ഓട്ടോക്കാരനോ,ഞാന്‍ ശങ്കിച്ചു പിന്നെ ഇവ്വിധം ചോദിച്ചു
“ഹ് ഹ് ഹെന്താ ഇയാളുടെ പേര്?”
“രവീന്ദ്രന്‍”
ഇതും ബംഗാള്‍ കടുവയുടെ വകുപ്പിലാണല്ല്ലോ,റെഡ് ഡാറ്റ ബുക്കില്‍ പേര് വരാവുന്നത്!ഞാന്‍ ചുറ്റും നോക്കി,പിന്നെ ഇന്‍ ചെയ്ത ഷേര്‍ട്ട് പുറത്തേക്കിട്ട് അങ്ങേര്‍ക്കു തുല്യനാവാന്‍ ശ്രമിച്ച് തിരിഞ്ഞ്നോക്കാതെ നടന്നു

July 7, 2010

MSLPSഉം ഒരു മുട്ടന്‍ ചൂരലും

അച്ഛന്റെ വിരല്‍ത്തുമ്പുകളില്‍ മുറുകെപ്പിടിച്ചെങ്കിലും നന്നേ വിറളിപിടിച്ചായിരുന്നു MSLPSലേയ്ക്കുള്ള എന്റെ ആദ്യ കാല്‍ വയ്പ്പ്‌.പൂര്‍വസൂരികളുടെ സിഗ്നലായിരുന്നു കാരണം.മറ്റൊന്നുമല്ല MSLPSല്‍ ഉതുപ്പ്‌ സാറുണ്ട്‌!!!ചെന്നുകയറിയ ആദ്യദിനങ്ങളില്‍തന്നെ കണ്ടു,4Bയിലെ മത്തായി-പില്‍ക്കാലത്ത്‌ പോത്തന്‍ മത്തയി എന്നവന്‍ വിഖ്യാതനായി-,കണ്ണുകള്‍ തടാകങ്ങളാക്കിനില്‍ക്കുന്നു.പൊന്തിക്കിടക്കുന്നു,നിക്കറിന്റെ തൊട്ടുതാഴെ രണ്ടടിപ്പാടുകള്‍.ഈശ്വരാ!പ്രാണന്‍ കപ്പല്‍ കയറുകയായിരുന്നുമനുഷ്യരെ പടച്ചുവിട്ട തമ്പുരാന്‍ അവനെ കൊല്ലാന്‍ വീര്യമുള്ള മൂര്‍ഖന്‍ പാമ്പുകളേയും ഉണ്ടാക്കിവിട്ടതെന്തിനെന്ന ,കാലാതിവര്‍ത്തിയായ ചോദ്യം എന്നില്‍ മുഴങ്ങി.ഉതുപ്പ്‌സാര്‍ മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുന്നില്ല എന്നത്‌ മാത്രമായിരുന്നു എക ആശ്വാസം.എങ്കിലും,c.cവര്‍ഗീസ്‌ സാറിന്റെ(സീസ്സീവറീസ്സാര്‍ എന്നു കുട്ടികള്‍)ക്ലാസിലിരിക്കുമ്പോള്‍ കാണാം വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഉതുപ്പ്‌ സാറിനെ.ആ ശരീരവുമായി നന്നേ താദാത്മ്യപ്പെടുന്ന ഒരു മുട്ടന്‍ ചൂരലിനേയും.വരാന്‍ പോകുന്ന നാളുകളൊന്നില്‍,അതെന്റെ തുടയിലമര്‍ന്നേക്കാവുന്ന ഒരു ദുര്‍ദ്ദിനത്തെ ഞാന്‍ കണ്ണടച്ചാലുടന്‍ കാണാന്‍ തുടങ്ങി,അതോര്‍ത്ത്‌ വേവാനുംക്ലാസ്സിലെ പഠിപ്പിസ്റ്റുകളായി ബേസിലും ലീനയുമുണ്ടായിരുന്നു.അവര്‍തന്നെയായിരുന്നു ഇരു വിഭാഗങ്ങളിലേയും നേതാക്കന്മാര്‍ എന്നും പറയാം.ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയില്‍ "തൊങ്ക്‌" കളിക്കാനായിരുന്നു ഇവര്‍കൂടി ഉള്‍പ്പെട്ട ഞങ്ങള്‍ കുറേപേര്‍ക്ക്‌ താല്‍പര്യം.പൊക്കം കുറഞ്ഞ്‌ നല്ല മിടുക്കും വേഗതയും ഉള്ള ബേസിലിന്‌,അടയ്ക്കാക്കിളി എന്ന് പേരിട്ടത്‌ ,തട്ടേക്കാട്‌ നിന്നും വന്നിരുന്ന രാജനായിരുന്നു.നാട്‌ തട്ടേക്കാടായതിനാല്‍ അവന്‍,തോഴന്‌ ഒരു പക്ഷിയുടെ പേരിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറ്റത്താണ്‌ ഈ മേജര്‍ സെറ്റ്‌ തൊങ്ക്‌ കളി അരങ്ങേറിയിരുന്നത്‌.ഒന്നു മറന്നു,ഒരുവന്‍ ഒറ്റക്കാലില്‍ ചാടിച്ചാടി മറ്റുള്ളവരെ പിടിക്കാന്‍ ഓടിക്കുന്ന "game" ആണ്‌ തൊങ്ക്‌ കളി എന്ന് പുതുതലമുറയോട്‌ പറയേണ്ടത്‌ ഞാന്‍ വിട്ടു.ഒരു ദിവസം പതിവുപോലെ കളി ചൂടായി മുന്നേറുകയാണ്‌.ബെഞ്ചമിന്‍ എന്ന സഹപാഠിയാണ്‌ 'തൊങ്കന്‍".ബേസിലാണ്‌ അവന്റെ ടാര്‍ജെറ്റ്‌.അവര്‍ മുഖാമുഖം.ചാടിച്ചാടി നില്‍ക്കുന്ന ബെഞ്ചമിന്‍.ഭിത്തിയോട്‌ ചേര്‍ന്നുനിന്ന് അങ്ങോടുമിങ്ങോടും ആയുന്ന ബേസില്‍.ഇടത്തേയ്ക്ക്‌ വെട്ടിച്ച്‌ വലത്തോട്ടും തിരിച്ചും പോവുകയെന്നതാണല്ല്ലോ പ്രാഥമിക തത്വവും രീതിയും.ബേസില്‍ ഇടത്തോട്ട്‌ വെട്ടിച്ചു.ബെഞ്ചമിനോടാ കളി?!അവന്‍ വലത്തേയ്കൊറ്റ ചട്ടം.പക്ഷേ ഇടത്തേയ്ക്ക്‌ വെട്ടിയ്ക്കുക മാത്രമല്ല അങ്ങോടേയ്ക്ക്‌ തന്നെ മാറിക്കളയുകയും ചെയ്തിരുന്നു ബേസില്‍.മുഖമടച്ചായിരുന്നു ബെഞ്ചമിന്റെ വീഴ്ച്ച.വില്‍സന്‍ T.Pയുടെ വീട്‌ സ്കൂളിന്റെ അടുത്ത്‌ തന്നെയായിരുന്നു.ഇഷ്ടന്റെ വീട്ടിലെ ഒരു മുറി,ദൈവങ്ങളെക്കൊണ്ട്‌ നിറഞ്ഞിരുന്നു.ശിവകാശി സരസ്വതി എന്ന് യതി പറഞ്ഞതുപോലെ,കലണ്ടര്‍ ദൈവങ്ങള്‍.ഒരു തീര്‍ത്ഥാടനത്തിന്റെ വിശുദ്ധിയോടെ കുറേ കുട്ടിവിശ്വാസികള്‍ അങ്ങോടേയ്ക്ക്‌ യാത്രയായി.കൂടെ ഞാനും കൂടി.വഴിയില്‍ വച്ചുതന്നെ വില്‍സന്റെ താക്കീത്‌ വന്നു,ഇറച്ചിയോ മീനോ കഴിച്ചവരാരും മുറിയില്‍ പ്രവേശിക്കരുതെന്ന്‌.രാവിലെ ഉണക്കമീന്‍ കൂട്ടി ചോറുണ്ട ഞാന്‍ അങ്കലാപ്പിലായി.