August 27, 2009

എന്റെ വടക്കന്‍ സൗഹൃദങ്ങള്‍ക്ക്‌ ഖേദപൂര്‍വം

പൂരപ്രേമികളായ എന്റെ സുഹൃത്തുക്കളേ
അല്‍ത്തൂസറെ വായിച്ചിട്ടുള്ളവരെ
കെട്ടാനൊരുങ്ങല്ലേ
മൂപ്പര്‌ പറഞ്ഞുപോലും
ലൈംഗികത കുറഞ്ഞ സമൂഹമേ
ആഘോഷങ്ങളില്‍ അഭിരമിക്കുകയത്രേ

August 21, 2009

എന്നിലേ കന്യകാത്വത്തെ........

ഈ ഉസ്സെയിന്‍ ബോള്‍ട്ട്‌ നൂറ്‌ മിറ്റര്‍ ഓടുന്നതിനിടയില്‍ വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ?
അന്ന് ആ ആമ എത്ര കാഴ്ചകള്‍ കണ്ടിട്ടുണ്ടാകും?
ഈ കാഴ്ചകളല്ല ആ finishing point ലാണ്‌ കാര്യം.അങ്ങനെതന്നെയാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌.
അധ്യാപകന്‍ പറയുകയാണ്‌,ഇതാ ഇവിടം മുതല്‍ നിങ്ങള്‍ ഒരു മത്സര ഓട്ടം തുടങ്ങുകയാണ്‌.ആദ്യം മുന്നിലെത്താന്‍ ആര്‍ജ്ജിക്കേണ്ട വേഗതയെക്കുറിച്ച്‌മാത്രം ഓര്‍ത്താല്‍ മതി,കൂടെയുള്ളവരെല്ലാം എതിരാളികള്‍ തന്നെ.( പില്‍ക്കാലത്ത്‌ ചോരയില്‍ ആല്‍ക്കഹോള്‍ നിറഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ ഹോസ്റ്റലിന്റെ അടഞ്ഞ മുറിയില്‍ ബോധം നഷ്ടപ്പെട്ട്‌ കിടന്നപ്പോള്‍ തൂക്കിയെടുത്ത്‌ കൊണ്ടുപോയ ചങ്ങാതിമാരാണ്‌ എതിരാളികള്‍!!!!)ചുറ്റും നോക്കുമ്പോള്‍ വെടിയൊച്ചകേള്‍ക്കാന്‍ നില്‍ക്കുന്ന അത്‌ലറ്റുകളുടെ ഉദ്വേഗം എല്ലാവരിലും.ചുരമാന്തിനില്‍ക്കുന്ന കാളക്കുട്ടന്മാര്‍.
നീണ്ട താടിയുഴിഞ്ഞ്‌ ഒന്നാം നമ്പര്‍ മുറിപങ്കിട്ടവന്‍ മാത്രം നിസ്സംഗനായി....
ചോദ്യമുയര്‍ന്നു " എന്താണ്‌ മിസ്റ്റര്‍ താങ്കള്‍ മാത്രം..?""സര്‍,ഒരു മത്സര ഓട്ടത്തിനെനിക്ക്‌ താല്‍പര്യമില്ല.എനിക്കു പതുക്കെ പോകണം.ചുറ്റുപാടുകള്‍ കണ്ട്‌,മണ്ണിന്റെ മണമറിഞ്ഞ്‌ ചെടിത്തലപ്പ്പുകള്‍ നുള്ളിയങ്ങനെ.........
തലമുറകള്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന,ഈച്ചരവാര്യരേപ്പോലെ നരച്ച പുരികങ്ങള്‍ തെല്ലൊന്നു കുറുകി(പിന്നീട്‌ ഉരുണ്ടാണോ എന്നറിയില്ല ആ ആമ ഒരുപാട്‌ മുയലുകളെ പിന്നിലാക്കിയെന്നത്‌ ചരിത്രം ഒരു വിഡ്ഢിച്ചിരി ചിരിച്ചു എന്ന് കരുതിയാല്‍ മതിയാകും)പറഞ്ഞുവന്നത്‌ മത്സരങ്ങളേക്കുറിച്ചാണ്‌.നിത്യചൈതന്യയതിയുടെ കുറിപ്പില്‍ ഒരിടത്ത്‌:മദമാത്സര്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത്‌ അല്‍പമെങ്കിലും മനുഷ്യത്വം നിറയുന്നത്‌ പാഠ്യവിഷയങ്ങളില്‍ കുറച്ചെങ്കിലും കവിതയുടെ മാനവികത ഉള്ളതുകൊണ്ടാണ്‌ എന്നു വിശ്വസിക്കുന്നവനാണ്‌ ഞാന്‍.കഴിഞ്ഞയാഴ്ച്ച രണ്ട്‌ ദമ്പതിമാര്‍ അവരുടെ മകനേയും കൊണ്ട്‌ ആശ്രമത്തില്‍ വന്നു.സ്വാമീ,ഇവന്‍ നന്നായി കവിത ചൊല്ലും.ആകട്ടെ മകനേ ഒരെണ്ണം ചൊല്ലൂ അപ്പൂപ്പനായ്‌....മനോഹരമായ ആ മുഖം വലിഞ്ഞു മുറുകി,അവന്‍ നീട്ടിപ്പാടാന്‍ തുടങ്ങി"മൃതിവരം തന്ന ജന്മമേ നിന്നൊടീമലിനദേഹം ഇരന്നതേയില്ല ഞാന്‍"ജീവിതത്തേപ്പറ്റി ഏറ്റവും നിറപ്പകിട്ടാര്‍ന്ന് ചിന്തിക്കേണ്ട പ്രായത്തില്‍ അവന്‍ തന്റെ മൃതിയേപ്പറ്റി,മലിനമായ ദേഹത്തേപ്പറ്റി പറയുന്നു.
ഇനി സീപ്പീ പള്ളിപ്പുറത്തിന്റെ ഒരനുഭവം കൂടി.സംസ്ഥാനതല സ്കൂള്‍ യുവജനോല്‍സവവേദി.പദ്യപാരായണ മല്‍സരം നടക്കുന്നു.ഒരു എട്ടാം ക്ലാസുകാരിയുടെ മധുരസ്വരം ഇങ്ങിനെ....
"എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ............"
ഒപ്പം വിരലും ചൂണ്ടുന്നുണ്ട്‌.അതാണെങ്കിലോ നടുവിലിരിക്കുന്ന സീപ്പിയുടെ നേരെ.
എണീറ്റോടാന്‍ വയ്യല്ലോ?
ഇനി,വിവിധ ആനുകാലികങ്ങളില്‍ വരുന്ന നമ്മുടെ കുട്ടികളുടെ കവിതകള്‍ വായിക്കുക
ഇവര്‍ക്കെന്തുപറ്റി?
നമ്മളല്ലാതെ ആരാണ്‌ കുറ്റക്കാര്‍?