അവിടെ സത്യം പറഞ്ഞാല്‍ എനിക്ക്‌ നഷ്ടമാകുന്നത്‌ ദൈവദര്‍ശനമാണ്‌.അതുകൊണ്ട്‌ കഴിച്ചുവെന്നൊ ഇല്ലെന്നോ പറയാതെ ഞാന്‍ അകത്തുകയറി.വിളക്കുകള്‍ക്കും ചന്ദനത്തിരികള്‍ക്കും പുറകിലായി സുസ്മേരവദനരായ ദൈവങ്ങള്‍.കൂട്ടത്തില്‍ തലയോട്ടിമാലയണിഞ്ഞ്‌ ചോരയിറ്റുവീഴുന്ന ദാരികത്തലയുമായി ഭദ്രകാളിയും.ദര്‍ശനം കിട്ടിയെങ്കിലും പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു.ചാണകത്തില്‍ ചവിട്ടിയത്‌,വിരല്‍ തട്ടി മുറിഞ്ഞത്‌...ഒക്കേയും,അസസ്യഭുക്കായി ദൈവത്തെ തീണ്ടിയത്‌ കൊണ്ടാണെന്നൊരു തോന്നല്‍.ഉതുപ്പ്‌ സാറിന്റെ സാക്ഷാല്‍ വജ്രായുധമായി ഇനിയും ദൈവകോപം എത്തിപ്പെട്ടേക്കുമോ എന്ന തോന്നലില്‍ മുട്ടയുടച്ചതുപോലെ ഞാന്‍ ഉടഞ്ഞുപോയിസ്കൂളിന്റെ എതിര്‍വശത്ത്‌ മഞ്ഞയിലെ വിട്ടിലേയ്കുള്ള വഴിയുടെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കോട്ടയ്ക്കലെ ആശാന്റെ കട പലതരം വര്‍ണ്ണപേപ്പറുകളില്‍ പൊതിഞ്ഞ മിഠായികള്‍ കൊണ്ട്‌ എന്നും പ്രലോഭിപ്പിച്ചിരുന്നു.വല്ലപ്പൊഴും കിട്ടുന്ന 25 പൈസയ്ക്ക്‌ അന്ന് 5 "ചൗ" മിഠായികള്‍ കിട്ടും.ചൗ മിഠായി ഒരു വേദാന്തിയാണ്‌.ഉപനിഷത്തിലെ ശാന്തിമന്ത്രമാണവന്‌ ചേരുക.പൂര്‍ണ്ണത്തില്‍ നിന്നെത്ര മാറ്റിയാലും അത്‌ പൂര്‍ണ്ണമായിരിക്കും.നൂറ്റാണ്ടുകള്‍ ചവച്ചുകൊണ്ടേയിരിക്കാം!!!മിഠായി വാങ്ങാനുള്ള പണം ഒരു സ്വപ്നമായിത്തീര്‍ന്നപ്പോള്‍ ഞങ്ങള്‍ മറ്റൊരു വിദ്യ കണ്ടുപിടിച്ചു.ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവും പിതാവും പരിശുദ്ധാത്മാവും!മഴമരത്തിന്റെ കായ പൊളിച്ചെടുത്ത്‌ ഉള്ളിലെ ബ്രൗണ്‍ നിറത്തിലുള്ള ഭാഗം എടുത്ത്‌ തിന്നുക.ഒരിക്കല്‍ ഇവ്വിധം ഒരു ജനകീയ ബദല്‍ കണ്ടു പിടിച്ചെന്ന കുറ്റത്താല്‍ 4B യിലെ ബിനു KK യ്ക്ക്‌ പുറത്തുപോയി പല്ല് തേച്ചിട്ട്‌ വരേണ്ടിവന്നു.ലോകത്തെ മുഴുവന്‍ കണ്ടുപിടുത്തങ്ങളെയും അധികാരി വര്‍ഗം ഒരിക്കല്‍ ശാസിച്ചിട്ടുണ്ടെന്നത്‌ അവന്‌ ആശ്വാസമായേക്കാം.മൂപ്പര്‍ കണ്ടെത്തിയത്‌ മറ്റൊന്നുമല്ല കത്തുന്ന സൂര്യന്‌ കിഴെ റോഡില്‍ തിളയ്ക്കുന്ന ടാര്‍ ഉരുട്ടിയെടുത്ത്‌ മിഠായി രൂപത്തിലാക്കി ചവയ്ക്കുക എന്നുള്ളതാണ്‌.ഇതില്‍പ്പരമെന്ത്‌ ബദല്‍ ചൗ വിന്‌?!സാഹിത്യസമാജമെന്നൊ മറ്റോ പേരിട്ടിരുന്ന ഒരു പീരിയഡുണ്ടായിരുന്നു.വ്യാഴാഴ്ച്ചദിനങ്ങളില്‍ കൊച്ചുകലാപ്രകടനങ്ങള്‍ക്കൊരു വേദി.ക്ലാസ്സിലെ ആസ്ഥാന ഗായകനായിരുന്നു സജി VT. തുഷാരം എന്ന സിനിമയിലെ ഒരു ഹിറ്റ്‌ ഗാനം ആലപിക്കുകയാണ്‌ ടിയാന്‍.യഥാവിധി ഗാംഭീര്യത്തോടെ....ഇങ്ങിനെ:......നെഞ്ചില്‍ത്താ കുളിരലമാര...!!!!എവിടേയോ ഒരു കല്ല്‌ കടിച്ചുവെന്നല്ലാതെ ഞങ്ങളുടെ ശെമ്മാങ്കുടി ഒരു അലമാര പണിയാന്‍ മാത്രം തച്ചനായത്‌ അപ്പൊഴൊന്നും ബഹു ഭൂരിപക്ഷത്തിനും മനസ്സിലായിരുന്നില്ലമൃഷ്ഠാന്നമായ ഉപ്പുമാവ്‌ രുചികരമായിരുന്നു.സുലോചനന്‍ ചേട്ടനാണ്‌ നളന്‍.അദ്ദേഹമാകട്ടെ സഹപാഠി സന്തോഷിന്റെ ചേട്ടനും.നെല്ലാട്ട്‌ കുടിക്കാരുടെ പറമ്പില്‍നിന്നാണ്‌ പാചകത്തിന്‌` വെള്ളം എത്തിയ്ക്കുന്നത്‌.ബക്കറ്റുകളിലാക്കി തൂക്കിപ്പിടിച്ചാണ്‌ കുചേലന്‍(അതുമൊരു വട്ടപ്പേര്‌) അതു കൊണ്ടുവരാറ്‌,രാവിലെ മിക്കവാറും ഒരു പീരിയഡ്‌ കഴിഞ്ഞ്‌ ബെഞ്ചമിനും ഞാനും വെള്ളമെത്തിയ്ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ അണ്ണാരക്കണ്ണന്മാരാകും.ഈ നന്ദിയും സന്തോഷിനോടുള്ള സഹോദരസ്നേഹത്തിന്റെ ഒരു എക്സ്റ്റന്‍ഷനുംകൂടി അദ്ദേഹത്തിന്‌ ഞങ്ങളൊടുണ്ടെന്ന്‌ ഉച്ചത്തെ ഉപ്പുമാവു പറഞ്ഞു തരും.മേല്‍പ്പറഞ്ഞ വികാരങ്ങള്‍ അതില്‍ ശര്‍ക്കരക്കഷണങ്ങളായി അവതരിച്ചിട്ടുണ്ടാകുംനെല്ലാട്ട്‌ കുടിക്കാരുടെ വീട്ടില്‍ വേറേയും ആവശ്യങ്ങള്‍ക്കു പോകാറുണ്ട്‌.അവര്‍ക്ക്‌ കൊപ്രവ്യാപാരമായിരുന്നു.ചില തേങ്ങകള്‍ ഉടയ്ക്കുമ്പോള്‍ അതിന്റെയുള്ളില്‍ "പൊങ്ങ്‌" ഉണ്ടാകാറുണ്ട്‌.വെള്ളം വറ്റിക്കിടക്കുന്ന തേങ്ങയുടെ അനന്തരാവകാശി മുളപൊട്ടുന്നതാണ്‌ അത്‌.