August 10, 2009

പതിയാത്ത മുദ്രകള്‍

ഒരിക്കല്‍ ഒരു സന്യാസി തന്റെ കമണ്ഡലു നദിക്കരയില്‍ വച്ച്‌ ധ്യാനത്തിനായ്‌ ഇരുന്നു.നദിയില്‍ ക്രമേണ വെള്ളം ഉയര്‍ന്നു.അത്‌ കമണ്ഡലുവിനെ ഒഴുക്കിക്കൊണ്ടുപോയി.അതേ നദിയില്‍ത്തന്നെ ഒരു വനദേവത നീരാടാന്‍ എത്തി.അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മനോഹരമായ ഒരു പളുങ്ക്‌ പാത്രം വെള്ളത്തില്‍ വീണൊഴുകിപ്പോയി.കമണ്ഡലുവിന്റെ തടസ്സമേതുമില്ലാത്ത യാത്രയെ പളുങ്കുപാത്രം മുടക്കി.തന്റെ യാത്രയില്‍ മനോഹരമായ പളുങ്കുപാത്രം കൂടി കൂട്ടാകുമല്ലോ എന്ന ആഹ്ലാദം കമണ്ഡലു മറച്ചുവച്ചില്ല.പ്രേമോദാരനായി കമണ്ഡലു,പാത്രത്തെ സമീപിച്ചു."അരുത്‌,അങ്ങ്‌ എന്നും ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവനാണ്‌.ഞാനോ,എപ്പോള്‍ വേണമെങ്കിലും തകരാനും.കൂട്ടിമുട്ടാതെയിരുന്നാല്‍ മാത്രമേ നമുക്കൊന്നിച്ച്‌ കുറച്ചിടയെങ്കിലും യാത്രചെയ്യാന്‍ കഴിയൂ"വിവേകപൂര്‍വ്വമുള്ള ഈ മറുപടി കമണ്ഡലുവിനെ ചിന്തിപ്പിച്ചു-'ഒരു ഘട്ടം കഴിഞ്ഞാല്‍ ഒഴുക്ക്‌ ഒരു വഴിക്കോ രണ്ട്‌ വഴിക്കോ ഞങ്ങളെ കൊണ്ടുപോയേക്കാം.എനാല്‍ തകര്‍ച്ചയില്ലാത്ത മൈത്രി നിത്യമായതുകൊണ്ട്‌ എത്ര അകലത്തിരുന്നാലും ഹൃദയങ്ങളില്‍ പ്രകാശിക്കുന്ന സ്നേഹം ഞങ്ങളെ പരസ്പരം തൊടും'സന്യാസിയും വനദേവതയും അവിടെയെത്തി അവരവരുടെ പാത്രങ്ങളുമായി രണ്ടുവഴികളില്‍ തിരിഞ്ഞുപോയി.എന്നാല്‍ കമണ്ഡലുവിന്റെ ഹൃദയത്തില്‍ ഒരു പളുങ്കുപാത്രത്തിന്റേയും പളുങ്കുപാത്രത്തിന്റെ ഹൃദയത്തില്‍ ഒരു കമണ്ഡലുവിന്റേയും മുദ്ര പതിഞ്ഞിരിക്കുന്നത്‌ അവര്‍ അറിഞ്ഞതേയില്ല