അത്‌ പൊട്ടിച്ചു തിന്നാന്‍ ഒരു പ്രത്യേക രുചിയാണ്‌.അത്‌ ആഹരിക്കുക എന്നത്‌ ഞങ്ങലുടെ extra curricular activities ന്റെ ഒരു ഭാഗമായിരുന്നു.തട്ടേക്കാട്‌ നിന്നും രാജന്‍ എത്തിയ്ക്കുന്ന കാട്ടുനെല്ലിയ്ക്കകള്‍ തിന്ന് നാക്കും പല്ലുമൊക്കെ ചവര്‍ക്കുമ്പോള്‍ കിണര്‍വെള്ളം കോരിക്കുടിയ്ക്കാനായിരുന്നു പിന്നെയൊരു പോക്ക്‌.കവി പാടിയതു പോലെ എന്തുമധുരമെന്നോതുവാന്‍ തന്നെ.മരിച്ചാലും മറക്കുമോ ആ സ്വാദ്‌?മൃഗയാ വിനോദങ്ങളില്‍ മുഖ്യം,ഉച്ചയൂണ്‌ കഴിഞ്ഞുള്ള സ്റ്റണ്ട്‌ രംഗം തന്നെ.ജോസ്‌ VD,കൃഷ്ണകുമാര്‍,സന്തോഷ്‌,ജോളി വര്‍ഗീസ്‌,ഷിബു AA ഇങ്ങിനെ നീണ്ട നിര തന്നെയുണ്ട്‌ ഫയല്‍ വാന്മാരായി.ആരോഗ്യത്തിന്റെ(മൂച്ച്‌ എന്നാണ്‌ പറയുക)അളവ്‌ തോത്‌ മഞ്ജു ആയിരുന്നു.AD,BC എന്നിങ്ങനെ കാലത്തെ ഗണിയ്കും പോലെ മഞ്ജുവുമായി മല്ലിട്ട്‌ വീഴാതെ നില്‍ക്കുന്ന സമയ ദൈര്‍ഘ്യത്തെ വച്ചാണ്‌ മൂച്ചളന്നിരുന്നത്‌.അന്നേ അവന്‍ ഒരു ധിക്കൃതശക്രപരാക്രമനാകിന ഉദ്ധണ്ഠനായിരുന്നു(പ്രയോഗത്തിനു കട:കൃഷ്ണന്‍ നായര്‍) ഒരു 40 കിലോയോളം അന്നേ അവന്‌ തൂക്കമുണ്ടാകും.ഈയുള്ളവനാകട്ടെ മഞ്ജുവിന്റെ അഴകളവുകളെ മാറി നിന്ന് ആരാധിച്ചുപോന്നു.ഭയമുള്ളവയെ ആരാധിക്കുക എന്നതാണല്ലോഒരുപാട്‌ പേടിപ്പിച്ചിട്ടുണ്ടെങ്കിലും ഉതുപ്പ്‌ സാര്‍ തല്ലിയില്ല ആ രണ്ടു വര്‍ഷവും,അദ്ധേഹത്തിന്റെ വിഷയമായ കണക്കില്‍ ഞാന്‍ വ്യാഘ്രമായതു കൊണ്ടാവില്ല .ആ ചൂരലിന്‌ എന്റെ തുടയേക്കാള്‍ വലിപ്പമുള്ളതു കൊണ്ടാവാം..പക്ഷേ ഇന്നും സാറിനെ കാണുമ്പോള്‍ ആ വടിത്തുമ്പ്‌ എന്നെ പഴയ പേടിച്ച കുട്ടിയാക്കുന്നു.ഓര്‍ക്കുട്ടില്‍ ഏറെ തെരഞ്ഞെങ്കിലും mslps ലെ ആരേയും കിട്ടിയില്ല .ഓര്‍മ്മയുടെ കൂട്ടില്‍ എല്ലാവരും ഭദ്രമാണല്ലോ,ഒരു കടലുമെടുക്കാതെ.പലരേയും ഇന്നും കാണുന്നു.അധ്യാപകരില്‍ ഐസ്സക്‌ സാറിനേയും ഉതുപ്പ്‌ സാറിനേയും.ഒരുവന്‍ തോളത്ത്‌ തട്ടുന്ന സൗഹൃദമെങ്കില്‍ അപരനോടടുക്കുവാന്‍ ഒരു പരിധിവിട്ട്‌ ആ നശിച്ച ചൂരല്‍ സമ്മതിക്കുന്നുമില്ല